ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്

Web Desk
Posted on August 20, 2019, 1:00 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. കശ്മീര്‍ റീഡര്‍, റൈസിങ് കസ്മീര്‍, ഖാന്‍ ന്യൂസ് തുടങ്ങിയ പത്രങ്ങള്‍ അച്ചടിക്കുന്നുവെങ്കിലും വില്‍ക്കാന്‍ കഴിയുന്നില്ല. കൂടാതെ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സുരക്ഷാ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്.
കശ്മീരിന്റെ ശബ്ദമെന്ന് ലോകം പറയുന്ന കശ്മീര്‍ ലൈഫ് എന്ന ആഴ്ച്ചപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ല. അറസ്റ്റ് ഭയന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന് കശ്മീര്‍ ലൈഫ് അസോസിയേറ്റ് എഡിറ്റര്‍ ഷാംസ് ഇര്‍ഫാന്‍ പറയുന്നു. കൂടാതെ ലഭിക്കുന്ന വിവരങ്ങള്‍ക്ക് സ്ഥിരീകരണമില്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് ഇതിനുള്ള മുഖ്യകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥീരിക്കാതെയുള്ള വാര്‍ത്തകള്‍ നല്‍കിയാല്‍ ഏത് സയമത്തും അറസ്റ്റിലാകാവുന്ന അവസ്ഥയാണ് ഇപ്പോഴും കശ്മീരില്‍ തുടരുന്നത്. നേരത്തെയും കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തടവറയ്ക്ക് തുല്യമായ നിയന്ത്രണങ്ങള്‍ മുമ്പ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കശ്മീര്‍ വാലാ ചീഫ് എഡിറ്റര്‍ ഫഹദ് ഷായും പറയുന്നു.