ആരോഗ്യകരമായ മാംസാഹാര സംസ്‌കാരവുമായി മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ

ഹരി കുറിശേരി
Posted on December 05, 2017, 8:20 pm

മരുന്നുകുത്തിവച്ച് പാതികൊന്ന മാടുകളെ അതിര്‍ത്തി കടത്തികൊണ്ടുവന്ന് തലക്കടിച്ചും കൊക്കയിലേക്ക് തള്ളിയും കൊലപ്പെടുത്തുക ; തൂക്കം കൂടാന്‍ രക്തം പോലും പോകാതെ അരിഞ്ഞ് തൂക്കി വില്‍ക്കുക,പ്രാകൃതമായി തയ്യാര്‍ ചെയ്യുന്ന ഈ മാംസം അറിഞ്ഞുതന്നെ വാങ്ങി ഭക്ഷിക്കുകയാണ് മലയാളി. വിഷമെന്നറിഞ്ഞിട്ടും കെട്ട ഭക്ഷണത്തിന് പിന്നാലെ പോകുന്ന ഒരു ജനതയെ പ്രബുദ്ധര്‍ എന്ന് വിളിക്കാനാകുമോ. മലയാളി പ്രബുദ്ധരായിരുന്നുവെങ്കില്‍ ഭക്ഷണശീലത്തിലൂടെ രോഗാതുരമായ ഒരു സമൂഹമായി നാം മാറില്ലായിരുന്നു.

 

മലയാളിയുടെ ഭക്ഷണത്തില്‍ മാംസാഹാരത്തിന് മുഖ്യപങ്കാണുള്ളത്. പച്ചക്കറിക്കൊപ്പം മാംസം കൂടി പുറത്തുനിന്നും യഥേഷ്ടം ലഭിച്ചതോടെ അതിന്റെ അളവ് വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. പുറത്തുനിന്നും വന്നുമറിയുന്ന ആടുമാടുകളും കോഴിയുമൊന്നും പരിശോധിക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. അതിര്‍ത്തികടന്ന് വരുന്ന ജീവികളെ പരിശോധിച്ചു കടത്തുന്നതായി പറയുന്നതൊന്നും അപ്രകാരമല്ലെന്നും എല്ലാ പൊതു അറവു കേന്ദ്രങ്ങളിലും മൃഗഡോക്ടര്‍മാര്‍ പരിശോധന നടത്തുമെന്നത് അപ്രായോഗികമാണെന്നും എല്ലാവര്‍ക്കും അറിയാം. മലയാളിയുടെ ആഹാരശീലങ്ങള്‍ക്കുമുന്നില്‍ ഒരു നിയമവുമില്ലെന്ന് രോഗാതുരമായ ഒരു സമൂഹമായി അവര്‍ മാറിക്കഴിയുമ്പോഴെങ്കിലും അധികാരികള്‍ ചിന്തിക്കേണ്ടതല്ലേ. കേരളത്തിന് ആരോഗ്യകരമായ ഒരു മാംസാഹാര സംസ്‌കാരം അത്യാവശ്യമായിട്ടും അതിന് കരുതലോടെയുള്ള നീക്കങ്ങളുണ്ടാകുന്നില്ല. ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമുണ്ടോ എന്ന അന്വേഷണമാണ് കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയില്‍ കൊണ്ടെത്തിച്ചത്.

 

ഭക്ഷ്യസുരക്ഷാനയം മുന്‍നിര്‍ത്തി മാംസോപാദനരംഗത്ത് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക പൊതുമേഖലാ സ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ(എംപിഐ)യുടെ സേവനം വിപുലപ്പെടുത്താനുള്ള കാലം വൈകിയിരിക്കുന്നു.1968ല്‍ സ്ഥാപിതമായ ഈ സ്ഥാപനത്തെ മലയാളി വേണ്ടത്ര പ്രോല്‍സാഹിപ്പിച്ചിട്ടില്ലെന്നേ പറയാനാകൂ. കാരണം ഇന്നും കേരളം ഉപയോഗിക്കുന്ന മാംസഭക്ഷണത്തിന്റെ 0.5 ശതമാനം മാത്രമാണ് എംപിഐയുടെ സംഭാവനയെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. 99.5 ശതമാനവും മറുവഴികളിലൂടെയാണ് എത്തുന്നത്.

ആരോഗ്യമുള്ള മൃഗങ്ങളെ ആധുനിക യന്ത്ര സഹായത്തോടെ കശാപ്പുചെയ്ത് ശുചിയായരീതിയില്‍ മാംസവും മാംസോല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുകയാണ് മോശം മാംസഭക്ഷണത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെയ്യാവുന്നത്. രോഗം ബാധിച്ചമൃഗങ്ങളെ അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യങ്ങളില്‍ കശാപ്പുചെയ്തു വിപണനം നടത്തുന്ന പ്രാകൃത രീതികള്‍ തടയാനുള്ള മാര്‍ഗമാണ് എംപിഐ പോലുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ച. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അനാരോഗ്യകരവും വൃത്തിഹീനവുമായ അന്തരീക്ഷത്തിലുള്ള കശാപ്പും മാംസ വിപണനവും നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ല.

അശാസ്ത്രീയമായ കശാപ്പുമൂലം പരിസരമലിനീകരണവും തെരുവുനായ്ക്കളുടെ വ്യാപനവും പോലുള്ള പ്രശ്‌നങ്ങള്‍ പെരുകുകയാണ്. തെരുവുനായ്ക്കളുടെ ശല്യം മാത്രം മതി അറവുശാലകളെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കാന്‍. സംസ്ഥാനത്തെ പല അറവുശാലകളും സര്‍ക്കാര്‍ വിഭാവനം ചെയ്ത രീതിയിലല്ല കാലങ്ങളായി പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഏറെ തലവേദന സൃഷ്ടിക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി മൃഗങ്ങളെ ശാസ്ത്രീയമായി കശാപ്പുചെയ്ത് ഭക്ഷ്യയോഗ്യമായ മാംസം എത്തിക്കുന്നതിന് എംപിഐക്ക് ഇന്ന് കഴിയും. അറവുശാലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പുതുതായി ഈ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്കും പരിശീലനം നല്‍കാനും എംപിഐ പദ്ധതിയിട്ടിട്ടുണ്ട്.വെറ്ററിനറി കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തെ പരിശീലനത്തിനും തീരുമാനിച്ചിട്ടുണ്ട്.

Image result for meat product of indiaമാറിയ സാഹചര്യത്തില്‍ കൂടുതല്‍ പദ്ധതികളുമായി വികസനപാതയിലാണ് സ്ഥാപനം. 31 .02 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഹൈടെക് സ്‌ളോട്ടര്‍ ഹൗസും പ്രോസസിംങ് പ്‌ളാന്റും നൂറുശതമാനം മാലിന്യ മുക്തമായാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം 200 മാടുകളെയും 200 പന്നികളെയുമാണ് ഇവിടെ ഭക്ഷ്യയോഗ്യമായി മാറ്റുന്നത്. 200 മെട്രിക് ടണ്‍ മാംസം സംസ്‌കരിച്ച് ശീതീകരിക്കുവാനുള്ള സംവിധാനമുണ്ട്. റെന്ററിംങ് പ്‌ളാന്റ്,എഫ്‌ളുന്റ് ട്രീറ്റ്‌മെന്റ് പ്‌ളാന്റ് എന്നിവയും മൂല്യവര്‍ദ്ധിത ഉല്പ്പന്നങ്ങള്‍ ഉണ്ടാക്കുവാനുള്ള പ്രത്യേക സംവിധാനവുമുണ്ട്.സോസേജ്,സലാമി,കട്‌ലറ്റ്,അച്ചാര്‍,ഉണക്കിറച്ചി,ബേക്കണ്‍് എന്നിവ ഇവിടത്തെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാണ്.

Image result for meat product of indiaകൂത്താട്ടുകുളത്തെ എംപിഐ വളപ്പില്‍ 26 ഏക്കര്‍ സ്ഥലത്ത് 1968ലെ സ്ഥാപനത്തിന് സമീപമാണ് പുതിയ പ്‌ളാന്റ് നിര്‍മ്മിച്ചിരിക്കുന്നത്.ലോകോത്തര നിലവാരത്തില്‍ കശാപ്പിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. പദ്ധതിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നതിന് കര്‍ഷകരുമായി ചേര്‍ന്ന് ആര്‍ കെ വി വൈ പദ്ധതിയില്‍ പോത്തിന്‍കുട്ടികളെയും പന്നിക്കുട്ടികളെയും നല്‍കി വളര്‍ത്തി വിപണി വിലയ്ക്ക് മടക്കിവാങ്ങുന്ന രീതിയുണ്ട്. രോഗം ബാധിച്ച മൃഗങ്ങളെ എത്തിക്കാതിരിക്കാന്‍ കൃത്യമായ പരിശോധന നടത്തുന്ന സംവിധാനവും മാംസ പരിശോധനക്ക് വിപുലമായ ലബോറട്ടറി സൗകര്യവും ഇവിടെയുണ്ട്.
രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിക്കഴിഞ്ഞ മാംസവ്യാപാരത്തിന് തടയിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എംപിഐ ചെയര്‍മാന്‍ അഡ്വ ടി ആര്‍ രമേഷ്‌കുമാര്‍ പറഞ്ഞു.

Image result for meat product of indiaകേരളത്തിലെങ്ങും ആധുനിക കശാപ്പുശാലകള്‍ ഇല്ലെന്നത് ശ്രദ്ധിക്കണം. സര്‍ക്കാര്‍ സഹായിച്ചാല്‍ എല്ലാ ജില്ലകളിലും പ്‌ളാന്റ് നടത്താനാകും. 16 ഏക്കര്‍ സ്ഥലം എംപിഐക്ക് അതിരപ്പള്ളിയിലുണ്ട്. അത് മറ്റൊരു പ്‌ളാന്റിന് ഉപയോഗപ്പെടുത്താം. ഹലാല്‍ മാംസം തയ്യാറാക്കി നല്‍കാനും ആലോചനയുണ്ട്. നിലവില്‍ ഹലാലില്ലെന്നത് ഒരു വിഭാഗത്തെ ഉപഭോഗത്തില്‍നിന്നും മാറ്റി നിര്‍ത്തുന്നുണ്ട്. ഹലാല്‍ മാംസം കയറ്റുമതിക്ക് സാധ്യതഏറെയാണ്. ഹൈജീനിക് മീറ്റ് എന്ന നിലയില്‍ ഉല്‍സവകാലത്തുംമറ്റും സബ്‌സിഡിയോടെ നല്‍കാനാകണം.സ്ഥാപനത്തെ സര്‍ക്കാര്‍ വേണ്ടത്ര പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന പരാതി ശക്തമാണെന്ന് രമേഷ്‌കുമാര്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ 500 നീതിസ്റ്റോറുകള്‍ വഴി മീറ്റ് പ്രോഡക്ട്‌സ് വിജയകരമായി വിപണനം നടത്താന്‍ കഴിയും.

Image result for meat product of indiaപുതിയ പ്‌ളാന്റ് പ്രവര്‍ത്തനസജ്ജമായാല്‍ വിപണനം ബുദ്ധിമുട്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കശാപ്പിലെ പ്രധാനമാലിന്യം രക്തമാണ്.അത് ബ്‌ളോക്കുകളാക്കി മുന്തിരികൃഷിക്കായിവില്‍ക്കാനാവും. കാലികളെ അറവിനായി കടത്തുന്നതിന് അടുത്തിടെ കേന്ദ്രം ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ ഹിന്ദുത്വ അജന്‍ഡകളോടും ദളിത് പിന്നോക്ക പീഡനത്തോടും കെട്ടുപിണഞ്ഞുകിടക്കുന്നതും പ്രതികൂലാവസ്ഥയാണുണ്ടാക്കുന്നത്. പുതിയ നിയമത്തിനെതിരെ കോടതിയില്‍പോകാന്‍ കഴിഞ്ഞമേയില്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

Image result for meat product of indiaമുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. കാലിക്കടത്ത് നിയമങ്ങളോട് ആദ്യം പ്രതികരിച്ചത് കേരള സര്‍ക്കാരാണ്. പിന്നാലെ തമിഴ്‌നാട്,കര്‍ണാടക,തെലുങ്കാന എന്നിവയുമെത്തി.പച്ചക്കറികളിലൂടെ മാത്രമല്ല മാംസ ഉല്‍പ്പന്നങ്ങളിലൂടെയും മലയാളിയുടെ ആരോഗ്യം കവര്‍ന്നെടുക്കുന്ന ലോബികളെ നിലക്കുനിര്‍ത്താന്‍ എംപിഐ പോലുള്ള സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായാല്‍ കേരളത്തിന് പുതിയ ഒരു ആരോഗ്യ സംസ്‌കാരമാകും ലഭിക്കുക.

 മാര്‍ക്കറ്റിംങ് ഫീച്ചര്‍