മൃഗങ്ങളെപ്പോലെ കൂട്ടിലടച്ചു; അമിത് ഷായ്ക്ക് മെഹബൂബ മുഫ്തിയുടെ മകളുടെ കത്ത്

Web Desk
Posted on August 16, 2019, 2:18 pm

ശ്രീനഗര്‍: അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും തടഞ്ഞ് കശ്മീരികളെ മൃഗങ്ങളെ പോലെ കൂട്ടിലടച്ചിരിക്കുകയാണെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ ജാവേദ്.
മാധ്യമങ്ങളോട് സംസാരിച്ചാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് തനിക്ക് ഭീഷണിയുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ ഇല്‍തിജ വെളിപ്പെടുത്തുന്നു. മെഹബൂബയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ തന്നേയും വീട്ടുതടങ്കലിലാക്കിയെന്ന് ഇല്‍തിജ ഒരു ശബ്ദ സന്ദേശത്തിലൂടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സ്വാതന്ത്ര്യ ദിനത്തിലാണ് ഇല്‍തിജ അമിത് ഷാക്ക് കത്തെഴുതിയത്.‘രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കശ്മീരികളെ മൃഗങ്ങളെ പോലെ കുട്ടിലടച്ചിരിക്കുകയാണ്,’ ഇല്‍തിജ കത്തില്‍ പറയുന്നു. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും സന്ദര്‍ശകരെ ഗേറ്റില്‍ നിന്ന് തിരിച്ചയക്കുന്ന കാര്യവും അധികൃതര്‍ തന്നെ അറിയിച്ചിട്ടില്ലെന്ന് ഇല്‍തിജ പറയുന്നു. തന്നെ എന്തിനാണ് വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ കാരണത്താലാണ് വീട്ടുതടങ്കലെന്ന് സൈന്യം പറഞ്ഞെന്നും ഇനിയും മാധ്യമങ്ങളോട് സംസാരിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇല്‍തിജ കത്തില്‍ വ്യക്തമാക്കുന്നു. നേരത്തെ മാതാവ് മെഹബൂബയെ കാണാന്‍ സൈന്യം അനുവദിക്കുന്നില്ലെന്ന് ഓഡിയോ സന്ദേശത്തിലൂടെ ഇല്‍തിജ അറിയിച്ചിരുന്നു.
കശിമീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണം 12 ദിവസം പിന്നിട്ടു. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ, ഉമര്‍ അബ്ദുല്ല, എന്നിവരുള്‍പ്പെടെ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമായ എല്ലാ നേതാക്കളേയും അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. ജമ്മു കശ്മീര്‍ പീപ്പിള്‍ മൂവെമ്മെന്റിന്റെ നേതാവായ ഷാ ഫൈസലിനെയും അടുത്തിടെ വീട്ടുതടങ്കലിലാക്കിയിരുന്നു. അതേസമയം കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്ന് ഇന്ന് സുപ്രീംകോടതിയെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.