സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍, ഹൃദ്രോഗം, സ്‌ട്രോക് ചികിത്സയ്ക്ക് മികച്ച കേന്ദ്രങ്ങളൊരുങ്ങുന്നു

Web Desk
Posted on February 08, 2019, 10:17 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍, ഹൃദ്രോഗ, സ്‌ട്രോക് ചികിത്സയ്ക്ക് മികച്ച കേന്ദ്രങ്ങളൊരുങ്ങുന്നു. നിലവില്‍ വന്‍കിട സ്വകാര്യ ആശുപത്രികള്‍ എഴുതുന്ന ടെസ്റ്റുകള്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെയും ഗുരുതരരോഗങ്ങള്‍ക്കുള്ള വിലകൂടിയ മരുന്നുകള്‍ വാങ്ങാനെത്തുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 40 ലധികം ആരോഗ്യ കേന്ദ്രങ്ങള്‍ അത്യാധുനിക ചികിത്സാകേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് ആശുപത്രികളോടു കിടപിടിക്കും വിധമാകും ഈ മാറ്റം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളും ജില്ല, താലൂക്ക് ആശുപത്രികളുമാണ് മികച്ച ചികിത്സാ കേന്ദ്രങ്ങളാവുക. ഇതോടെ കൂടുതല്‍ പേര്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ലെ സര്‍വേഫലം അനുസരിച്ച് കേരളത്തില്‍ 34 ശതമാനം പേര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇത് 40 ശതമാനമായി.
2014ല്‍ 66 ശതമാനം പേരാണ് കാന്‍സര്‍ ചികിത്സയ്ക്ക് സര്‍ക്കാര്‍ ചികിത്സാലയങ്ങളിലെത്തിയത്. മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ 85 ശതമാനം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
കൊച്ചി കാന്‍സര്‍ സെന്ററില്‍ 400 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസിയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ 300 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുക. അഞ്ച് മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്റര്‍ വരും. ഈ വര്‍ഷം പത്ത് കാത്ത് ലാബുകളും അടുത്ത വര്‍ഷത്തോടെ രണ്ട് കാത്ത് ലാബുകളും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിക്കും. മെഡിക്കല്‍ കോളജുകളിലും എട്ട് ജില്ലാ ആശുപത്രികളിലും നിലവില്‍ പക്ഷാഘാത ചികിത്സാ സംവിധാനമുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും.
ആശുപത്രികളുടെ ആധുനികവത്കരണത്തിന് രണ്ടായിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൊത്തം 4000 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.