നേരായ കാര്യങ്ങളെ വക്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

Web Desk
Posted on March 13, 2019, 10:33 pm

തിരുവനന്തപുരം: ബദല്‍ നയങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ലഭിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകള്‍ നടത്തിയത് എല്‍ഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ചു വര്‍ഷം രാജ്യത്തുടനീളം ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ നിരവധി പേരാട്ടങ്ങളാണ് നടന്നത്. ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തിയ പേരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. രാജ്യത്ത് ബദല്‍ നയങ്ങള്‍ ഉയര്‍ത്താനും മത നിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരാനും ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്വീകാര്യതയുള്ളവരെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളാക്കിയത്. അതുകൊണ്ടു തന്നെ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിലെ പലരെ പറ്റിയും നാട്ടുകാര്‍ക്ക് വലിയ സംശയമാണ്. ഇവര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് എപ്പോഴാണെന്ന് ആര്‍ക്കും അറിയില്ല. കോണ്‍ഗ്രസ് എന്നത് ബിജെപിയുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. മുഖ്യമന്ത്രിമാരും എഐസിസി നേതാക്കളുമടക്കം നിരവധി പേരാണിപ്പോള്‍ ബിജെപിയുടെ നേതൃനിരയില്‍ നിരന്നു നില്‍ക്കുന്നത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിക്കുന്നവര്‍ ബിജെപിക്കുവേണ്ടി കൈപൊക്കില്ലെന്ന് ഒരു ഉറപ്പും പറയാന്‍ വയ്യാത്ത അവസ്ഥയാണുള്ളതെന്നും പിണറായി പറഞ്ഞു.

നേരായ കാര്യങ്ങളെ വക്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവച്ചുവെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് ഒടുവിലത്തെ ഉദാഹരണം മാത്രമാണെന്ന് നളിനി നെറ്റോയുടെ രാജി സംബന്ധിച്ച വാര്‍ത്തകളോട് മുഖ്യമന്ത്രി പ്രതികരിച്ചു.
ബുധനാഴ്ച താന്‍ ഒരു കടലാസില്‍ ഒപ്പുവച്ചു. സ്ഥാനമൊഴിഞ്ഞ നളിനി നെറ്റോയുടെ സഹോദരനും മുന്‍ ഇന്‍കം ടാക്‌സ് കമ്മിഷണറുമായ ആര്‍ മോഹനനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിശ്ചയിച്ച കടലാസാണത്. ഇത്തരം ഒരുസ്ഥാനത്ത് സഹോദരന്‍ ചുമതലയേല്‍ക്കുമ്പോള്‍ അവിടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ഇരിക്കുന്നത് ഔചിത്യമല്ല എന്ന് അവര്‍ക്ക് തന്നെ തോന്നിയതുകൊണ്ടാണ് നളിനി നെറ്റൊ ഒഴിഞ്ഞത്. വസ്തുത അതാണ്. ഇതാണു ചിലരുടെ പ്രചാരണ രീതിയെന്ന് നാം മനസിലാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read this also

തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്; സൈന്യത്തിന്റെ ചിത്രങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്