ബിജെപിയുടെ മെഗാ അദാലത്ത് വന്‍തട്ടിപ്പ്; ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു

Web Desk
Posted on June 29, 2019, 1:42 pm

ചെന്നിത്തല: തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച നടക്കുന്ന മെഗാ അദാലത്ത് വന്‍തട്ടിപ്പാണെന്ന് എല്‍ഡിഎഫ് ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അദാലത്തിനെതിരെ നാട്ടുകാരില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
30ന് പഞ്ചായത്തും എംഎല്‍എയും റീബില്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനെതിരെയാണ് ബിജെപി നേതൃത്വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ മെഗാ അദാലത്തുമായി രംഗത്തെത്തിയത്.

16ന് എംഎല്‍എ ഓഫീസില്‍ പരാതികള്‍ സ്വീകരിക്കും. പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അവരെ കൂടി പരിഗണിക്കുന്നതിനുവേണ്ടിയാണ് സജി ചെറിയാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അദാലത്ത് നടത്തുന്നത്.

പ്രളയ ശേഷം കാര്യക്ഷമമായി പ്രവര്‍ത്തനം നടത്തി പരമാവധി കുടുംബങ്ങള്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ എല്‍ഡിഎഫ് ചെന്നിത്തല പഞ്ചായത്ത് ഭരണ സമിതിയും എംഎല്‍എയും ഇച്ഛാശക്തിയോടെയാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ വിളറിപൂണ്ട ബിജെപി നേതൃത്വമാണ് മെഗാ അദാലത്ത് എന്ന തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്ന് എല്‍ഡിഎഫ് ചെന്നിത്തല പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ രഗീഷ്, കണ്‍വീനര്‍ ആര്‍ സഞ്ജീവന്‍ എന്നിവര്‍ പറഞ്ഞു.