10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 2, 2022
October 2, 2022

ആധുനിക കേരളം വളര്‍ന്ന നാള്‍വഴി

Janayugom Webdesk
തിരുവനന്തപുരം
October 2, 2022 9:19 pm

അയിത്തവും അനാചാരങ്ങളും നാടുവാഴിത്ത ദുഷ്‌പ്രഭുത്വവും കൊടികുത്തിവാണ ഇരുണ്ട കാലഘട്ടത്തിൽ നിന്നും നവോത്ഥാനത്തിന്റെ പന്ഥാവിലേക്ക് മലയാളക്കരയെ നയിച്ച പോരാട്ടങ്ങളുടെയും സഹനസമരങ്ങളുടെയും നേർക്കാഴ്ചയൊരുക്കുകയാണ് സമ്മേളന നഗരിയിലെ ചരിത്ര‑ചിത്ര പ്രദർശനം. ആധുനിക കേരളത്തെ വളർത്തിയെടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്കിനെ വർത്തമാനകാല രാഷ്ട്രീയ പശ്ചാത്തലത്തിൽ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ആധുനിക കേരളം വളർന്ന വഴികളിലൂടെ ഒരു യാത്ര’ എന്ന പ്രദർശനം ഒരുക്കിയിട്ടുള്ളത്.
ലോകത്തെ വിസ്മയിപ്പിക്കുകയും ആധുനിക കേരളത്തിന് അടിത്തറയിടുകയും ചെയ്ത ആദ്യ കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരിനെയും അതിന്റെ ജനകീയ ഇടപെടലുകളെയും വരച്ചുകാട്ടുന്ന പത്രത്താളുകളും ചിത്രങ്ങളും മാധ്യമപ്രദർശനത്തിന്റെ സവിശേഷതയാണ്. 1865ൽ അടിമവ്യാപാരം നിരോധിച്ചുള്ള വിളംബരം, മിശ്രഭോജനം എന്ന സമരായുധം, പറയവിഭാഗങ്ങൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചുകൊണ്ട് 1912ൽ പുറപ്പെടുവിച്ച ഉത്തരവ്, പൊതുനിരത്ത് എല്ലാവർക്കും ഉപയോഗിക്കാമെന്നുള്ള ഉത്തരവ്, ഈഴവ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് മേല്‍വസ്ത്രം ധരിക്കാൻ അനുമതി നൽകിയ 1865ലെ ഉത്തരവ് എന്നിവയെല്ലാം വിശദമായി പ്രദർശനത്തിലൂടെ അറിയാം.

1956 ജൂൺ മാസത്തിൽ ഐക്യകേരളം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ച പ്രമേയവും തുടർന്ന് 1956 നവംബർ ഒന്നിന് ഐക്യകേരളം നിലവിൽ വന്നതും വിവിധ പത്രവാർത്തകളിലൂടെ വായിക്കാം. തിരുവിതാംകൂർ ക്ഷേത്ര വിളംബരത്തിന്റെ ഗസറ്റ് വിജ്ഞാപനം, മലബാർ ക്ഷേത്രപ്രവേശന വിളംബരം, മലബാറിലെ കല്ലുമാല പറിച്ചെറിയൽ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കോഴിക്കോട് തളിക്ഷേത്രത്തിൽ സാമൂതിരിയുടെ പിന്തുണയോടെ തീണ്ടൽ ബോർഡ് എടുത്തെറിഞ്ഞ സംഭവം എന്നിങ്ങനെ ചരിത്രത്തിന്റെ നാഴികക്കല്ലുകൾ പ്രദർശനത്തിലൂടെ അടയാളപ്പെടുത്തുന്നുണ്ട്.
അനാചാരത്തിന്റെ ഇരുണ്ടകാലത്തു നിന്ന് പുരോഗമനത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ഒരു ജനതയെ നയിച്ച നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രവഴികളാണ് പ്രദർശനത്തിലൂടെ അനാവരണം ചെയ്യുന്നത്. ജന്മിത്തം ഇല്ലാതാക്കി ലക്ഷക്കണക്കിന് മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കിയ ലക്ഷംവീട് പദ്ധതിയിലൂടെ ജനലക്ഷങ്ങൾക്ക് പാർപ്പിടമൊരുക്കിയ കേരളത്തിന്റെ സുവർണ അധ്യായമായ അച്യുതമേനോൻ സർക്കാരിന്റെ കാലം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഈ പ്രദർശനം ചരിത്രത്തെ വരച്ചിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.