മെഡിക്കല്‍ കമ്മീഷന്‍ ബില്ല് ഇന്ന് രാജ്യസഭയില്‍

Web Desk
Posted on August 01, 2019, 9:08 am

ന്യൂഡല്‍ഹി;രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മെഡിക്കല്‍ കമ്മീഷന്‍ ബില്ല് സര്‍ക്കാര്‍ ഇന്ന് രാജ്യസഭയില്‍ കൊണ്ടുവരും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പകരമായാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്ല് കൊണ്ടുവരുന്നത്.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ അലോപ്പതി ചികിത്സക്ക് അനുമതി നല്‍കുന്നതാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ല്.

കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡര്‍മാരെ ആധുനിക വൈദ്യശാസ്ത്രം പഠിപ്പിച്ച് സര്‍ക്കാരിന് ലൈസന്‍സ് നല്‍കാമെന്ന് ബില്ലില്‍ പറയുന്നുണ്ട്. ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകാത്ത സ്ഥലങ്ങളില്‍ വൈദ്യസഹായം ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും യോഗ്യതയില്ലാത്തവരെ ഡോക്ടര്‍മാരായി അംഗീകരിക്കാനാകില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കുന്നു.ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ തുടര്‍ സമരങ്ങള്‍ ശക്തമാക്കാനാണ് ഐഎംഎ നീക്കം.

മെഡിക്കല്‍ ബില്ലിനെതിരെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം രാജ്ഭവന് മുന്നില്‍ തുടരുകയാണ്. ഇന്നലെയാണ് സമരം തുടങ്ങിയത്. ബില്ലിനെതിരെ ഡോക്ടര്‍മാര്‍ ഇന്നലെ രാജ്യവ്യാപകമായി 24 മണിക്കൂര്‍ പണിമുടക്കി പ്രതിഷേധിച്ചിരുന്നു.