നടൻ വിനായകൻ കുറ്റം സമ്മതിച്ചു, ചെയ്തത്‌ ഒരു വർഷം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റം!

Web Desk
Posted on November 08, 2019, 8:59 am

കൽപറ്റ: നടൻ വിനായകനെതിരായ മീടൂ ആരോപണ കേസിൽ കുറ്റപത്രം സമർപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്. വിനായകൻ തെറ്റ് സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്. കല്പറ്റ സിജെഎം കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഒരു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരേയുള്ളത്.

ഈ വർഷം ഏപ്രിലിൽ വയനാട്ടിലെ ഒരു ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചപ്പോൾ ഫോണില്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്ന് ആയിരുന്നു യുവതി പൊലീസില്‍ നല്‍കിയ പരാതി.

ജൂണ്‍ 20‑ന് കല്പറ്റ പോലീസ് സ്റ്റേഷനില്‍ ഹാജരായ നടനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍വിട്ടു. തുടർന്ന് മാസങ്ങൾ നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച്  സ്ഥിരീകരിച്ചതിനു ശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.