ഒറ്റപ്പാലത്ത് യുവതി ചികിത്സ തേടിയത് മൂത്രത്തിൽ കല്ലിന്: നഷ്ടമായത് കൈകാലുകൾ

ഒറ്റപ്പാലം :
മൂത്രത്തില്‍ കല്ലിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒറ്റപ്പാലം സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് സ്വന്തം കൈകാലുകള്‍. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ പിഴവുണ്ടെന്നാണ് ആരോപണം. ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ചികിത്സാപ്പിഴവില്‍ കൈകാലുകള്‍ നഷ്ടമായ ലീനയും കുടുംബവും.
ജൂണ്‍ ഒന്നിനാണ് മൂത്രത്തില്‍ കല്ലിന്റെ ലക്ഷണങ്ങളോടെ ഒറ്റപ്പാലം സ്വദേശി ഹരിദാസിന്റെ ഭാര്യ ലീനയെ വള്ളുവനാടെന്ന സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ശസ്ത്രക്രിയ വിജയമെന്നും ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ രാത്രി രണ്ടു മണിയോടെ സ്ഥിതി ഗതികള്‍ മാറി. രക്തസമ്മര്‍ദ്ദം താഴ്ന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സാരമായ തകരാറുകളുണ്ടെന്ന് അറിയിപ്പ്. രക്തത്തില്‍ അണുബാധ. രണ്ടു ദിവസം മരണത്തോട് മല്ലടിച്ച ലീനയെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചണ വിഭാഗത്തിലെ നാലു ദിവസ ചികിത്സയ്ക്ക് ശേഷം പുറത്തേക്കിറക്കുമ്പോള്‍ കൈകാലുകള്‍ കറുത്ത നിറത്തിലായി. ഒരാഴ്ചകൂടി പിന്നിട്ടതോടെ കൈകാലുകള്‍ അഴുകിത്തുടങ്ങി. ഒടുവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി കൈകാലുകള്‍ മുറിച്ചു നീക്കേണ്ടിവന്നു.
എന്താണ് സംഭവിച്ചതെന്ന് പലവട്ടം ചോദിച്ചെങ്കിലും ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രി അധികൃതര്‍ മറുപടി നല്‍കിയില്ലെന്ന് ലീനയുടെ ഭര്‍ത്താവ് പറഞ്ഞു. 10 ലക്ഷത്തിലധികം രൂപയാണ് കൊച്ചിയിലെ ആശുപത്രിയില്‍ മാത്രം ചികിത്സയ്ക്കായി ചെലവഴിച്ചത്. എന്നാല്‍ മൂത്രത്തില്‍ കല്ലിന്റെ ചികിത്സയ്ക്ക് പണം അനുവദിയ്ക്കാനാവില്ലെന്ന നിലപാടിലാണ് ഇന്‍ഷുറന്‍സ് കമ്പനി. ചികിത്സാ പിഴവിനും ഇന്‍ഷുറന്‍സ് നിഷേധത്തിനുമെതിരെ നിയമനടപടികള്‍ക്കുള്ള തയാറെടുപ്പിലുമാണ് കുടുംബം.