വാടാത്ത പൂക്കളുടെ പ്രേമസൗരഭ്യം

Web Desk
Posted on May 26, 2019, 7:30 am

പൂവറ്റൂര്‍ ബാഹുലേയന്‍

ഒരു നല്ല നോവല്‍ വായിച്ചതിന്റെ സംതൃപ്തി മനസ്സിന് വല്ലാത്ത സുഖാനുഭവം പകരുന്നു. ഇരുമെയ്യെങ്കിലും നമ്മളൊന്ന് എന്നൊക്കെ സാധാരണ പറയുമെങ്കിലും ജീവിതമെന്ന പാനപാത്രം പലപ്പോഴും നല്‍കുന്നത് കയ്പുനീരാണ്. രശ്മി സജയന്റ ‘മയന്‍’ എന്ന നോവലിലെ വര്‍ണ്ണശില്ലങ്ങള്‍ വിരിയിക്കുന്നത് തങ്ങളുടേതല്ലാത്ത കുറ്റങ്ങളുടെ നേരനുഭവങ്ങളെയാണ് .
അകന്നു നില്ക്കുമ്പോള്‍ അടുക്കുവാനുള്ള മോഹ സ്വപ്‌നങ്ങളുടെ വര്‍ണ്ണക്കൂട്ടുകളല്ല അടുക്കുമ്പോള്‍ അനുഭവിച്ചറിയുന്നത്, എന്നാലിവിടെ ‘ലിംവിംഗ് ടുഗദര്‍’ ഒന്നുമല്ല എന്നു പറയുമ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ഒരിക്കലും ലംഘിക്കാതെ ഒരു നല്ല കാലം ഒന്നിച്ചു കഴിഞ്ഞതില്‍ ഒരു സങ്കീര്‍ണ്ണതയും പൊട്ടി മുളയ്ക്കുന്നില്ല. അടുത്തടുത്തുള്ളവര്‍ ആരോരുമറിയാതെ പരസ്പരം അടുത്ത് അങ്ങകലെ ഒരു മുറിയില്‍ ഒന്നിച്ചു കഴിയുമ്പോള്‍ അവരെ പരസ്പരം അടര്‍ത്തുവാനെത്തുന്നതും അടുത്തുള്ളവന്‍. മറ്റൊന്നിനുമല്ല വീണയെന്ന നായികയെ മയന്‍ എന്ന നായകനില്‍ നിന്നും അടര്‍ത്തി വില്ലനായ പ്രിയന്റെ ജീവിതത്തിലെ തുടിക്കുന്ന നാദമാക്കാന്‍, താന്‍ മോഹിക്കുന്ന പെണ്ണിനോടു പോലും ഒരിക്കലും തന്റെ ആഗ്രഹം വെളിപ്പെടുത്താത്ത പ്രിയന്‍ എല്ലാമറിഞ്ഞിട്ടും വീണയില്‍ നിന്നും മാറ്റി നിര്‍ത്തി മയനോട് മാത്രം അതു പറയുമ്പോള്‍ തന്നെ പ്രാണപ്രേയസിയെ വിട്ടൊഴിഞ്ഞു പോകുന്ന നായകനോട് നീതി പുലര്‍ത്താന്‍ ആര്‍ക്കു കഴിയും?
പരസ്പരം അറിയാന്‍ ഒരുമിച്ചു കഴിഞ്ഞ മയനും വീണയും തമ്മില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നില്ല. ഒത്തിണക്കത്തോടെ ജീവിച്ച അവരുടെ ഇടയില്‍ വില്ലനായത് പ്രിയന്റെ റോളാണ്. അതു വരെ മദ്യപിച്ചു കണ്ടിട്ടില്ലാത്ത മയന്‍, വീണ ഉറക്കമുണരും മുന്നേ അപ്രത്യക്ഷനായത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വീണയ്ക്കു മനസ്സിലാവുന്നില്ല. ഒന്നു മാത്രമറിയാം പ്രിയന്റെ വാക്കുകളെന്തോ ആണ് കാരണം. പക്ഷേ അതെന്താണെന്നു വായനക്കാരെ ബോധ്യപ്പെടുത്തിയിട്ടും കഥാനായികയെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന രചനാപാടവമാണ് രശ്മി സജയന്‍ ചെയ്തിരിക്കുന്നത്. ഇതുതീര്‍ച്ചയായും വീണ എന്ന കഥാനായികരുടെ മാനസിക തലങ്ങളിലേക്ക് ആകാംക്ഷയോടെ നോക്കാന്‍ വായനക്കാരെ വല്ലാതെ പ്രേരിപ്പിക്കുന്നു.
വേര്‍പെട്ട മയനും വീണയും പരസ്പരം അറിയാതെ സ്വന്തം വീടുകളിലെത്തിപ്പെട്ടു. ഇവരുടെ മാനസിക സംഘര്‍ഷങ്ങളിലൂടെ വായനക്കാരെ കൊണ്ടു പോകുന്നതിനിടെ വര്‍ത്തമാനകാലത്തിന്റെ ഒരു നേര്‍ചിത്രം കഥാകാരി സമര്‍ത്ഥമായി മയന്റെ ജീവിതദുരിതത്തിലേക്ക് എടുത്തിടുന്നു. ലൈംഗിക പീഡന ആരോപണ വിധേയനായി ലോക്കപ്പില്‍ അടയ്ക്കപ്പെട്ട മയന്റെ നിഷ്‌ക്കളങ്കമായ മാതൃദാഹത്തെ കാമദാഹമായി കണ്ട സമൂഹത്തിന്റെ മാനസികാവസ്ഥ കൃത്യമായി ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്വന്തം അമ്മയില്‍ നിന്ന് വാത്സല്യവും മാതൃത്വവുമെന്തെന്നറിയാന്‍ കഴിയാത്ത മയന് അതൊക്കെ നല്കിയത് സമൂഹം അടിച്ചു തളിക്കാരിയെന്നു മുദ്രകുത്തിയ പീഡന കഥയിലെ നായികയായ മീനാക്ഷിയമ്മ എന്ന അറുപതുകാരിയാണ്. തന്നിലഗ്‌നിയായി ഉറങ്ങിക്കിടന്നിരുന്ന മാതൃത്വദാഹം മീനാക്ഷിയമ്മയോട് തുറന്നു പറയുന്ന മയനെ ഇപ്പോള്‍ പ്രസവിച്ച കുഞ്ഞിനെപ്പോലെ മടിയില്‍ കിടത്തി നിര്‍വൃതിയടയുമ്പോള്‍, എവിടേയും കാമക്കാഴ്ചകള്‍ മാത്രം കാണുന്ന സമൂഹത്തിന്റെ ക്യാമറക്കണ്ണുകള്‍ ഈ ദൃശ്യം ഒപ്പിയെടുക്കുകയായിരുന്നു. ‘മയന്‍ കണ്ണുകളടച്ച് തന്റെ അമ്മയുടെ സ്തന്യം പാനം ചെയ്യുമ്പോള്‍ വീടിനു പുറത്തെ കാഴ്ചകളോ,മറ്റുള്ളവരോ ഒന്നും ആ നേരം അമ്മയുടേയും മകന്റേയും മുന്നിലില്ലായിരുന്നു. മാതൃത്വത്തിന്റെ അവാച്യമായ നിര്‍വൃതിയില്‍ മീനാക്ഷിയമ്മ തന്റെ പൊന്നുണ്ണിയുടെ വിശപ്പകറ്റുകയായിരുന്നു. പക്ഷേ ഇതിനകം തന്നെ ഈ ദ്യശ്യം പല കാമനയനങ്ങള്‍ക്കും ചാറ്റു ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു.
സഹായം വേണ്ടുന്ന പാവപ്പെട്ടവനു വേണ്ടി ചെലവഴിക്കാന്‍ സമയമില്ലെങ്കിലും സദാചാര വിരുദ്ധതയുടെ പേരില്‍ ആരുടേയും മനം കെടുത്തി ലോക്കപ്പിലിടാന്‍ മിക്കപ്പോഴും പോലീസിനു വല്ലാത്ത ഉത്സാഹമായിരിക്കും. പീഡനാരോപണത്തിന്റെ പേരില്‍ ഇവിടെ മയനു മുന്നില്‍ എത്തിയ പോലീസുകാരന്‍ അവന്റെ തൊഴിലിനേയും പരിഹസിക്കുന്നു.
‘ഇത് വടക്കേപ്പാട്ടില്ലമാണോ; അതോ ഏതേലും ആശാരിക്കുടിയാണോ? നീയെന്താ ആശാരിയാണോ? സാധാരണ നമ്പൂതിരിമാരൊക്കെ അമ്പലത്തിലെ ശാന്തിപ്പണിയല്ലെ ചെയ്യുന്നത്. അപ്പൊ നീ ആശാരിയാണോ? നമ്പൂതിരിയാണോ?’
”നിന്നെ കൂട്ടിക്കൊണ്ടുപോകാനാ ഞങ്ങള്‍ വന്നത്, നാളത്തെ വര്‍ത്തമാനപത്രങ്ങളില്‍ സദാചാര വിരുദ്ധമായ നിന്റെ ആശാരിപ്പണി വാര്‍ത്തയാവുന്നുണ്ട്, നിന്റെ കൂടെ ഇവിടെ താമസിക്കുന്നവളെ കൂടി വിളിക്കൂ, ആമുതലിനെക്കൂടി ഞങ്ങളൊന്നു നേരിട്ടു കാണട്ടെ”
‘വിളിക്കെടാ അവളെ’ എന്ന് അലറുക കൂടിയാവുമ്പോള്‍ ചില സമൂഹ കാഴ്ചകളുടെ നാറുന്ന പ്രതിഫലനങ്ങളെ വായനക്കാരുടെ മുന്നിലെത്തിക്കുകയാണ് നോവലിസ്റ്റ്.
പ്രിയന്റെ വാക്കുകള്‍ കേട്ട് വീണയെ ഉപേക്ഷിച്ചതിന് ദൈവം തന്ന ശിക്ഷയായിട്ടാണ് മയന്‍ തന്റെ ഈ ദുരവസ്ഥയെ കണ്ടത്. ലോക്കപ്പിനുള്ളിലെ മയന്റെ മാനസികനില അത്യന്തം സംഘര്‍ഷ പൂരിതമാണ്. എല്ലാവരാലും അവമതിക്കപ്പെട്ട് ആരുടേയും പിന്തുണയും സഹായവുമില്ലാതെ അഴികള്‍ക്കുള്ളില്‍ കഴിയുന്ന മയന്റെ മുന്നിലിരുട്ട് മാത്രമാണ്. എന്നാല്‍ അവിടെ നന്മയുടെ വിളക്കു വെട്ടമായി ഒരാള്‍ കടന്നെത്തുന്നു. അത് മറ്റാരുമല്ല, വീണയാണ്. നിഷ്‌കളങ്കവും എന്നാല്‍ പ്രസന്നവുമായ സ്ത്രീത്വത്തിന്റെ അനാവരണമാണ് ഇവിടെ നമ്മുക്കു കാണാന്‍ കഴിഞ്ഞത്. എല്ലാ പ്രതിസന്ധികളേയും തട്ടിമാറ്റി ജീവിതമെന്ന യാനത്തിന്റെ പ്രയാണ ഗതിയെ ഇവിടെ നയിക്കുന്നത് സ്ത്രീത്വത്തിന്റെ ഉറച്ച കാലടികളാണ്.
എന്തായിരിക്കാം പ്രിയന്‍ മയനോട് പറഞ്ഞിട്ടുള്ളതെന്ന് ആയിരമാവര്‍ത്തിയെങ്കിലും വീണ ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഒരു നിഗമനത്തിലെത്താനായിട്ടില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലാത്ത തന്നെ ഉപേക്ഷിച്ചു പോയതിന്റെ കാരണങ്ങള്‍ എന്തായിരിക്കാം? ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങള്‍ വീണയുടെ മനസ്സിനെ കീഴടക്കിയപ്പോഴും മയനെ പീഡന വീരനായി കണ്ട ലോകത്തിന്റെ കാമ ക്കണ്ണുകളില്‍ വീണ വിശ്വസിച്ചില്ല. സ്ത്രീത്വം ആഡ്യത്വമുള്ളതാണെന്നു കൂടി ഇവിടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു .
മയന്‍ പോലീസ് ലോക്കപ്പിലാണെന്നു മനസ്സിലാക്കിയ വീണ അച്ഛന്റെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും അതിനു കാത്തു നില്ക്കാതെ ഒറ്റയ്ക്ക് പോലീസ് സ്റ്റേഷനിലേക്കു കുതിച്ചു. ആരുടേയും സഹായമില്ലാതെ ജീവിതത്തിലാദ്യമായി പോലീസ് സ്റ്റേഷനിലെത്തിയ വീണയ്ക്ക് അപ്രതീക്ഷിതമായി ഒരു വനിതാ പോലീസിന്റെ സഹായം കിട്ടി. നമ്പൂതിരി ചെക്കനും അടിച്ചുതളിക്കാരിയും തമ്മില്‍ അവിഹിത ബന്ധം എന്ന തലക്കെട്ടില്‍ പത്രത്താളുകളില്‍ ഇടം പിടിച്ച മയനേയും മീനാക്ഷിയമ്മയേയും ജാമ്യത്തിലിറക്കാനാണ് വീണ വന്നതെന്നറിഞ്ഞപ്പോള്‍ വനിതാ പോലീസുകാരിക്ക് അതിശയം തോന്നിയെങ്കിലും വീണയുടെ മറുപടി കേട്ടപ്പോള്‍ അമ്പരന്നു പോയി
‘ആ കിടക്കുന്ന നമ്പൂതിരി ചെക്ക നാണ് എന്നെ വിവാഹം കഴിക്കാന്‍ പോകുന്നത്. മനസ്സുകൊണ്ട് അദ്ദേഹത്തിന്റെ പെറ്റമ്മയാണ് നിങ്ങള്‍ അടിച്ചുതളിക്കാരി എന്നു വിശേഷിപ്പിച്ച ആ സ്ത്രീ. ഒരമ്മ മകന് മുലയൂട്ടുന്നത് അത്ര തെറ്റാണോ? അമ്മയുടെ മാറ് ഒരിക്കലുമൊരു സെക്ഷ്വല്‍ ഓര്‍ഗനല്ല. ജീവിതത്തിലാദ്യമായാണ് അവരുടെ മുലക്കെട്ടുകള്‍ ഒരു കുഞ്ഞിന്റെ വായിലേക്കു വച്ചത്, അതവര്‍ പ്രസവിക്കാത്ത അവരുടെ മകന്റെ ആവശ്യമായിരിക്കണം, ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ അതു വച്ച് എന്തു വൃത്തികേടും കാണിക്കുന്നവരോട് സഹതാപമല്ലാതെ മറ്റൊന്നും തോന്നുന്നില്ല, മയനെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കും അറിയില്ല, ഇന്നവനെ ഇവിടെ നിന്നിറക്കാന്‍ ഞാന്‍ തന്നെ നേരിട്ടു വരണമെങ്കില്‍ എനിക്കത്രയും വിശ്വാസം അവനോടുണ്ടെന്നു കൂട്ടിക്കോ. പിന്നെ മയനും മീനാക്ഷിയമ്മയ്ക്കും കാമപൂര്‍ത്തീകരണമായിരുന്നു ലക്ഷ്യമെങ്കില്‍ അതിനു വേണ്ടി ഉമ്മറത്തിണ്ണ തെരഞ്ഞെടുക്കാതെ വടക്കേപ്പാട്ടില്ലത്തെ ഏതേലും മുറികളിലൊന്നു പോരായിരുന്നോ?’ ഒറ്റ ശ്വാസത്തിലിത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞ വീണയുടെ വാക്കുകള്‍ മയനിലെ വിശ്വാസവും അവളുടെ തന്നെ വ്യക്തിത്വവും വ്യക്തമാക്കുന്നു.
വീണയുടെ നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ മയനെ പൂട്ടിയിട്ട ലോക്കപ്പ് മുറിയുടെ അഴികള്‍ തുറക്കപ്പെട്ടു. വീണയുടെ അച്ഛനും മറ്റുള്ളവരുമെല്ലാം ഒന്നിനു പിന്നാലെ എത്തുമ്പോള്‍ ഇനിയെന്താവും കഥയുടെ ക്ലൈമാക്‌സ് എന്നു സ്വാഭാവികമായും ചിന്തിച്ചു പോവും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താവുന്ന വില്ലനിസത്തിനും ഒട്ടേറെ പ്രശ്‌ന സങ്കീര്‍ണ്ണതകള്‍ക്കും ധാരാളമിടമുള്ള ഈ വേദിയില്‍ അതെല്ലാം ഒഴിവാക്കി മുന്നേറുകയാണിവിടെ രംഗം. മയനും വീണയും ഒന്നിക്കുന്നു, പുതുജീവിതത്തിലേക്ക്, എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹാശിസ്സുകളോടെയും.
കുനിഞ്ഞ ശിരസ്സോടെ ലോക്കപ്പില്‍ നിന്നു പുറത്തിറങ്ങിയ മയനോട് വീണ പറഞ്ഞു
‘പാടില്ല മയന്‍ തളരാന്‍ പാടില്ല; ആ പ്രിയന്റെ അതിരുവിട്ട മോഹമാണ് ഇതിനെല്ലാം കാരണം.”
‘മയാ… കുനിഞ്ഞ ശിരസ്സ് നിന്റെ ഉടലിനു പാകമാവില്ല, നീ തെറ്റു ചെയ്യാത്തിടത്തോളം നിന്റെ ശിരസ്സ് മറ്റെല്ലാവരേക്കാളും ഉയര്‍ന്നിരിക്കണം.’
മയന്റേയും വീണയുടേയും വേര്‍പിരിയലിനു കാരണമായ പ്രിയന്റെ ആ വാക്കുകള്‍ എന്തായിരുന്നുവെന്ന് ഇപ്പോഴും വീണയ്ക്കു വ്യക്തമായി അറിയില്ല. മയനും മയന്റെ വായനക്കാര്‍ക്കും അതറിയാമെങ്കിലും ഈ ക്ലൈമാക്‌സിലും അതു സസ്‌പെന്‍സായിരിക്കട്ടെ.
മയന്‍ നോവലിന്റെ പിന്‍കുറിപ്പില്‍ പറയും പോലെ
‘പ്രണയം പലപ്പോഴും ഒറ്റക്കമ്പിയില്‍ നിന്നുള്ള നാദമാവില്ല. ബഹുസ്വരങ്ങളായ നാദബ്രഹ്മമായിരിക്കും. പ്രണയം, വാത്സല്യം, സ്‌നേഹ ബന്ധം എന്നിവയുടെ പുതിയ നിര്‍വചനങ്ങള്‍ അവതരിപ്പിച്ച് നമ്മുടെ യഥാസ്ഥിതിക സങ്കല്പങ്ങളെ കീഴ്‌മേല്‍ മറിക്കുകയാണ് രശ്മി സജയന്‍. തെറ്റും ശരിയും നിശ്ചയിക്കുന്നത് കാലവും സാഹചര്യവുമാണെന്ന് ഈ നോവല്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ചിന്തകള്‍ക്കു തീ പിടിച്ച സാഹചര്യത്തിലാണ് എഴുത്തുമേശയുടെ മുന്നിലേക്കു വന്നതെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന രശ്മി സജയന്റെ ഇനി വരും ഉറങ്ങാത്ത പകലുകളും രാത്രികളും മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടാവുന്ന അക്ഷരച്ചെപ്പുകള്‍ തുറന്നിടുമെന്നു തീര്‍ച്ച.