14 October 2024, Monday
KSFE Galaxy Chits Banner 2

മാധ്യമ സ്വാതന്ത്ര്യം കൂപ്പുകുത്തുന്നു

Janayugom Webdesk
May 4, 2022 5:00 am

ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ നൂറ്റിഎൺപതിൽ 150-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യ, അതിരുകൾ ഇല്ലാത്ത റിപ്പോർട്ടർമാർ (റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്സ് ‑ആർഎസ്എഫ്) എന്ന മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടന പ്രതിവർഷം പുറത്തിറക്കുന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ തുടർച്ചയായി പിന്തള്ളപ്പെടുകയാണ്. 2016ൽ 133-ാം സ്ഥാനത്തും 2021ൽ 142-ാം സ്ഥാനത്തും ആയിരുന്നു ഇന്ത്യ. ഓരോ രാജ്യത്തും മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ ഉപഭോക്താക്കളും അനുഭവിക്കുന്ന സ്വാതന്ത്ര്യം, അത്തരം സ്വാതന്ത്ര്യത്തിന് അതാതുരാജ്യത്തെ ഭരണകൂടങ്ങൾ നൽകുന്ന അംഗീകാരം, എന്നിവയുടെ അടിസ്ഥാനത്തിലാണ് മാധ്യമ സ്വാതന്ത്ര്യ സൂചിക നിർണയിക്കുന്നത്. കഴിഞ്ഞ വർഷം മാധ്യമ പ്രവർത്തനത്തിനു മോശവും മാധ്യമ പ്രവർത്തകർക്ക് ഏറ്റവും അപകടകരവുമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉൾപ്പെട്ടിരുന്നത്. ‘മാധ്യമ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ, മാധ്യമങ്ങളുടെ രാഷ്ട്രീയ പക്ഷപാതിത്വം, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്നിവ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ മാധ്യമ സ്വാതന്ത്ര്യത്തെ പ്രതിസന്ധിയിലാക്കി. 2014‑ൽ വലതുപക്ഷ ദേശീയതയുടെ പാർട്ടിയായ ബിജെപിയുടെ നേതാവ് നരേന്ദ്രമോഡി പ്രധാനമന്ത്രി ആയതോടെയാണ് മാധ്യമസ്വാതന്ത്ര്യം കടുത്ത വെല്ലുവിളികളെ നേരിടാൻ തുടങ്ങിയത്. കോളനിവിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമായ ഇന്ത്യൻ മാധ്യമരംഗം ചില ഇടവേളകൾ ഒഴികെ പൊതുവെ പുരോഗമനാത്മകവും സ്വതന്ത്രവും ആയിരുന്നു’. ആർഎസ്എഫ് റിപ്പോർട്ട് വിലയിരുത്തുന്നു. അധികാരത്തിൽ എത്തിയ നരേന്ദ്രമോഡി തുടക്കത്തിൽത്തന്നെ മാധ്യമ ഉടമകളെ തനിക്ക് അനുകൂലമാക്കി മാറ്റുന്നതിൽ വിജയിച്ചു. അവ മിക്കതും ഭരണകൂട ജിഹ്വകളായി മാറി. അതിന്റെ ഉത്തമ ഉദാഹരണമാണ് മുകേഷ് അംബാനി നിയന്ത്രിക്കുന്ന എഴുപതിലധികം വരുന്ന മാധ്യമ സ്ഥാപനങ്ങൾ. ലോകത്തിലെ പ്രമുഖ മുതലാളിത്ത രാജ്യങ്ങൾ പോലും ഒരേ ഉടമസ്ഥതയിൽ അച്ചടി, ദൃശ്യ, ശ്രാ­വ്യ മാധ്യമങ്ങൾ അനുവദിക്കാറില്ല. വാർത്തയുടെ കുത്തക നിയന്ത്രണം തടയുകയാണ് അതിന്റെ ലക്ഷ്യം. ഇ­ന്ത്യയിലാകട്ടെ ഇന്റർനെറ്റടക്കം എല്ലാ മാധ്യമങ്ങളുടെയും നിയന്ത്രണം ഏതാനും പേരുടെ കൈപ്പിടിയിൽ ഒതുങ്ങിയിരിക്കുന്നു. ഇത് വാർത്തകളെ ഉടമകളുടെ താല്പര്യാനുസരണം കേ­ന്ദ്രീകൃതമായി വളച്ചൊടിക്കാൻ അവസരം ന­ൽകുന്നു. അത്തരം മാധ്യമ ഉടമകളും ഭരണകൂടവും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് മാധ്യമ സ്വാതന്ത്ര്യത്തിനും വാർത്ത വൈവിധ്യത്തിനും പ്രതിബന്ധമായി മാറുന്നത്.


ഇതുകൂടി വായിക്കാം; മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് ഭരണക്കാരുടെ ഐഡിയോളജി


ഇവിടെ മാധ്യമ പ്രവർത്തകരല്ല, മറിച്ച് മാധ്യമ മുതലാളിമാരും അവരുടെ രാഷ്ട്രീയ മേലാളൻമാരുമാണ് വാർത്ത എന്തെന്നും എങ്ങനെയെന്നും നിശ്ചയിക്കുന്നത്. തങ്ങൾക്ക് വഴങ്ങാത്ത മാധ്യമ പ്രവർത്തകരെ നിരന്തരം പീഡിപ്പിക്കുക, മതിയായ കാരണങ്ങൾ കൂടാതെ യുഎപിഎ അടക്കം ഘോരനിയമങ്ങൾ ഉപയോഗിച്ച് തുറുങ്കിലടക്കുക, തങ്ങളുടെ സംരക്ഷണയിലുള്ള അനുചരന്മാരെ ഉപയോഗിച്ചു വകവരുത്തുക തുടങ്ങിയ സംഭവങ്ങൾ രാജ്യത്ത് പതിവായിരിക്കുന്നു. രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗവും കൊലയും റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ട മലയാളി പത്രപ്രവർത്തകൻ സിദ്ദിഖ്‌ കാപ്പൻ, ഒഡിഷയിലെ കാലഹന്ദിയിൽ കൊലചെയ്യപ്പെട്ട രോഹിത് കുമാർ ബിസ്വാൾ, പ്രത്യേക ഭരണഘടനാ പദവി നഷ്‌ടമായ ജമ്മു കശ്മീരിൽ നിരന്തരമായ പീഡനത്തിനും ഭരണകൂട ക്രൂരതയ്ക്കും ഇരകളായി മാറിയ പത്രപ്രവർത്തകർ എല്ലാം ആർഎസ് എഫ് റിപ്പോർട്ട് ശരിവയ്ക്കുന്നു. മാധ്യമ സ്വാതന്ത്ര്യം ഒരു പരിധിവരെയെങ്കിലും ഉറപ്പുനല്കിയിരുന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്ക് അധ്യക്ഷൻ ഇല്ലാതായിട്ട് മാസങ്ങൾ തന്നെ കഴിഞ്ഞിരിക്കുന്നു. തൽസ്ഥാനത്ത് സ്വതന്ത്ര വ്യക്തിത്വങ്ങൾ വരുന്നതിന്റെ അപകടം തിരിച്ചറിഞ്ഞാണ് നിയമനം വൈകിക്കുന്നത്. രാജ്യത്തെ മാധ്യമങ്ങൾക്ക് പ്രതിവർഷം കേന്ദ്ര സർക്കാർ മാത്രം നല്കുന്ന പരസ്യം 13,000 കോടി രൂപയുടേതാണ്. സംസ്ഥാന സർക്കാരുകളും വലിയതോതിൽ പണം പരസ്യത്തിനായി ചിലവിടുന്നുണ്ട്. എന്നാൽ മാധ്യമങ്ങൾക്ക് പരസ്യം നൽകുന്നതിന്റെ മാനദണ്ഡം ഭരണകൂട വിധേയത്വമായി മാറിയിരിക്കുന്നു. ഭരണകൂടത്തെയും അവരുടെ നയപരിപാടികളെയും എതിർക്കുന്നവർക്കും വിമർശിക്കുന്നവർക്കും സാമ്പത്തികമായി പിടിച്ചുനിൽക്കാൻ ആവാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വിമർശനം ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് അവർ യാതൊരു നിയമലംഘനവും നടത്തിയില്ലെങ്കിലും ഭരണകൂടം പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് മലയാളം വാർത്താചാനൽ മീഡിയ വൺ നേരിട്ട ദുരനുഭവം നമുക്കുമുന്നിലുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിന്റെ നിലനില്പിന് പ്രാണവായുവിന് തുല്യമാണ് മാധ്യമ സ്വാതന്ത്ര്യം. രണ്ടാം കോവിഡ് തരംഗത്തിൽ പ്രാണവായു ലഭിക്കാതെ മനുഷ്യർ പിടഞ്ഞുമരിച്ച വസ്തുത പാർലമെന്റിൽ നിഷേധിച്ചവരാണ് മോഡിഭരണകൂടം. അതേ ലാഘവബുദ്ധിയോടെ മാധ്യമ സ്വാതന്ത്ര്യരാഹിത്യം നിഷേധിക്കാനും അവർക്ക് രണ്ടു തവണ ആലോചിക്കേണ്ടി വരില്ല.

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.