Web Desk

November 07, 2020, 3:48 pm

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്; എംഎൽഎ എം സി കമറുദ്ദീൻ അറസ്റ്റില്‍

Janayugom Online

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം. സി കമറുദ്ദീനെ അറസ്റ്റ ചെയ്തു. തട്ടിപ്പിൽ എംഎൽഎക്കെതിരായ തട്ടിപ്പു കേസിന്റെ തെളിവു ലഭിച്ചുവെന്ന് അന്വേഷണ സംഘം തലവൻ എ എസ് പി പി വിവേക് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 15 കോടിയുടെ തട്ടിപ്പിനാണ് എംഎൽഎക്കെതിരെ തെളിവു കിട്ടിയത്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനെ അറസ്റ്റു ചെയ്യാൻ ഒരുങ്ങുന്നത്. 109 വഞ്ചനാ കേസുകളാണ് എംഎൽഎക്കെതിരെ ഉള്ളത്. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ കാസർകോട് പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തത്.

ആഗസ്റ്റ് 27 നാണ് എം എൽ എക്കെതിരെ ആദ്യ കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 109 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയായിരുന്നു. 800 ഓളം നിക്ഷേപകരിൽ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകർ പരാതി നൽകിയത്. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ഉപയോഗിച്ച് ബാംഗ്ലൂരിൽ അനധികൃതമായി സ്ഥലം വാങ്ങിയിരുന്നു. അന്വേഷകസംഘം ഇതിനകം 80 പേരിൽനിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം പൂക്കോയതങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിൻഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് എം. എൽ, എയേയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം എത്തിയത്. നിക്ഷേപകർക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനൽകാൻ എംഎൽഎയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിൻഹാജി കഴിഞ്ഞ ദിവസം നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിരുന്നു.