May 28, 2023 Sunday

മേഘാലയ ഗവർണറുടെ ഹിന്ദിയും ഫെഡറലിസത്തിന്റെ സംശയവും

സന്ദീപന്‍ തലൂക്ദാര്‍
March 26, 2023 7:00 am

മേഘാലയയില്‍ പുതുതായി രൂപീകരിച്ച കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഗവർണർ ഫാഗു ചൗഹാൻ ഉദ്ഘാടന പ്രസംഗം നടത്തിയത് ഹിന്ദിയിലായിരുന്നു. പ്രതിപക്ഷ എംഎൽഎ ആർഡന്റ് മില്ലർ ബസിയാവ് മൊയിറ്റ് ഗവര്‍ണറുടെ ഭാഷയെ എതിർത്തു. വോയ്‌സ് ഓഫ് പീപ്പിൾ പാർട്ടിയുടെ (വിപിപി) പ്രസിഡന്റും നോങ്‌ക്രെം മണ്ഡലത്തിലെ എംഎൽഎയുമാണ് ആർഡന്റ്. മറ്റ് നാല് എംഎൽഎമാർക്കൊപ്പം ഗവർണറുടെ പ്രസംഗത്തിനിടെ ആർഡന്റ് വാക്കൗട്ട് നടത്തി. “മേഘാലയയിൽ ഹിന്ദി അടിച്ചേല്പിക്കൽ” ശ്രമമാണെന്ന് ഇറങ്ങിപ്പോക്ക് നടത്തിയവര്‍ ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടിയായ വിപിപി അംഗങ്ങളാണ് വാക്കൗട്ട് നടത്തിയതെങ്കിലും മറ്റ് പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തെ പിന്തുണച്ചു.

സാങ്മ സർക്കാരിലെ ആരോഗ്യ‑കുടുംബക്ഷേമ, നിയമം, കൃഷി, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ മന്ത്രിയായ അമ്പാരിൻ ലിങ്ദോയും ഗവര്‍ണറുടെ ഭാഷയ്ക്കെതിരെ പ്രതികരിച്ചു. കോൺഗ്രസ് വിട്ടാണ് അമ്പാരിൻ സാങ്മയുടെ എൻപിപിയിൽ ചേരുന്നത്. 2018ൽ അന്നത്തെ ഗവർണർ ഗംഗാ പ്രസാദ് ഹിന്ദിയിൽ സംസാരിച്ചപ്പോള്‍ ഇദ്ദേഹം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. ‘സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. മേഘാലയ നിയമസഭാ ചട്ടം 28 അനുസരിച്ചും ആശയവിനിമയത്തിന്റെ ഭാഷ ഇംഗ്ലീഷ് ആയിരിക്കണം. എന്നാല്‍ ഒരാൾക്ക് അവരുടെ മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ വിവർത്തനം അച്ചടിച്ച് മുൻകൂട്ടി വിതരണം ചെയ്യണം’- ആന്‍ഡന്റ് പറഞ്ഞു. ഗവർണറുടെ പ്രസംഗത്തിന്റെയും ഇംഗ്ലീഷ് പരിഭാഷ സഭാ അംഗങ്ങൾക്ക് നല്കിയിരുന്നു. അത് പക്ഷേ അംഗീകൃതമല്ല എന്നാണ് ആര്‍ഡന്റ് പറഞ്ഞത്.

സാധാരണ അംഗങ്ങള്‍ക്ക് മറ്റ് ഭാഷ ഉപയോഗിക്കാം. ഗവർണറുടെ കാര്യത്തിൽ ഇത് പാടില്ല. ഗവർണർ സംസ്ഥാനത്തിന്റെ തലവനാണ്. അങ്ങനെയൊരാള്‍ ജനങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഭാഷയിൽ പ്രാവീണ്യമുള്ളവനായിരിക്കണം. ഇതൊരു യാദൃച്ഛികതയായി ഞങ്ങള്‍ കാണുന്നില്ല. ബിജെപിയും ആർഎസ്എസും ‘ഒരു ഭാഷ, ഒരു മതം’ എന്ന ആശയം നടപ്പാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. പല സന്ദർഭങ്ങളിലും, അവരുടെ നേതാക്കൾ ഈ ആശയത്തിന് വേണ്ടി വാദിക്കുന്നതായും കാണാം. ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ. പരോക്ഷമായെങ്കിലും ഹിന്ദി നമ്മുടെമേൽ അടിച്ചേല്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതിൽ ഞങ്ങൾ ആശങ്കാകുലരാണ്. നിയമസഭയിലെ ഭൂരിഭാഗം അംഗങ്ങളും ഇത് വിശ്വസിക്കുന്നു. അവരിൽ പലരും തുറന്നുപറയുന്നില്ല എന്നേയുള്ളുവെന്നും ബിജെപി-ആർഎസ്എസ് രാഷ്ട്രീയത്തെ വിമര്‍ശിച്ചുകാെണ്ട് ആന്‍ഡന്റ് വ്യക്തമാക്കി. മേഘാലയയെ അസമിൽ നിന്ന് വേർപ്പെടുത്തിയത് അസമീസ് ഭാഷ അടിച്ചേല്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനാലാണ്. മേഘാലയയുടെ സംസ്ഥാന പദവിക്ക് വേണ്ടി പോരാടിയ നേതാക്കളെ അനാദരിക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഘാലയ മുൻ മുഖ്യമന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ മുകുൾ സാങ്മയും കഴിഞ്ഞ വർഷം ഇക്കാര്യം ഉന്നയിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേല്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തെയാണ് അദ്ദേഹം വിമർശിച്ചത്. പത്താം ക്ലാസ് വരെ വടക്കുകിഴക്കൻ സ്‌കൂളുകളിൽ ഹിന്ദി നിർബന്ധിത വിഷയമാക്കാനുള്ള നിർദേശത്തിനെതിരെയായിരുന്നു പരാമര്‍ശം. മുതിർന്ന മാധ്യമപ്രവർത്തകയും ദി ഷില്ലോങ് ടൈംസിന്റെ എഡിറ്റർ ഇൻ ചീഫുമായ പട്രീഷ്യ മുഖിം ആർഡന്റിന്റെ വീക്ഷണങ്ങളെ പിന്തുണച്ചു. ‘ഗവർണർമാർക്ക് ഇംഗ്ലീഷ് നന്നായി അറിയണം, പ്രത്യേകിച്ച് മേഘാലയയില്‍. നിയമസഭാ സമ്മേളനങ്ങളെ അഭിസംബോധന ചെയ്യാന്‍ മാത്രമല്ല; ബില്ലുകളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഔദ്യോഗിക ഭാഷയായതിനാൽ ഇംഗ്ലീഷിലാണ് ഇവ തയ്യാറാക്കുന്നത്. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരമുള്ള ജില്ലാ കൗൺസിലുകളുടെ ബില്ലുകളും ഗവർണർ കൈകാര്യം ചെയ്യണം. ഇവയെല്ലാം ഇംഗ്ലീഷിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഗവർണർക്ക് ഇംഗ്ലീഷ് നല്ല വശമില്ലെങ്കിൽ, അദ്ദേഹം ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്യും. എല്ലാം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്താലും സൂക്ഷ്മതകൾ മനസിലാക്കാൻ കഴിയുമോ. പൊതുജനങ്ങളുടെ പരാതികളുടെ കാര്യത്തിലും പ്രശ്നമുണ്ടാകും. ആളുകൾ തന്റെ അടുത്തേക്ക് വന്നാല്‍ ഗവർണർ അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് മുഖിം ചോദിച്ചു. ട്രേഡ് യൂണിയൻ-മനുഷ്യാവകാശ പ്രവർത്തകനായ തരുൺ ഭാരതിയ പറയുന്നത് ‘ഗവർണർമാർ ഇപ്പോള്‍ ഡൽഹിയുടെ ഏജന്റുമാരെപ്പോലെയാണ്.

രാജ്യത്തിന്റെ ഫെഡറൽ ഘടനയെ വേണ്ടത്ര ബഹുമാനിക്കുന്നില്ലെന്ന് വളരെ വ്യക്തമാണ്. മേഘാലയ നിയമസഭയില്‍ സംഭവിച്ചതിൽ നിന്ന് അത് കൂടുതല്‍ തെളിയുന്നു’ എന്നാണ്. മേഘാലയയിൽ ഹിന്ദി അത്ര പ്രചാരത്തിലില്ല. വിവർത്തനം ചെയ്ത കോപ്പികള്‍ നല്കിയെങ്കിലും ഹിന്ദി അറിയാത്ത ഒരു സ്പീക്കർക്ക് ഇത് കൃത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇപ്പോഴത്തെ ഭരണം മുന്നോട്ടുവയ്ക്കുന്ന ഭൂരിപക്ഷ ആശയങ്ങളെ നമുക്ക് കണ്ടില്ലെന്ന് നടിക്കാനുമാവില്ല എന്നാണ് ഷില്ലോങ് ആസ്ഥാനമായുള്ള പൊതുപ്രവർത്തകന്‍ കിർസോയ്‌ബോർ പിർതു പറഞ്ഞത്. മുഖ്യമന്ത്രിക്കും ക്യാബിനറ്റ് മന്ത്രിമാർക്കും അയച്ച കത്തില്‍ അദ്ദേഹം തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. (അവലംബം: ന്യൂസ് ക്ലിക്ക്)

 

Eng­lish Sam­mury: Sand­heep­an Talukd­har’s Arti­cles, Megha­laya Gov­er­nor’s Hin­di and Sus­pi­cion of Federalism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.