വെന്റിലേറ്റര്‍ രോഗിയുടെ ബന്ധുക്കൾ കൊണ്ടുവരണമെന്ന് ഡോക്ടര്‍; ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

Web Desk
Posted on February 12, 2019, 12:36 pm

ഭോപ്പാൽ:  പൊള്ളലേറ്റ ഒന്നര വയസ്സുകാരി മതിയായ ചികിത്സ കിട്ടാതെ മരിച്ചു. മധ്യ പ്രദേശിലെ സാഗർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കൃത്യ സമയത്ത് വെന്റിലേറ്റർ സൗകര്യം ലഭിക്കാത്തതാണ് മരണ കാരണം. തിളച്ച വെള്ളം ശരീരത്തിൽ വീണ് എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അൻഷിക എന്ന ഒന്നര വയസുകാരിയെ  മെഡിക്കല്‍ കോളേജിലെത്തിച്ചു എങ്കിലും വിദഗ്ധ ഡോക്ടര്‍മാര്‍ കുട്ടിയെ ചികിത്സിക്കാനോ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കാനോ തയ്യാറായില്ല.

കുട്ടിയെ പരിശോധിക്കാനെത്തിയ ഡോ. ജ്യോതി റൗത്ത് ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും കുട്ടിയുടെ ജീവന്‍ രക്ഷിക്കണമെങ്കില്‍ നിങ്ങള്‍തന്നെ വെന്റിലേറ്റര്‍ സൗകര്യം ഒരുക്കണമെന്നും മാതാപിതാക്കളോട് പറഞ്ഞു. ഇതിനിടെ ചികിത്സ കിട്ടാതെ അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഡോക്ടറും കുട്ടിയുടെ ബന്ധുക്കളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പിന്നീട് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഡോ. ജ്യോതി റൗത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെ ഡോ. ജ്യോതി റൗത്തിനെ സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.  അതേസമയം, പൊള്ളലേറ്റ കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തെറ്റാണെന്ന് ഡോ. ജ്യോതി റൗത്ത് പ്രതികരിച്ചു.