March 21, 2023 Tuesday

മീ ടു കാമ്പയിൻ വിജയം; ഹാർവി വെയിൻസ്റ്റെയിൻ കുറ്റക്കാരനെന്ന് കോടതി

Janayugom Webdesk
ന്യൂയോർക്ക്
February 25, 2020 10:41 pm

ഹോളിവുഡ് ചലചിത്രപ്രവർത്തകൻ ഹാർവി വെയിൻസ്റ്റെയിൻ കുറ്റക്കാരനെന്ന് കോടതി. തുടർച്ചയായ ലൈംഗികപീഡന പരാതികളെ തുടർന്നാണ് വെയിൻസ്റ്റെയിനെ അറസ്റ്റ് ചെയ്യുന്നത്. മീ ടു വെന്ന തുറന്നുപറച്ചിൽ കാമ്പയിന് കാരണം വെയിൻസ്റ്റെയിനെതിരായ പീഡന ആരോപണങ്ങളായിരുന്നു. ന്യൂയോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെയുള്ള അഞ്ച് കേസുകളിൽ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്. അടുത്ത മാസം 11ന് ശിക്ഷ വിധിക്കും.

2006 ല്‍ വെയിൻസ്റ്റെയിൻ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹലെയിയെ ലൈംഗികവൃത്തിക്ക് വിധേയമാക്കിയതിനും ന്യൂയോര്‍ക്കിലെ ഹോട്ടലില്‍വെച്ച് മറ്റൊരു സ്ത്രീയെ പിഡീപ്പിച്ച കേസിലുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കമുള്ള സുപ്രീം കോടതി ബെഞ്ചാണ് വെയിൻസ്റ്റെയിൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. അഞ്ച് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് മൂന്ന് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിയാതെ വന്നതായി കോടതി കണ്ടെത്തി.

ശിക്ഷാവിധിക്ക് ശേഷം വെയിൻസ്റ്റെയിനെ വിലങ്ങണിയിച്ച് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് വെയിൻസ്റ്റെയിന്റെ അഭിഭാഷക ഡോണ റൊറ്റൂനോ പറഞ്ഞു. പീഡനം പുറത്തുപറയാന്‍ ഇരകള്‍ കാണിച്ച ആര്‍ജ്ജവത്തെ ന്യൂയോര്‍ക്ക് അറ്റോര്‍ണി സൈറസ് വാന്‍സ് അഭിനന്ദിച്ചു. വെയിൻസ്റ്റെയിന്റെ പണത്തെയും സ്വാധീനത്തെയും അതിജീവിച്ചാണ് ഇവര്‍ നീതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര സിനിമയുടെ വക്താവായും പള്‍പ്പ് ഫിക്‌ഷന്‍, ഷേക്ക്‌സ്പിയര്‍ ഇന്‍ ലവ്, തുടങ്ങിയ ചിത്രങ്ങളിലുടെ 80 ഓസ്‌കാര്‍ വരെ നേടിയ വെയിൻസ്റ്റെയിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് മീ ടു കാമ്പയിനിന്റെ വിജയമാണ്.

ക്വെന്റൈ്ന്‍ ടാറിന്റോനോയുടെ ഉള്‍പ്പെടെ വിഖ്യാത ചലച്ചിത്രകാരന്മാരുടെ നിരവധി ചിത്രങ്ങള്‍ മിറാമിക്സ് എന്ന ബാനറിൽ വെയിൻസ്റ്റെയിൻ നിർമ്മിച്ചിട്ടുണ്ട്. ഗിന്നത്ത് പാള്‍ട്രോ, ആഞ്ജലീന ജോളി, തുടങ്ങി ഹോളിവുഡിലെ പ്രശസ്ത നടിമാര്‍ ഉള്‍പ്പെടെ എണ്‍പതോളം പേരാണ് വെയിന്‍സ്റ്റെയിനെതിരെ രംഗത്തെത്തിയത്. ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു ലൈംഗികമായി ബന്ധപ്പെട്ടതെന്നായിരുന്നു വെയിൻസ്റ്റെയിന്റെ വാദം. വെയിന്‍സ്റ്റെയിന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപിച്ച് നിരവധി നടിമാരും മോഡലുകളും രംഗത്തുവരുന്നതിനിടെ 2017 ഒക്ടോബറിലാണ് #Metoo എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് തുറന്നുപറച്ചിൽ കാമ്പയിന് തുടക്കമിട്ടത് നടി അലീസ മിലാനോ ആണ്. നിരവധി ആരോപണങ്ങളാണ് ഇപ്പോഴും വെയിൻസ്റ്റെയിനെതിരെ ഉയർന്നുവരുന്നുണ്ട്.

Eng­lish Sum­ma­ry; Me Too cam­paign Har­vey Wein­stein found guilty

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.