28 March 2024, Thursday

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2022 10:52 pm

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ വിലക്ക് വീഴുന്നതായി റിപ്പോര്‍ട്ടുകള്‍. ആഗോള മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇന്ത്യ എട്ട് സ്ഥാനം പിന്നോട്ടുപോയി. 180 രാജ്യങ്ങളുടെ പട്ടികയില്‍ 150ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം ഇത് 142 ആയിരുന്നു. ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ ഇന്നലെ റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (ആര്‍എസ്എഫ്) ആണ് പട്ടിക പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍, നെറ്റിസണ്‍ തുടങ്ങിയവര്‍ക്ക് ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന് ഭരണകൂടം നല്‍കുന്ന അംഗീകാരവും വിശകലനം ചെയ്താണ് മാധ്യമ സ്വാതന്ത്ര്യ പട്ടിക തയ്യാറാക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍, മാധ്യമങ്ങളുടെ രാഷ്ട്രീയപക്ഷപാതം, മാധ്യമ ഉടമസ്ഥത കുറച്ചുപേരിലേക്ക് മാത്രം കേന്ദ്രീകരിക്കുക, തുടങ്ങിയ കാരണങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനമായ ഇന്ത്യ പട്ടികയില്‍ പിന്നോട്ട് പോകാന്‍ കാരണമെന്ന് ആര്‍എസ്എഫ് പറയുന്നു. ബിജെപിയുടെ നേതാവും തീവ്രവലതുപക്ഷത്തിന്റെ ആള്‍രൂപവുമായ നരേന്ദ്രമോഡി രാജ്യത്തിന്റെ ഭരണമേറ്റെടുത്തത് മുതലാണ് മാധ്യമസ്വാതന്ത്ര്യം കൂടുതല്‍ അപകടത്തിലായി തൂടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ ഉല്പന്നമാണ് ഇന്ത്യന്‍ മാധ്യമമേഖല. തികച്ചും പുരോഗമന പാതയിലായിരുന്ന മാധ്യമമേഖല

മോഡിയുടെ വരവോടെ ശുഷ്കിച്ച് തുടങ്ങി. നരേന്ദ്രമോഡി അധികാരമേറ്റെടുത്തതിന് പിന്നാലെ മാധ്യമമേഖലയും ബിജെപിയുമായി അവിശുദ്ധബന്ധം ഉടലെടുക്കുകയും മാധ്യമ ഉടമസ്ഥത കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയും ചെയ്തു. ഇതില്‍ ഏറ്റവും മികച്ച ഉദാഹരണം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ടസ്ട്രീസ് ഗ്രൂപ്പാണ്. ഇന്ത്യയിലെ 80 കോടി ജനങ്ങള്‍ പിന്തുടരുന്ന എഴുപതോളം മീഡിയ ഔട്ട്‌ലെറ്റുകള്‍ മോഡിയുടെ അടുത്ത സുഹൃത്തായ അംബാനിയുടെ ഉടമസ്ഥതയിലാണ്, റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് പ്രതിരോധത്തിന്റെ വിവിധ ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രസ്താവനകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ഭരണകൂടവും അനുഭാവികളും നിയമവ്യവസ്ഥ ഉപയോഗിച്ച് ഗറില്ലാ യുദ്ധമാണ് നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് വാര്‍ത്ത ചെയ്ത 55 മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരും വന്‍തോതില്‍ ഭീഷണി നേരിടുന്നു. നോര്‍വെ, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ തന്നെയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. 12 രാജ്യങ്ങളിലാണ് മാധ്യമസ്വാതന്ത്ര്യം ഏറ്റവും അപകടകരമായ അവസ്ഥയിലുള്ളത്. ബെലാറുസ്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഉത്തരകൊറിയയാണ് പട്ടികയില്‍ ഏറ്റവും അവസാനമുള്ളത്.

Eng­lish summary;Media free­dom is declin­ing in India

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.