Tuesday
19 Feb 2019

രാജ്യവ്യാപകമാകുന്ന മീ ടൂ ക്യാമ്പയിന്‍

By: Web Desk | Tuesday 9 October 2018 10:21 PM IST

സ്വന്തം ലേഖകര്‍

മുംബൈ/ തിരുവനന്തപുരം: മീ ടൂ ക്യാമ്പയിന്‍ രാജ്യവ്യാപകമാകുകയാണ്.ചലച്ചിത്രമേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടൂ ക്യാമ്പയിന്‍ മാധ്യമമേഖലയും രാഷ്ട്രീയ മേഖലയും കടന്ന് രാജ്യത്ത് കോളിളക്കം സൃഷ്ടിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ ദേശീയ ദിനപത്രങ്ങളിലെ രണ്ട് പ്രമുഖര്‍ വിവാദത്തെ തുടര്‍ന്ന് രാജിവയ്ക്കുകയോ അവധിയില്‍ പ്രവേശിക്കുകയോ ചെയ്തു കഴിഞ്ഞു. ഈ പരമ്പരയില്‍ ഏറ്റവും ഒടുവിലായി വെളിപ്പെടുത്തലുണ്ടായിരിക്കുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും വിദേശകാര്യ സഹമന്ത്രിയുമായ എം ജെ അക്ബറിനെതിരെയാണ്. പ്രിയ രമണി എന്ന മാധ്യമപ്രവര്‍ത്തകയാണ് ദി ടെലഗ്രാഫിന്റെ സ്ഥാപക എഡിറ്റര്‍ കൂടിയായ എം ജെ അക്ബറിനെതിരെ ട്വിറ്ററിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.
ഒരു വര്‍ഷം മുമ്പ് വോഗ് മാഗസിനില്‍ പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് പുന:പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രിയ രമണി വെളിപ്പെടുത്തല്‍ നടത്തിയത്. അന്ന് എഴുതിയ കുറിപ്പില്‍ എം ജെ അക്ബറിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ എം ജെ അക്ബര്‍ കഥയുമായി എന്റെ വക തുടങ്ങട്ടെ എന്ന് പറഞ്ഞു കൊണ്ടാണ് ഇത്തവണ ആ കുറിപ്പിന്റെ ലിങ്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡില്‍ നടന്‍ നാനാ പടേക്കറിനെതിരേ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളാണ് ഇന്ത്യന്‍ സിനിമയിലും പുതിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നാനാ പടേക്കര്‍ക്കെതിരായ ലൈംഗികാരോപണത്തെക്കുറിച്ചു മൊഴിനല്‍കാന്‍ മഹാരാഷ്ട്ര വനിതാ കമ്മിഷനു മുന്നില്‍ നടി തനുശ്രീ ദത്ത ഉടന്‍ ഹാജരാകും. ആരോപണത്തിന്‍മേല്‍ അന്വേഷണം തുടങ്ങാന്‍ നടി നേരിട്ടെത്തി മൊഴിനല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. 2008ല്‍ സിനിമാ സെറ്റില്‍വച്ച് നാനാ പടേക്കര്‍ തന്നോടു ലൈംഗികമായി സമീപിച്ചെന്നാണു നടിയുടെ ആരോപണം.
സിനിമാനിര്‍മാതാവും തിരക്കഥാകൃത്തുമായ അലോക് നാഥിനെതിരെ ലൈംഗികാരോപണവുമായി സിനിമാപ്രവര്‍ത്തക വിന്റ നന്ദയും രംഗത്തെത്തി. 20 വര്‍ഷംമുന്‍പു തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ആരോപണ വിധേയനായ നടന്‍ രജത് കപൂറിന്റെ സിനിമ അടുത്ത മുംബൈ ഫിലിംഫെസ്റ്റിവലില്‍നിന്ന് ഒഴിവാക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
സംവിധായകന്‍ വികാസ് ബാലിനെതിരെ കങ്കണ ആരോപണമുയര്‍ത്തിയതിനു പിന്നാലെ ക്വീനിലെ മറ്റൊരു താരമായിരുന്ന നയനി ദീക്ഷിതും രംഗത്തെത്തിയിട്ടുണ്ട്. വികാസ് ബാല്‍ പലപ്പോഴും തന്നോടു മോശമായി പെരുമാറിയിരുന്നുവെന്നും ലൈംഗികമായി സമീപിച്ചെന്നും നയനി വെളിപ്പെടുത്തി. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടു സ്റ്റാര്‍ ഹോട്ടലാണ് ബാല്‍ നയനിക്ക് നല്‍കിയത്. അതു വേണ്ടെന്നു പറഞ്ഞപ്പോള്‍ വികാസിന്റെ മുറിയിലേക്കു തന്നെ ക്ഷണിക്കുകയും അന്നു രാത്രി ഒന്നിച്ചുറങ്ങാമെന്നു പറയുകയും ചെയ്തു. എന്നാല്‍ ക്ഷണം നിരസിച്ച നയനിയോടു പിറ്റേന്നു ഷൂട്ടിങ് സൈറ്റില്‍ വച്ച് കണ്ടപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്തു. നയനി ദീക്ഷിത് വെളിപ്പെടുത്തുന്നു.
ഷൂട്ടിങ് സെറ്റിലെ മറ്റു രണ്ടു പെണ്‍കുട്ടികളോടും വികാസ് ഇതുപോലെ പെരുമാറി. അണിയറപ്രവര്‍ത്തകരില്‍ ഒരാളായ പെണ്‍കുട്ടി നേരത്തേ രംഗത്തെത്തിയിരുന്നു.
ബോളിവുഡ് നിര്‍മ്മാതാവ് ഗൗരംഗ് ഡോഷി 2007 ല്‍ നിരവധി തവണ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി നാടക ചലച്ചിത്ര നടി ഫ്‌ളോറ സാനിയും സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടയില്‍ തമിഴ്‌നടന്‍ രാധാ രവിക്കെതിരേയും ലൈംഗികാരോപണമുയര്‍ന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് നടനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ഒരു യുവതി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് രാധ രവിയും വെട്ടിലായിരിക്കുന്നത്.
ഓഫീസിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിച്ച് മുഖത്ത് ചുംബിച്ചതായും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തനിയേ വരണമെന്ന് ആവശ്യപ്പെട്ടതായും യുവതി ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉള്ളതിനാല്‍ അദ്ദേഹത്തെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വൈരമുത്തുവിനെതിരേയും സമാനമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനാണ് പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത യുവതി പീഡനാരോപണം ഉന്നയിച്ച് തനിക്ക് സന്ദേശം അയച്ചതായി വെളിപ്പെടുത്തിയത്.
മലയാള സിനിമയില്‍ നടന്‍ മുകേഷിനെതിരേ ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് എന്ന യുവതി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. പത്തൊന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരന്‍ പരിപാടിക്കിടെ മുകേഷ് അപമര്യാദയായി പെരുമാറി എന്നാണ് വെളിപ്പെടുത്തല്‍.
സംഗീത സംവിധായകന്‍ ഗോപീ സുന്ദറിനെതിരെ ആരോപണവുമായി യുവതി രംഗത്തെത്തി. ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീ സുന്ദറിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടത്. ഗോപി സുന്ദര്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചെന്നും കന്യകയാണോയെന്ന് ചോദിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം.
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് മീടൂ ഹാഷ് ടാഗ് ക്യാമ്പയിനുകള്‍ക്ക് ശക്തിപ്രാപിച്ചത്.വാക്ക് കൊണ്ടും നോക്കു കൊണ്ടും ശരീരം കൊണ്ടും ആക്രമിക്കപ്പെട്ട സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ ഇപ്പോഴും തുടരുകയാണ്.