18 April 2024, Thursday

ചികിത്സ ലഭിക്കുകയെന്നത് വിചാരണ തടവുകാരുടെ അവകാശമെന്ന് കോടതി

Janayugom Webdesk
മുംബൈ
September 11, 2022 9:35 pm

ചികിത്സ ലഭിക്കുകയെന്നത് വിചാരണ തടവുകാരുടെ അവകാശമാണെന്ന് കോടതി. ജയിലില്‍ കഴിയുന്ന രാകേഷ് കുമാര്‍ വാധവാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച പ്രത്യേക കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 69കാരനായ വാധവാനെ ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും വീല്‍ചെയറിലുള്ള രോഗിയുടെ പരിചരണത്തിനായി വാര്‍ഡില്‍ മുഴുവന്‍ സമയവും ഒരാളെ പ്രത്യേകമായി നിയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹൗസിങ് ഡവലപ്മെന്റ് ആന്റ്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (എച്ച്ഡിഐഎല്‍) ഡയറക്ടറായ വാധവാന്‍ 2019ലാണ് അറസ്റ്റിലാകുന്നത്.

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കുമായുള്ള പണമിടപാടിലായിരുന്നു അറസ്റ്റ്. എച്ച്ഡിഐഎല്ലിന് നല്കിയ ഭീമമായ വായ്പകള്‍ മറച്ചുപിടിക്കുന്നതിന് പിഎംസി ബാങ്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കുകയും 4,344 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. വാധവാന്റെ മകന്‍ സാരംഗും ഈ കേസില്‍ അറസ്റ്റിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷ അനുവദിച്ചാല്‍ എന്‍ഫോഴ്സ്മെന്റിന്റെ കേസിനെ ബാധിക്കില്ലെന്നും നിരസിച്ചാല്‍ അത് വിചാരണ തടവുകാരന്റെ അവകാശ ലംഘനമാകുമെന്നും പ്രത്യേക കോടതി ജഡ്ജി എം ജി ദേശ്പാണ്ഡെ പറഞ്ഞു. കോടതിക്ക് നിശബ്ദനായ കാഴ്ചക്കാരനാകാനും അപകടകരമായ ആരോഗ്യം അവഗണിക്കുവാനും സാധിക്കില്ല.

അപേക്ഷകന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്കുമ്പോള്‍ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് കരുതുന്നതായും കോടതി പറഞ്ഞു. വാധവാന് അടിയന്തര ചികിത്സ ആവശ്യമാണെന്നും പരിചരണമില്ലാതെ കഴിയില്ലെന്നും സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ ഇടപെടൽ ആവശ്യമാണെന്നുമുള്ള ആര്‍തര്‍ റോഡ് ജയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടവുകാരനെ പരിചരിക്കാൻ ജയിൽ ജീവനക്കാർക്ക് സാധിക്കുമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വര്‍ഷമാദ്യം ഹൃദയ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വാധവാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അനുമതി നല്കിയിരുന്നു.

Eng­lish Sum­ma­ry: Med­ical Aid Is Right of Under­tri­al Prisoner
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.