June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാന്‍ അനുവദിച്ചുകൂട

By Janayugom Webdesk
December 20, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ ശ്രമം മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താവിനിമയോപാധികള്‍ക്കു നേരെയും തിരിയുന്നു. ഭരണഘടനയ്ക്കും രാഷ്ട്രത്തിന്റെ നിലനില്‍പ്പിനു തന്നെയും വിനയായി മാറിയ നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരാവകാശത്തെ പൊലീസിനെയും സംഘപരിവാര്‍ ഗുണ്ടാസംഘങ്ങളെയും തീവ്ര ഹിന്ദുത്വ സെെബര്‍ യോദ്ധാക്കളെയും ഉപയോഗിച്ചു തച്ചുതകര്‍ക്കാനും ചോരയില്‍ മുക്കിക്കൊല്ലാനുമുള്ള ശ്രമങ്ങളാണ് രാജ്യത്ത് ഉടനീളം അരങ്ങേറുന്നത്. ഭരണകൂടത്തിന്റെ കൂലിത്തല്ലുകാരെയും വേട്ടനായ്ക്കളെപ്പോലെയും സായുധ പൊലീസ് സംഘങ്ങള്‍ തുടര്‍ന്നുവരുന്ന നരനായാട്ട് ലോകത്തിന്റെ മുന്നില്‍ തുറന്നുകാട്ടുന്നത് ദൃശ്യമാധ്യമങ്ങളാണ്. സംഘപരിവാര്‍ നുണഫാക്ടറികള്‍ പടച്ചുവിടുന്ന തെറ്റായ പ്രചാരവേലകള്‍ക്കപ്പുറം‍ പൊലീസ് ഭീകരതയുടെ തത്സമയ വാര്‍ത്തകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്കും ലോകത്തിനും മുമ്പാകെ തുറന്നുവയ്ക്കുന്നു. ഞായറാഴ്ച ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും വ്യാഴാഴ്ച കേരളത്തിന്റെ അതിര്‍ത്തിനഗരമായ കര്‍ണാടകത്തിലെ മംഗളൂരുവിലും ഇന്നലെ രാഷ്ട്രതലസ്ഥാനത്തും പൊലീസ് നടത്തിയ നരനായാട്ടിന്റെ ഹൃദയഭേദകമായ കാഴ്ചകളും വിവരണങ്ങളുമാണ് മാധ്യമങ്ങള്‍ ലോകസമക്ഷം അവതരിപ്പിച്ചത്. ഞായറാഴ്ചത്തെ ജാമിയ സംഭവത്തിന്റെ ആ വാര്‍ത്തകളും ദൃശ്യങ്ങളുമാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിന് നാന്ദികുറിച്ചത്.

അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ വായടപ്പിക്കുക എന്നതും കണ്ണ് കുത്തിപ്പൊട്ടിക്കുക എന്നതും തീവ്രഹിന്ദുത്വ ഫാസിസത്തിന്റെ അജണ്ടയായി മാറിയിരിക്കുന്നു. കേരളത്തില്‍ നിന്നും മംഗ്ളൂരുവിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം തടഞ്ഞുവച്ച കര്‍ണാടക പൊലീസിന്റെയും ദൃശ്യമാധ്യമ പ്രവര്‍ത്തകരെ ഭീകരമായി തല്ലിച്ചതച്ച ഡല്‍ഹി പൊലീസിന്റെയും നടപടി വാര്‍ത്തകളുടെ സ്വതന്ത്ര വിനിമയം തടയുക എന്നതുതന്നെയായിരുന്നു. തങ്ങളുടെ ഐഡന്റിറ്റി വ്യക്തമാക്കിയിട്ടും മാധ്യമ പ്രവര്‍ത്തകരോട് ക്രിമിനിലുകളോടെന്ന പോലെ പെരുമാറിയ കര്‍ണാടക പൊലീസ് നിയമാനുസൃതമല്ല പ്രവര്‍ത്തിക്കുന്നതെന്ന് നടപടി ആരംഭിച്ച ഉടന്‍തന്നെ വ്യക്തമായി. ആര്‍എസ്എസ് നേതാവും ബിജെപി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളുമായ റാം മാധവ് കസ്റ്റഡിയിലായവര്‍ വ്യാജന്‍മാരും ആയുധങ്ങളുമായി കലാപത്തിനെത്തിയവരുമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചിരുന്നു. മലയാള ദൃശ്യമാധ്യമങ്ങളില്‍ പ്രെെം ടെെം ചര്‍ച്ചകളില്‍ നുണപ്രചാരണ കലയുടെ കുത്തക കയ്യാളുന്ന സംസ്ഥാന ബിജെപി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന്‍ അടക്കമുള്ള സംഘപരിവാര്‍ നുണഫാക്ടറികള്‍ സജീവമായി. വസ്തുതകള്‍ എന്തെന്ന് വ്യക്തമായി അറിഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ കലാപകാരികളായി ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ചുള്ള ശ്രമം പൊലീസ് നടപടിയുടെ ഉറവിടം സംഘപരിവാര്‍ തന്നെയെന്ന് വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ പ്രചാരവേല നടത്തുന്ന സംഘപരിവാര്‍ അജണ്ട സ്വതന്ത്ര മാധ്യമങ്ങള്‍ നിലനിന്നാല്‍ പരാജയപ്പെടുമെന്ന തിരിച്ചറിവാണ് മാംഗ്ളൂരു സംഭവത്തിനു പിന്നില്‍. സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ അധികാരത്തിലെത്തിയവര്‍ തന്നെ ആ മാധ്യമത്തിന്റെ കരുത്ത് തിരിച്ചറിയുന്നു. ഇന്റര്‍നെറ്റ് സേവനം നിഷേധിച്ച് ലോക റെക്കോഡ് കരസ്ഥമാക്കിയ സംഘപരിവാറിന് അത് തിരിച്ചടിയായിരിക്കുന്നു.

ഇന്റര്‍നെറ്റ് നിരോധനം സാമൂഹ്യമാധ്യമങ്ങളെ മാത്രമല്ല ലക്ഷ്യം വയ്ക്കുന്നത്, അത് മാധ്യമസ്വാതന്ത്ര്യത്തെ തന്നെ തടയാനുള്ള ഉപാധിയാണ്. ഡല്‍ഹിയില്‍ പൊലീസ് ഭീകരത മറച്ചുവയ്ക്കുകയായിരുന്നു മാധ്യമങ്ങൾക്കെതിരായ ആക്രമണ ലക്ഷ്യം. സംഘപരിവാര്‍,‍ പൊലീസ് അടക്കം സുരക്ഷാ സേനയിലാകെ ആഴത്തില്‍ വേരോട്ടം ഉണ്ടാക്കിയിട്ടുണ്ട്. അത് ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്‍പ്പിനും പൗര സ്വാതന്ത്ര്യത്തിനും കനത്ത ഭീഷണിയാണ്. എല്‍ഡിഎഫ് ഭരിക്കുന്ന കേരളത്തില്‍ പോലും അത്തരം ശക്തികള്‍ സജീവമാണെന്ന് അനുഭവം തെളിയിക്കുന്നു. വ്യാഴാഴ്ച തേഞ്ഞിപ്പലത്ത് എഐവെെഎഫ്-എഐഎസ്എഫ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച സിഐ ബാലചന്ദ്രന്‍ ക്രൂരത തുടങ്ങുമ്പോഴും തന്റെ ‘സംഘി’ ഐഡന്റിറ്റി പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും വസ്തുത തിരിച്ചറിഞ്ഞ് കര്‍ശന നടപടി‌ക്ക് തയാറാവണം. മാധ്യമങ്ങള്‍ക്കു നേരെയുള്ള പൊലീസ് ഭീകരത കടുത്ത മുന്നറിയിപ്പാണ്. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായുവാണ്. അത് നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.