ന്യൂമോണിയ ബാധിച്ച എട്ടുവയസ്സുകാരന് മരുന്ന് നല്‍കിയത് അഞ്ചാം പനിക്ക്

Web Desk

തൃശൂര്‍

Posted on July 03, 2019, 10:00 am

എട്ടുവയസ്സുകാരന്‍ മകന്‍ മരിച്ചത് രോഗ നിര്‍ണയത്തിലെ പിഴവുമൂലമെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍. നടവരമ്ബ് സ്വദേശി ഷിബുവും ഭാര്യയുമാണ് മകന്റെ മരണത്തില്‍ ആരോപണമുന്നയിച്ച്‌ രം​ഗത്തെത്തിയിരിക്കുന്നത്. ഇവരുടെ മകന്‍ ശ്രീറാമാണ് മരിച്ചത്. ന്യൂമോണിയ ബാധയെത്തുടര്‍ന്നായിരുന്നു മരണം. ഡോക്ടറുടെ അശ്രദ്ധ മൂലമാണ് മകനെ നഷ്ടപ്പെട്ടതെന്നും രോ​ഗനിര്‍ണയത്തിലെ പിഴവാണ് കാരണമെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബം രം​ഗത്തെത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ഷാജി ജേക്കബ് ആണ് ശ്രീറാമിനെ ചികിത്സിച്ചത്.

കഴിഞ്ഞ മാസം 18-ാം തിയതിയാണ് മകനെ പനിമൂലം ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും കുട്ടിക്ക് അഞ്ചാംപനിയാണെന്ന് പറഞ്ഞ് മരുന്ന് നല്‍കി പറഞ്ഞയക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. പനിയും ശര്‍ദ്ദിയും നില്‍ക്കാതെവന്നപ്പോള്‍ മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും ഡോക്ടറെ സമീപിച്ചു. സ്കാനിം​ഗ് നടത്തി പരിശോധിച്ചപ്പോഴാണ് മകന് ന്യൂമോണിയ ആണെന്ന് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ അണുബാധ ഉണ്ടെന്നും നില ​ഗുരുതരമാണെന്നും അറിയി‌ക്കുകയായിരുന്നു. മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം കുട്ടിയുടെ മരണകാരണം‌ രോഗ നിര്‍ണയത്തിലെ പിഴവല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പനിമൂലം ചികിത്സ തേടി എത്തിയപ്പോള്‍ കുട്ടിക്ക് ന്യൂമോണിയ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തുടര്‍ചികിത്സക്കായി കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിച്ചെങ്കിലും മാതാപിതാക്കള്‍ തയ്യാറായില്ലെന്നും അധികൃതര്‍ പറഞ്ഞു. ശ്രീറാമിന്റെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നും സംഭവത്തില്‍ പ്രാഥമിക അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.