കോവിഡാനന്തരം പ്രാദേശിക ടൂറിസം പദ്ധതികളിലൂടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. എല്ലാ പഞ്ചായത്തിലും ഒരു ടൂറിസ്റ്റ് കേന്ദ്രം തയ്യാറാക്കി ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. വയനാട് ജില്ലയില്‍ 100 ശതമാനവും പദ്ധതി പൂര്‍ത്തീകരിച്ചു. മറ്റ് ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
3400 കോടിയുടെ നഷ്ടമാണ് ഈ വര്‍ഷം ടൂറിസം മേഖലയിലുണ്ടായത്. ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ചയിലൂടെ മാത്രമേ പ്രതിസന്ധിയില്‍ നിന്നും മേഖലയ്ക്ക് കരകയറാനാകൂ. കോവിഡാനന്തരം ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ രൂക്ഷമായ ടൂറിസം മേഖലയില്‍ ജോബ് ഫാക്ടറികള്‍ ആരംഭിച്ച് പ്രതിസന്ധികള്‍ മറികടക്കും. ഹോം സ്റ്റേകള്‍ പ്രോത്സാഹിപ്പിക്കും. കുടുംബശ്രീകളെയും വകുപ്പുമായി കോര്‍ത്തിണക്കി പദ്ധതികള്‍ ആവിഷ്കരിക്കും. ടൂറിസം മേഖല ഉടന്‍ തന്നെ തുറക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദേശ സഞ്ചാരികളുടെ എണ്ണം 20 ലക്ഷമാക്കി ഉയര്‍ത്തും
കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം 2025-ഓടെ 20 ലക്ഷമാക്കി ഉയര്‍ത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 2019‑ല്‍ 11.89 ലക്ഷമായിരുന്നു വിദേശ സഞ്ചാരികളുടെ എണ്ണം. അവരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കും. ജില്ലകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ആഭ്യന്തര ടൂറിസം പദ്ധതികളുടെ കണക്ടിവിറ്റി സാധ്യമാക്കും. മലബാര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ലോകസംഘടന തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അവയെല്ലാം പ്രയോജനപ്പെടുത്തി മുന്നോട്ട് പോകും. ടൂറിസം ഭൂപടത്തില്‍ കേരളത്തെ മുന്‍പന്തിയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
റസ്റ്റ് ഹൗസുകളുടെ മുഖഛായ മാറ്റും
സംസ്ഥാനത്തെ 154 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളുടെയും മുഖഛായ മാറ്റും. എല്ലാ റസ്റ്റ് ഹൗസുകള്‍ക്കും പ്രാധാന്യം നല്കി അഭിപ്രായങ്ങള്‍ ശേഖരിച്ചും സാധ്യതകള്‍ പരിശോധിച്ചും കൂടുതല്‍ സൗകര്യപ്രദമാക്കിയാണ് അടിമുടി മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. റസ്റ്റ് ഹൗസുകളെ ജനകീയമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഫലപ്രദമാക്കും. ഗസ്റ്റ് ഹൗസുകളിലും, കെടിഡിസി സ്ഥാപനങ്ങളിലും നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
English summary: meet the press Minister mohammed Riyas
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.