August 14, 2022 Sunday

മെഡിസെപ് പദ്ധതി നിലവില്‍; സാർവത്രിക ആരോഗ്യ സുരക്ഷയിലേക്ക് കേരളം

Janayugom Webdesk
July 1, 2022 10:58 pm

സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടിയുള്ള ബൃഹത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് നിലവില്‍ വന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പദ്ധതിയായ മെഡിസെപ്, രാജ്യത്ത് സാർവത്രിക ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യസംസ്ഥാനമെന്ന പദവിയിലേക്കു കേരളത്തെ എത്തിക്കുന്നതിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൂർണമായും പണം ഒഴിവാക്കിയുള്ള ചികിത്സാ സൗകര്യമാണ് മെഡിസെപ്പിലുള്ളത്. സംസ്ഥാനത്തിനുള്ളിലുള്ളതിന് പുറമേ സംസ്ഥാനത്തിന് പുറത്തെ പ്രധാന നഗരങ്ങളിലെ 15ൽപ്പരം ആശുപത്രികളിൽ ഇപ്പോൾ ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും അവയവമാറ്റ ശസ്ത്രക്രിയ സൗകര്യമുള്ള ഒരു ആശുപത്രിയെങ്കിലും മെഡിസെപ്പിന്റെ ഭാഗമായുണ്ട്. 

അടിയന്തര ഘട്ടങ്ങളിൽ എംപാനൽചെയ്യപ്പെട്ടിട്ടില്ലാത്ത ആശുപത്രികളിലും ഇൻഷുറൻസ് സേവനം ലഭ്യമാക്കും. അവയവ മാറ്റ ചികിത്സയ്ക്കു് പ്രത്യേക തുക അനുവദിക്കും. ഇതിനായി 35 കോടി രൂപയിൽ കുറയാത്ത കോർപ്പസ് ഫണ്ട് രൂപീകരിക്കും. സർക്കാർ ജീവനക്കാരുടെ പങ്കാളി, അവരെ മാത്രം ആശ്രയിച്ചു കഴിയുന്ന അച്ഛനമ്മമാർ, മക്കൾ എന്നിവർക്കാണ് ഇൻഷുറൻസിന് അർഹത. കുടുംബത്തിലെ മറ്റു സർക്കാർ ജീവനക്കാരോ പെൻഷൻ വാങ്ങുന്നവരോ ആശ്രിതരല്ല. ഇവർക്ക് പദ്ധതിയിൽ ചേരാൻ പ്രത്യേകമായിത്തന്നെ അർഹതയുണ്ട്. ചടങ്ങിൽ മെഡിസെപ് രജിസ്‌ട്രേഷൻ കാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പദ്ധതിയുടെ വിവരങ്ങൾ അടങ്ങിയ കൈപ്പുസ്തകവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. 

Eng­lish Summary:Medisep project cur­rent­ly under­way; Ker­ala to uni­ver­sal health care
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.