28 March 2024, Thursday

30 ലക്ഷത്തിലധികം പേർക്ക് മെഡിസെപ് പരിരക്ഷ

Janayugom Webdesk
June 27, 2022 9:48 pm

സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തിലധികം പേർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആശ്വാസമാകും.
പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, പാർട്ട് ടൈം അധ്യാപകർ, എയ്ഡഡ് സ്‌കൂളുകളിലേതുൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐച്ഛികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. 

സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ/ പെൻഷൻകാർ/ കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ/കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും പദ്ധതിയുടെ ഭാഗമാകും. പ്രതിമാസം 500 രൂപയാണ് ജീവനക്കാരും പെൻഷൻകാരും പ്രീമിയമായി അടയ്ക്കേണ്ടത്.
ഓരോ കുടുംബത്തിനും മൂന്നു വർഷത്തെ പോളിസി കാലയളവിനുള്ളിൽ പ്രതിവർഷം മൂന്നു ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ. എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സാ സംബന്ധമായ പ്രക്രിയകളുടെ ചെലവ്, മരുന്ന് വില, ഡോക്ടർ/അറ്റൻഡന്റ് ഫീസ്, മുറി വാടക, പരിശോധനാ ചാർജ്ജുകൾ, രോഗാനുബന്ധ ഭക്ഷണ ചെലവുകൾ എന്നിവ പരിരക്ഷയിൽ ഉൾപ്പെടും.

പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐഡി കാർഡ് www.medisep.kerala.gov.in ലെ മെഡിസെപ് ഐഡി യൂസർ ഐഡിയായും പിഇഎന്‍/പിപിഒ നമ്പര്‍/ എംപ്ലോയി ഐഡി എന്നിവ പാസ് വേഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി മുഖേനയാണ് ‘മെഡിസെപ്’ നടപ്പാക്കുന്നത്.

Eng­lish Sum­ma­ry: Medicare cov­er­age for over 30 mil­lion people

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.