കത്വപെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമസ്ഥാപനങ്ങള്‍ 10ലക്ഷം രൂപ പിഴ അടയ്‌ക്കണം

Web Desk
Posted on April 18, 2018, 7:23 pm

ന്യൂഡല്‍ഹി: കാശ്മീരിലെ കത്വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ച മാധ്യമസ്ഥാപനങ്ങള്‍ 10ലക്ഷം രൂപ പിഴ അടയ്‌ക്കണമെന്ന് കോടതി ഉത്തരവ്. ഡല്‍ഹി ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി പിരിക്കുന്ന ഫണ്ടിലേക്ക് പണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം. നോട്ടീസ് ലഭിച്ചവരാണ് പിഴ അടക്കേണ്ടത്. തെറ്റ് ആവർത്തിച്ചാൽ ആറുമാസം തടവ് അനുഭവിക്കേണ്ടി വരും.
പെണ്‍കുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതില്‍ ആക്ടിംഗ് ജസ്റ്റിസ് ഗീത മിത്തല്‍ ചീഫ് ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവര്‍ സ്വമേധയ കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് 10 ലക്ഷം രൂപ പിഴ ഒടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. മാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റചട്ടത്തിന്റെ സെക്ഷന്‍ 23, പോക്സോ  ആക്ടിലെ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കോടതിയുടെ നടപടി. ബലാത്സംഗത്തിലെ ഇരയുടെ പേര് വെളുപ്പെടുത്തിയാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ദ ഹിന്ദു, സ്‌റ്റേസ്മാന്‍, ദ പയനിയ  ര്‍, നവഭാരത് ടൈംസ്, എന്‍ഡി ടിവി, ഫസ്റ്റ്‌പോസ്റ്റ്, ദ വീക്ക്, റിപ്പബ്ലിക് ടിവി, ഡെക്കാന്‍ ക്രോണിക്കിള്‍, ഇന്ത്യ ടിവി, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയവരോടെല്ലാം ഇതുസംബന്ധിച്ച്‌ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.