അന്യസംസ്ഥാനങ്ങളിലേക്ക് വാട്സ് ആപ് സന്ദേശങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ

Web Desk

തിരുവനന്തപുരം

Posted on September 25, 2020, 9:46 pm

മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയെ പ്രകീർത്തിച്ചു കൊണ്ടുള്ള വാട്സ് ആപ് സന്ദേശങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കും. വിദഗ്ധ ചികിത്സ നേടി രോഗമുക്തി നേടിയവരുടെ അനുഭവങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതോടെ തമിഴ്നാട്ടിൽ നിന്നും മറ്റും ചികിത്സ ലഭ്യമാകുന്നതു സംബന്ധിച്ച് ദിനംപ്രതി നിരവധി ഫോൺ കോളുകളാണെത്തുന്നത്.

ഇത്തരം അന്വേഷണങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലമായി നടന്നു വരുന്നെങ്കിലും അടുത്തിടെ അത് പതിന്മടങ്ങ് വർധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സങ്കീർണ ശസ്ത്രക്രിയകൾ വരെ പൂർണ വിജയമാണെന്ന ചികിത്സയിൽ കഴിഞ്ഞ രോഗികളുടെ സന്ദേശം വീഡിയോ രൂപത്തിൽ വാട്സ് ആപിലൂടെ ലഭ്യമായെന്നും അതുകണ്ടിട്ടാണ് വിളിക്കുന്നതുമെന്നാണ് അന്വേഷകർ പറയുന്നത്. കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിലും അന്വേഷണങ്ങൾക്ക് കുറവില്ല.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്ന ആർദ്രം, ഇ ഹെൽത്ത്  പദ്ധതികൾ ഉൾപ്പെടെ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. അതിൻ്റെ പ്രതിഫലനമാണ് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള അന്വേഷണങ്ങൾ വ്യക്തമാക്കുന്നത്.

വിവിധ ചികിത്സാ വിഭാഗങ്ങളിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ചും വാർഡുകൾ നവീകരിച്ചും തികച്ചും രോഗീ സൗഹൃദമാക്കി മാറ്റിയതും മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രാധാന്യം വർധിപ്പിച്ചു. മെഡിക്കൽ കോളേജിൻ്റെ അഭിമാന പദ്ധതിയായ മാസ്റ്റർ പ്ലാൻ അടക്കമുള്ള നിരവധി പദ്ധതികൾ നടന്നു വരുന്നു. അവ കൂടി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് വലിയ പ്രാധാന്യം കൈവരും.

Eng­lish sum­ma­ry; Med­ical facil­i­ties at Med­ical Col­lege Hos­pi­tal to oth­er states as What­sApp mes­sages

You may also like this video;