മഹാരാഷ്ട്രയിൽ മാധ്യമ അടിച്ചമർത്തൽ

Web Desk

മുംബൈ

Posted on August 07, 2020, 9:08 pm

ലോക്ഡൗൺ കാലയളവിൽ മഹാരാഷ്ട്ര സർക്കാർ മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും അടിച്ചമർത്തുന്നു. സർക്കാരിനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമ പ്രവർത്തകർക്കും മാധ്യമങ്ങൾക്കുമെതിരെ ക്രിമിനൽ കുറ്റങ്ങൾ വരെ ചുമത്തിയുള്ള കടുത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്.
രോഗവ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോഴും ലോക്ഡൗൺ തുടരുകയാണ്. ജില്ലാഭരണകൂടത്തിന്റെ അനുമതി പോലുമില്ലാതെ ഒരു പൊലീസുകാരൻ താനെയിൽ നിന്ന് 400 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ഗ്രാമത്തിലെത്തി ബന്ധുക്കളോടൊപ്പം താമസിച്ചു. സ്വയം ക്വാറന്റൈനിൽ പോകാതെയാണ് ഇയാൾ അവിടെ താമസം തുടർന്നത്.

എന്നാൽ ഇതിനെ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച മറാത്ത പത്രം പാര്‍ശ്വഭൂമിയുടെ എഡിറ്ററായ ഗമ്മത്ത് ഭണ്ഡാരിക്കെതിരെ ഐപിസി, പകർച്ചവ്യാധി നിയമങ്ങൾ പ്രകാരം കേസെടുക്കുകയാണ് സർക്കാർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിൽ അടയ്ക്കുകയും ചെയ്തു. കൂടാതെ മണൽ മാഫിയയുടെ രാഷ്ട്രീയ- പൊലീസ് ബന്ധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിന് അപകീർത്തിപ്പെടുത്തിയെന്ന പേരിൽ 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് 25 പൊലീസുകാർ വ്യത്യസ്ത നോട്ടീസുകൾ അയച്ചതായി ഭണ്ഡാരി പറഞ്ഞു.

പ്രിന്റ്, ദൃശ്യ, ഓൺലൈൻ മാധ്യമരംഗത്തുള്ളവർക്കെതിരെ 15 ഓളം കേസുകൾ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു ഡസനിലധികം എഴുത്തുകാർക്ക് വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചു. ഇതോടൊപ്പം അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജികളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

റിപ്പോർട്ടർമാർക്കും എഡിറ്റർമാർക്കും നടപടികൾ നേരിടേണ്ടി വന്നു. സംസ്ഥാനത്ത് മാർച്ച് മുതല്‍ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 1.3 ലക്ഷത്തിലധികം കേസുകള്‍ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ ജയിലിലടക്കുകയും ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. ഓഗസ്റ്റ് ആറ് വരെയുള്ള കണക്കുകൾ പ്രകാരം 4.68 ലക്ഷം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

Eng­lish sum­ma­ry; Media repres­sion in Maha­rash­tra

You may also like this video;