Web Desk

കൊച്ചി

June 23, 2020, 1:07 pm

എംസിഎക്‌സ് ബേസ് മെറ്റല്‍ ട്രേഡിംഗില്‍ വന്‍ കുതിപ്പ്

Janayugom Online

രാജ്യത്തെ ഏറ്റവും വലിയ വിവിധോല്‍പന്ന എക്‌സ്‌ചേഞ്ചായ മുംബൈ എംസിഎക്‌സില്‍ അടിസ്ഥാന ലോഹങ്ങളുടെ പ്രതിദിന വ്യാപാരത്തില്‍ വന്‍ കുതിപ്പ്. ലോക്ഡൗണ്‍ അവസാനിച്ച ശേഷം ഉല്‍പന്ന വിപണിയില്‍ ഇരട്ടിയിലധികമാണ് വര്‍ധന രേഖപ്പെടുത്തിയത്.

ജൂണ്‍ 20 നു നടന്ന 5,531 കോടി രൂപയുടെ പ്രതിദിന വില്‍പന മാര്‍ച്ചിലെ നിരക്കിനേക്കാള്‍ കൂടുതലാണ്.
രാജ്യം പരിപൂര്‍ണ അടച്ചിടലിലേക്കു നീങ്ങിയ ഏപ്രില്‍ മാസം അഞ്ച് അടിസ്ഥാന ലേഹങ്ങളായ അലൂമിനിയം, കോപ്പര്‍, സിങ്ക്, ലെഡ്, നിക്കല്‍ എന്നിവയുടെ പ്രതിദിന ശരാശരി വില്‍പന 2,418 കോടിയായി കൂപ്പു കുത്തി. മാര്‍ച്ച് മാസത്തില്‍ ഇത് 4,757 കോടി രൂപയായിരുന്നു.

അടച്ചിടല്‍ ഭാഗികമായി അവസാനിച്ച മേയില്‍ വില്‍പന 3,767 കോടിയായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ താഴ്ന്ന നിലയില്‍ നിന്ന് അടിസ്ഥാന ലോഹങ്ങളുടെ പ്രതിദിന വില്‍പന ജൂണില്‍ 129 ശതമാനം വളര്‍ച്ച നേടിയതായി എംസിഎക്‌സിലെ അടിസ്ഥാന ലോഹ വിഭാഗം മേധാവി ചിത്തരഞ്ജന്‍ റെഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് എംസിഎക്‌സ് അടിസ്ഥാന ലോഹങ്ങളുടെ വിപണനം തുടങ്ങിയത്. രാജ്യത്ത് വില്‍ക്കപ്പെടുന്ന ഉല്‍പന്നങ്ങളുടെ 94 ശതമാനവും കൈകാര്യം ചെയ്യുന്നത് എംസിഎക്‌സ് ആണ്.