Web Desk

കാസര്‍കോട്‌

January 01, 2021, 5:50 pm

വികസനത്തില്‍ കാസര്‍കോട്‌ മോഡല്‍ വളര്‍ത്തിയെടുക്കും: ബേബി ബാലകൃഷ്‌ണന്‍

Janayugom Online

വികസനത്തില്‍ ജില്ലയുടെ പ്രത്യേകതയില്‍ കാസര്‍കോട്‌ മോഡല്‍ വളര്‍ത്തിയെടുക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്‌ണന്‍ പറഞ്ഞു. ഇത്‌ നടപ്പാക്കാന്‍ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലുള്ളവരുമായി ചര്‍ച്ച നടത്തി വിഷന്‍ 2050 തയ്യാറാക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ജില്ലയുടെ സമഗ്രവികസനമാണ്‌ ജില്ലാ പഞ്ചായത്ത്‌ ലക്ഷ്യമിടുന്നത്‌. കാസര്‍കോട്‌ പ്രസ്‌ക്ലബിന്റെ മീറ്റ്‌ ദി പ്രസില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌. ഓരോ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളെയും ഉദ്യോഗസ്ഥരെയും മുഖവിലക്കെടുത്ത്‌ നടപ്പാക്കും.
ജില്ലയില്‍ ഒരു ലക്ഷം പ്രവാസികളുണ്ട്‌. ഇവരുടെ അനുഭവ സമ്പത്ത്‌ ഉപകാരപ്പെടുത്താന്‍ ലോക കാസര്‍കോട്‌ സഭ സംഘടിപ്പിക്കും. സംസ്ഥാനം വരുമാനത്തിന്റെ 3 .4 ശതമാനമാണ്‌ ജില്ലയുടെ പങ്കാളിത്തം . കാര്‍ഷിക, സേവന മേഖലകളിലൂന്നിയുള്ള വികസനമാണ്‌ മുന്നേറ്റത്തിന്റെ അടിസ്ഥാന ഘടകം. ഇതുള്‍പ്പെടുത്തിയുള്ള പ്രകടന പത്രികയാണ്‌ എല്‍ഡിഎഫ്‌ തയ്യാറാക്കിട്ടുള്ളതെന്നും അവര്‍ പറഞ്ഞു. മണ്ണ്‌ ജലസംരക്ഷണം, ക്ഷിര വികസനം, മത്സ്യബന്ധനം, മാലിന്യ സംസ്‌കരണം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യംരംഗം, വിദ്യാഭ്യാസമേഖല, കുടിവെള്ള സംരക്ഷണം, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയ വിഷയങ്ങള്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്‌ത്‌ പദ്ധതികള്‍ തയ്യാറാക്കും. സമഗ്രവികസനത്തിന്റെ വേദിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല ഫ്‌ളാറ്റ്‌ ഫോം ഉപയോഗപ്പെടുത്തും. ജാനകിയാസൂത്രണം 2050 പദ്ധതി തയ്യാറാക്കും. വികസനത്തിന്റെ വിവിധ മേഖലകള്‍ പഠിക്കാന്‍ ജില്ലാതല കോണ്‍ഗ്രസ്‌ സംഘടിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ വികസന പദ്ധതികള്‍ പുതുക്കും. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ വിഭവസമാഹരണ സാധ്യതകള്‍ കണ്ടെത്താന്‍ പ്രത്യേക കമീഷന്‍ രൂപീകരിക്കും. യുവാക്കളുടെ തൊഴിലില്ലായ്‌മ പരിഗണിച്ച്‌ അവര്‍ക്കാവശ്യമായ പിഎസ്‌ സി കോച്ചിംങ്ങ്‌ സെന്ററുകള്‍ ത്രിതല പഞ്ചായത്ത്‌ അടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലയില്‍ നിന്നുള്ളവരെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുകയാണ്‌ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനം നല്‍കി തൊഴിലവസരങ്ങള്‍ ഒരുക്കും. ഐഎഎസ്‌ അക്കാദമി ആരംഭിക്കും. വ്യവസായ വികസന രംഗത്ത്‌ അടിസ്ഥാന സൗകര്യം ലഭ്യമാക്കും. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഇനങ്ങള്‍ക്ക്‌ പ്രത്യേക പരിശീലനവും സമഗ്ര ഇടപെടലും നടത്തും. പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള ഇടപെടലുകളില്‍ നിക്ഷേപകരുടെ സഹായം തേടും. നിക്ഷേപ സംഗമം നടത്തും. പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. ത്രിതല പഞ്ചായത്തുകളുടെയും ഇതര വകുപ്പുകളുടെയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതികള്‍ക്ക്‌ ഊന്നല്‍ നല്‍കും. കേന്ദ്ര സംസ്ഥാനാവിഷ്‌കൃത പദ്ധതികളുടെയും പാക്കേജുകളുടെയും സമന്വയ സാധ്യതകള്‍ഫലപ്രദമായി പ്രയോജനപ്പെടുത്തും. സീറോ വേയ്‌സ്‌റ്റ്‌ കാസര്‍കോട്‌ നടപ്പിലാക്കും. തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ഏകോപിപ്പിച്ച്‌ ഹരിത കേരള മിഷന്റെ സഹായത്തോടെ മാലിന്യ പ്രശനത്തിന്‌ പരിഹാരം കാണും. മാലിന്യ സംസകരണത്തിനായി 100 കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്‌. കിഫ്‌ബി മുഖേന 15 കോടിയുടെ പദ്ധതിയുണ്ട്‌. സ്ഥലമാണ്‌ എല്ലായിടത്തും പ്രശ്‌നം. സ്ഥലമുള്ളയിടത്ത്‌ നാട്ടുകാരുടെ എതിര്‍പ്പ്‌ കാരണം പദ്ധതി നടപ്പാകുന്നില്ല. ഇതിനായി ജനങ്ങളെ ബോധവല്‍കരിക്കും. ജൈവ ജില്ലാ ലക്ഷ്യം നടപ്പാക്കും. അടക കര്‍ഷകര്‍ക്കായി ക്ലസ്‌റ്റര്‍ രൂപീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നത്തിന്‌ സര്‍ക്കാര്‍ വിഭാവനം ചെയ്‌ത പദ്ധതികള്‍ നടപ്പാക്കും. ക്യാന്‍സര്‍ മുക്ത ജില്ലയായി മാറ്റുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും. ജില്ലയുടെ ജീവനക്കാരുടെ അഭാവം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ടൂറിസം സാധ്യതകള്‍ പരമാവധി പരിപോഷിപ്പിക്കും. പെരിയ എയര്‍ സ്‌ട്രിപ്പുമായി മുന്നോട്ടുപോകും. ജില്ലാ ആശുപത്രി കൂടുതല്‍ ജനസൗഹൃദമാക്കും. കൂടുതല്‍ ഡയാലിസിസ്‌ കേന്ദ്രങ്ങല്‍ സ്ഥാപിക്കും. പെരിയയില്‍ മൊത്ത വില്‍പന മാര്‍ക്കറ്റ്‌ സ്ഥാപിക്കും. 862 കടകള്‍ തുറക്കും. പച്ചക്കറി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളും മറ്റും ഇവിടെ ലഭ്യമാക്കും. ഇതിനായി ജില്ലയിലുള്ളവര്‍ മംഗളൂരുവിനെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാനാകും. ഇതുവഴി ജില്ലാ പഞ്ചായത്തിന്‌ തനത്‌ വരുമാനം ലഭിക്കും. ജല സംരക്ഷണത്തിന്‌ കൂടുതല്‍ ചെക്ക്‌ഡാമുകള്‍ സ്ഥാപിക്കും. തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉപയോഗിച്ച്‌ ചെറിയ ചെക്ക്‌ഡാമുകളും നിര്‍മിക്കും. തെക്കില്‍ പെരുമ്പള തീരദേശ റോഡ്‌ യാഥാര്‍ഥ്യമാക്കാന്‍ ജില്ല പഞ്ചായത്ത്‌ ഇടപെടും. കിഫ്‌ബി മുഖേന 55 കോടി രൂപയാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഭൂമി ഏറ്റെടുക്കാന്‍ നാട്ടുകാരുമായി ബന്ധപ്പെട്ട്‌ സംസാരിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ വലിയ ടൂറിസം സാധ്യതയാണ്‌ പുഴയോരത്തൂടെയുള്ള ഈ റോഡ്‌ തുറക്കുകയെന്നും അവര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഷാനവാസ്‌ പാദൂരും സംബന്ധിച്ചു.