September 28, 2022 Wednesday

ഭീതി വിൽക്കുന്ന ചാനലുകൾ

സതീഷ്ബാബു കൊല്ലമ്പലത്ത്
August 1, 2020 2:10 am

റഷ്യൻ ദമ്പതികളുടെ അഞ്ച് വയസായ കുട്ടി തന്റെ ക്ലിനിക്കിന് സമീപമുള്ള വില്ലയിൽ നഖം കടിച്ച് ഉത്ക്കണ്ഠയോടെ, തെല്ലൊരാവേശത്തോടെയും ടെലിവിഷനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത് യാദൃശ്ചികമായി കാണാനിടയായി. തീർച്ചയായും അവതാരകന്റെ ഭാഷ മനസിലാക്കാൻ കഴിയില്ല. പക്ഷേ ഉത്ക്കണ്ഠ തോന്നിക്കുന്ന കുട്ടിയുടെ മുഖഭാവം ജോണിന്റെ (ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ മനഃശാസ്ത്രജ്ഞനായ ലോഗൻ ജോൺസ്) ശ്രദ്ധയിൽപെട്ടു.

ഭാഷ മനസിലാകുന്നില്ലെങ്കിലും കുട്ടിക്ക് ഒരു ലഹരി നല്കുന്ന രൂപത്തിൽ ഒരു ശ്രവം ടെലിവിഷനിൽ നിന്ന് ന്യൂറോ ട്രാൻസ്മിറ്റുകളെ താളം തെറ്റിക്കുന്നുണ്ട്. ഇത് കുട്ടി വീണ്ടും ആവർത്തിച്ചു. വാർത്ത കാണുന്നതിനു മുൻപും പിൻപും കുട്ടിയുടെ സ്വഭാവം, മനോനില, രക്തസമ്മർദ്ദം തുടങ്ങിയവ പരിശോധിച്ചു. സമ്മർദ്ദം കൂടിയതോടൊപ്പം മനോനിലയിലും മാറ്റവും കൃത്രിമമായ ഒരു ആവേശവും കണ്ടെത്തിയത് അത്ഭുതപ്പെടുത്തി. സുഖകരമായ പാട്ടു കേൾക്കുമ്പോൾ കൂടുതൽ ഡൊപ്പാമൈൻ ഉല്പാദിപ്പിക്കുന്നു. അതേ അവസരത്തിൽ ഉത്തേജിപ്പിക്കുന്ന ശബ്ദം ഇതിന്റെ അംശം കുറയ്ക്കുകയും ചെയ്യുന്നു. നാം അറിയാതെ വാർത്തകൾ നമ്മെ ലഹരിപിടിപ്പിക്കുന്നതോടെ ഉത്തേജനം നൽകുന്ന രാസവസ്തുവിന്റെ അളവ് കുറഞ്ഞ് പെട്ടെന്ന് നിരാശയിലേക്ക് വീഴുകയും ചെയ്യുന്നു. കുട്ടികൾ ഇത്തരം ശബ്ദഘോഷങ്ങൾ ഉള്ള ഒന്നും തന്നെ പ്രത്യേകിച്ച് അത്തരം ചാനലുകൾ പോലും ഒഴിവാക്കണമെന്ന് ജോൺസ് പറഞ്ഞു. സ്വസ്ഥമായുള്ള റിപ്പോർട്ടിങ് ആണെങ്കിൽ അത് നമ്മുടെ ന്യൂറോണുകളെ തകർക്കുന്ന രീതിയിൽ ഡൊപ്പോമൈനെ ഒരിക്കലും കുറയ്ക്കില്ല. ലഹരിയുള്ള ഈ ശബ്ദം കേൾക്കുന്തോറും പിൻവാങ്ങാതെ പിന്നെയും കേൾക്കാൻ തോന്നുന്ന അവസ്ഥ അത്ര നിസ്സാരമല്ല. അതാണ് ലഹരി ശബ്ദം. ചാനലുകളിൽ നിന്ന് ശല്യശബ്ദ പ്രഹരങ്ങൾ വിഷമായി വരുന്നതാണ് അപകടം, പ്രത്യേകിച്ചും ചെറിയ കുട്ടികൾക്ക്. കേവലം വാർത്തകൾക്ക് വിഷമായി മാറാൻ കഴിയില്ല. ലഹരിപിടിപ്പിക്കുന്ന രീതിയിൽ പിന്നണി ശബ്ദത്തോടെ അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ വിഷമായി മാറുന്നു. നിർഭാഗ്യവശാൽ, ഇന്ന് കാണുന്ന ധാരാളം വാർത്തകൾ റിപ്പോർട്ടുചെയ്യുന്നില്ല, കാരണം ഇത് ആളുകളെ വാർത്താ സൈക്കിളിന് അടിമയാക്കുന്ന ഒരു മാർഗമാണ്, ലോഗൻ ജോൺസ് രേഖപ്പെടുത്തി.

വാർത്തകൾ റിപ്പോർട്ടിംഗ് നടത്തുന്നതിന് പകരം ത്രില്ലിങ്ങും ലഹരിയും ഉണ്ടാക്കുന്ന വിധത്തിൽ പിന്നാമ്പുറ ശബ്ദപ്രഭാവം ഉണ്ടാക്കി നമ്മെ ലഹരിക്കടിമയാക്കുന്നു. നമ്മുടെ ഒരു ചാനലിന്റെ (പേര് പറയുന്നില്ല) പ്രവർത്തനം കണ്ടപ്പോൾ കുറച്ചുമാസം മുൻപ് വായിച്ച റിസർച്ച് ലേഖനമാണ് ഓർമ്മവന്നത്. വാർത്തകളുടെ അവതരണ രീതി, പദപ്രയോഗം, അവതാരകന്റെ ശരീരഭാഷ, ബ്രേക്കിംഗ് ന്യൂസിലെ അക്ഷരങ്ങളുടെ വലിപ്പം, അതിൽ കൊടുക്കുന്ന വെളിച്ചം, ചർച്ചയാണെങ്കിൽ അതിഥികൾ ഉപയോഗിക്കുന്ന ഭാഷ, ജാതി-മത പരാമർശം തുടങ്ങിയവ ചാനൽ റേറ്റിംഗിനെ ബാധിക്കുന്ന ഘടകങ്ങൾ ആണ്. ആളുകൾക്ക് നല്ല വാർത്തയേക്കാൾ വിപരീത വികാരം ഉണ്ടാക്കുന്ന പരിപാടിയും വാർത്തയും ആണ് നൽകുന്നത്. വിപരീത വാർത്തകൾ കൂടുതൽ റേറ്റിംഗ് വരുന്നതാണ് ഇവരുടെ പ്രധാന കരുത്ത്. വാർത്തകൾ കണ്ടെത്തുന്നതിന് വിശാലവും സത്യസന്ധവുമായ പ്രവർത്തനമാണ് അഭികാമ്യം. പകരം കൃത്രിമമായി വാർത്തകളെ ഉണ്ടാക്കിയ ശേഷം ലഹരിശബ്ദം വഴി ശ്രോതാക്കളിലേക്ക് എത്തിക്കുന്നു. ഇത് തികച്ചു ഭരണഘടനാ വിരുദ്ധമാണ്. വാർത്തകൾ വിതരണം ചെയ്യുന്ന ഉത്തരവാദിത്തം വൻകിട ബഹുരാഷ്ട്ര വ്യവസായങ്ങൾ ഏറ്റെടുക്കുമ്പോഴാണ് അവ ഒരു ബിസിനസ് ആയി മാറുന്നത്. ജനാധിപത്യത്തിന്റ ഏറ്റവും പ്രധാന അവയവമായ പത്രവും ചാനലുകളും ജനാധിപത്യവിരുദ്ധമാകുന്നതും ഈ സന്ദർഭത്തിലാണ്. വാർത്തയും അതിനു വേണ്ടിയുള്ള മത്സരവും നിലനിൽപിന്റെ ഉറവിടം ആയി മാറുമ്പോൾ സ്വാഭാവികമായും ജനാധിപത്യ താൽപര്യങ്ങളെ ഒഴിവാക്കേണ്ടി വരും. ആളുകളെ ത്രസിപ്പിക്കുന്നതും തെറ്റായ സന്ദേശം നൽകുന്നതുമായ വാർത്തകൾ സൃഷ്ടിച്ച് ഏറ്റവും ആദ്യം പ്രക്ഷേപണം ചെയ്യുന്നതും നിലനിൽപിനു വേണ്ടിയാണ്.

മനുഷ്യന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കിയ കൊറോണ ഒന്നര കോടിയോളം വരുന്ന ജനങ്ങളെ ബാധിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റി കരുതൽ നടപടികളുമായി മുന്നോട്ട് പോകുവാൻ പ്രോഗ്രാമുകൾ നടപ്പാക്കാൻ ബാധ്യതപ്പെട്ടവരാണ് വാർത്താ ചാനലുകൾ. പകരം ആളുകളെ ഭീതിപ്പെടുത്തുന്ന വാർത്തകൾ കൃത്രിമമായി ഉണ്ടാക്കിയാലോ? നമ്മുടെ ഭരണഘടനക്ക് വിരുദ്ധമല്ലേ? കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രധാന മെഡിക്കൽ കോളജിലെ വാർഡ് ചിത്രീകരിക്കുവാൻ ഉത്തരേന്ത്യയിലെ ഏതോ ഒരു ആശുപത്രിയുടെ ചിത്രംവച്ച് ജനങ്ങളെ ഭീതിപ്പെടുത്തിയ ചാനൽ അവസാനം മാപ്പുപറയേണ്ടി വന്നു. പ്രശ്നങ്ങളെ കൃത്രിമമായി ഉണ്ടാക്കുകയും അതിൽനിന്നും ഉണ്ടായ പേടികൾ ലഹരിശബ്ദത്തിന്റെ പിൻബലത്തോടെ വിൽക്കുകയും ചെയ്യുകയാണ് ചാനലുകൾ ഇന്ന്. ബോധവൽക്കരണം വിപരീത വാർത്തയല്ലാത്തതുകൊണ്ട് തന്നെ ഇത്തരം ബഹുരാഷ്ട്ര ചാനലുകൾക്ക് താല്പര്യം ഉണ്ടാകില്ല. ആ സമയം പണം കിട്ടുന്ന പരസ്യത്തിന് കൊടുക്കും. നമ്മൾ ഭൂരിഭാഗവും മാസ്ക് ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത്. പലരും താടിയിൽ വരെയാണ് ഇവ വയ്ക്കുന്നത്. കാറ്റും വൈറസും കടക്കാൻ സാധ്യത ഉള്ള സിങ്കിൾ ലെയർ മസ്ക് ആണ് പലരും ഉപയോഗിക്കുന്നത്. ഇത് കോവിഡ് പരത്തും. ടിവി ചർച്ചകളിൽ ഈ ഒരു വിഷയം ഇത്തരം ചാനലുകളിൽ ചർച്ചാവിഷയമാകുന്നില്ല. പ്രധാനപ്പെട്ട വിപരീത വാർത്തകൾക്ക് പ്രാധാന്യം നൽകാതെ അപ്രധാന വാർത്തകൾ പർവ്വതീകരിച്ചു കാണിക്കുന്നതും ഒരു തന്ത്രമാണ്. കേന്ദ്ര ഗവൺമെന്റ് പെട്രോളിന്റെ വില കൂട്ടിയതും ഡൽഹി സർക്കാറും ഉത്തർപ്രദേശ് സർക്കാറും കോവിഡിന്റെ യഥാർത്ഥ മരണനിരക്ക് പുറത്തുവിടാത്തതും ഒരു ചർച്ചയല്ല. കൂടെപ്പിറപ്പായ പ്രവർത്തകർ വെടിയേറ്റു മരിച്ചുവീണതും ബഹുരാഷ്ട്ര ചാനലുകൾക്ക് വാർത്തയല്ല.

കോവിഡ് കാലത്ത് ഭക്ഷണം കിട്ടാതെ യുപിയിലും മറ്റും മണ്ണു വാരിത്തിന്നതും വാർത്തയല്ല. അത് ഒരു വിപരീത വാർത്തയാണെങ്കിലും ജനങ്ങളുടെ മുന്നിലെത്തിക്കാൻ പേടിയാണ്. സ്വന്തം കുടുബത്തിൽപ്പെട്ടവരെ കൊന്നാൽ പോലും അത് വാർത്തയല്ല. അടിയന്തരാവസ്ഥക്കുശേഷം മാധ്യമ സ്വാതന്ത്യ്രത്തെ നിയന്ത്രിക്കുകയും വാർത്ത നൽകിയ പത്ര പ്രവർത്തകരെ കൊല്ലുകയും ചെയ്ത ചരിത്രം ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടില്ല. 2014 മുതൽ 2019 വരെ 198 ഓളം പത്രപ്രവർത്തകരെ മർദ്ദിക്കുകയോ കൊല്ലുകയോ ജയിലിലടക്കുകയോ ഉണ്ടായി. 40 പേരെ കൊന്നു. “ഗെറ്റിങ് വിത്ത് മർഡർ” എന്ന റിപ്പോർട്ടിൽ ഗീത ശേഹു, ഉർവ്വശി സർക്കാർ എന്നിവർ ഇതിനെതിരെ ശക്തമായ ഭാഷയിൽ സർക്കാരിന് താക്കീത് നല്കിയിട്ടും നമുക്ക് വാർത്തയായില്ല. ഈ കഴിഞ്ഞ ഫെബ്രവരി 24ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ പത്രപ്രവർത്തകനായ ആകാശ് നാപയെ കുത്തിപ്പരിക്കേൽപ്പിച്ചു. മാത്രമല്ല വനിതാ പ്രവർത്തകരെ പോലും ക്രൂരമായി പീഡിപ്പിച്ചിട്ടും ഒരു വാക്കു പോലും മിണ്ടിയില്ല. വിഷമില്ലാത്ത ഭക്ഷണം തിരഞ്ഞെടുക്കുന്നതുപോലെ പ്രധാനപ്പെട്ടതാണ് വിഷമില്ലാത്ത ചാനൽ വാർത്തകളെയും തിരഞ്ഞെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.