പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞു; പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി

Web Desk
Posted on August 14, 2019, 10:49 am

കോട്ടയം: പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് പിരിച്ചു വിട്ട ക്യാമ്പുകള്‍ വീണ്ടും തുടങ്ങി. മീനച്ചില്‍ താലൂക്കില്‍ വെള്ളിലാപ്പിള്ളി, പുലിയന്നൂര്‍ വില്ലേജുകളിലാണ് വീണ്ടും ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏഴാച്ചേരി ഗവണ്‍മെന്റ് എല്‍.പി.എസ്, മുത്തോലി സെന്റ് ആന്റണീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് പുനരാരംഭിച്ചു.

രണ്ട് ദിവസം മുന്‍പ് ഇവിടുത്തെ ക്യാമ്പ് പിരിച്ചു വിട്ടിരുന്നു. മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറി. കൊട്ടാരമറ്റം സ്റ്റാന്‍ഡിലും വെള്ളം കയറിയിട്ടുണ്ട്. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടാം തവണയാണ് മീനച്ചിലാര്‍ കരകവിയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മീനച്ചിലാര്‍ കരകവിഞ്ഞിരുന്നു. ഇതേ തുര്‍ന്ന് ഇരുനൂറോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. വീടുകളില്‍നിന്ന് വെള്ളം ഒഴിഞ്ഞതിനെ തുടര്‍ന്ന് ആളുകള്‍ ക്യാമ്പുകള്‍ വിട്ടതിന് പിന്നാലെയാണ് രണ്ടാമതും വെള്ളപ്പൊക്കം എത്തിയിരിക്കുന്നത്.

പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി എന്നിവിടങ്ങളില്‍ (ഈരാറ്റുപേട്ട പാലാ റോഡ്) റോഡില്‍ വെള്ളം കയറി. മൂന്നാനിയില്‍ ഇപ്പോള്‍ കഷ്ടിച്ചു വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. ഈരാറ്റുപേട്ട റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കയാണ്.

പാലായില്‍ വ്യാപാരികള്‍ സാധന സാമഗ്രികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. മീനച്ചിലാറും, കൈവഴികളും കരകവിഞ്ഞ് ഉള്‍പ്രദേശങ്ങളിലും റോഡുകളും വെള്ളം പൊങ്ങി. ഉള്‍പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഏഴു മണിക്കൂര്‍ തുടര്‍ച്ചയായി പെയ്തു. ബുധനാഴ്ച രാവിലെ മഴയ്ക്കു ശക്തി കുറഞ്ഞിട്ടുണ്ട്. മീനച്ചിലാറ്റില്‍ വെള്ളം വരവാണ്. നിലവില്‍ ഉരുള്‍പൊട്ടിയതായി വിവരം ഒന്നും ലഭ്യമായിട്ടില്ല.

YOU MAY LIKE THIS VIDEO ALSO