ചികിത്സാപിഴവില്‍ പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ മന്ത്രിയുടെ ഉത്തരവ്. ഡോക്ടര്‍മാരുടെ അശ്രദ്ധയെ തുടര്‍ന്ന് നവജാത ശിശുവും മാതാവും മരിച്ച സംഭവത്തിന് പിന്നാലെ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടി. സംസ്ഥാനത്ത് ആദ്യമായാണ് ഒരാശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.
കളക്ടർ ചെയർമാനും ഡിഎംഒ വൈസ് ചെയർമാനുമായുള്ള ജില്ലാ രജിസ്റ്ററിങ് അതോറിറ്റി സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മന്ത്രി നിർദേശം നൽകി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് ചൊവ്വാഴ്ച രാത്രി ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.
ഭിന്നശേഷിക്കാരിയായ കാർത്തികയ്ക്ക് കാലിലെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയായിരുന്നു മരണം. രാത്രി ഒമ്പത് മണിയോടെ യുവതി മരിച്ചെങ്കിലും ബന്ധുക്കളെ വിവരം അറിയിച്ചത് 11 മണിക്ക് ശേഷമായിരുന്നു. കാലുകൾക്കു തളര്‍ച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ചിറ്റൂര്‍ തത്തമംഗലം ചെമ്പകശ്ശേരിയില്‍ എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യയും നവജാത ശിശുവും മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിക്കെതിരെ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു. സംഭവത്തില്‍ മൂന്ന് ഡോക്ടർമാര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല. ഡോ. അജിത്, ഡോ നിള, ഡോ. പ്രിയദർശിനി എന്നിവർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
സംഭവത്തിൽ യുവജന കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കാര്‍ത്തികയുടെ മരണവിവരം പുറത്തറിഞ്ഞപ്പോള്‍ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഇന്നലെ ആശുപത്രിയിൽ ക്യാമ്പ് ചെയ്തിരുന്നു. എഐവൈഎഫ് അടക്കം യുവജന സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
എഐവൈെഫ് ജില്ലാ സെക്രട്ടറി കെ ഷാജഹാൻ, പ്രസിഡന്റ് പി നൗഷാദ്. സുരേഷ് കൈതച്ചിറ. രാജേഷ് മണ്ണൂർ, പി കാർത്തിക്, അലി ആലത്തൂർ, ഭരത് മണ്ണാർക്കാട്. ഷൈജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. ഡിവൈെഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമാണെങ്കിൽ ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കും. അംഗീകൃത ചികിത്സാ സമ്പ്രദായമുള്ള എല്ലാ സർക്കാർ‑സ്വകാര്യ ആശുപത്രികളും നിയമത്തിന്റെ പരിധിയിൽ വരും.
രോഗനിർണയം, ചികിത്സ, ദന്തരോഗങ്ങൾ, പ്രസവചികിത്സ തുടങ്ങിയവയ്ക്ക് കിടക്കകളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ആശുപത്രികൾ, മെറ്റേണിറ്റി ഹോം, നഴ്സിങ് ഹോം എന്നിവ നിയമത്തിന്റെ പരിധിയിൽ വരും.
പാത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ രോഗനിർണയം നടത്തുന്ന മെഡിക്കൽ ലാബ് സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. നിയമലംഘനം കണ്ടെത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം. ഗുരുതരമാണെങ്കിൽ ആശുപത്രി പൂട്ടേണ്ടിവരും.
English summary;Medical malpractice: Three deaths in two days
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.