Web Desk

ശ്രീനഗർ

January 01, 2021, 3:11 pm

കശ്മീരിലെ ലവായ്പോറ ഏറ്റുമുട്ടലില്‍ അന്വേഷണം വേണമെന്ന് മെഹ്ബൂബ മുഫ്തി

Janayugom Online

കശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാേസേന യുവാക്കളെ വധിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് പിഡിപി നേതാവും ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. സംഭവത്തില്‍ നിഷ്പക്ഷവും വേഗത്തിലുമുള്ള അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി ഗവര്‍ണര്‍ മനോജ് സിൻഹയ്ക്ക് കത്തയച്ചു.
ഡിസംബര്‍ 29നാണ് ശ്രീനഗര്‍ ബറാമുള്ള ഹൈവേയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത്.
വ്യാജ ഏറ്റുമുട്ടലിലൂടെ സുരക്ഷാസേന യുവാക്കളെ കൊലപ്പെടുത്തി തീവ്രവാദികളാണെന്ന് മുദ്ര കുത്തിയതാണെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ കുടുംബത്തിന്റെ ആരോപണം നിഷേധിച്ചുകൊണ്ട് സുരക്ഷാസേനയുടെ കമാൻഡിംഗ് ഓഫീസര്‍ രംഗത്തെത്തി. ‘ശ്രീനഗര്‍ ബറാമുള്ള ഹൈവേയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ തീവ്രവാദികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും സുരക്ഷാസേനയ്ക്ക നേരെ സംഘം ഗ്രനേഡുകള്‍ എറിഞ്ഞു’ — കമാൻഡിംഗ് ഓഫീസറായ മേജര്‍ ജനറല്‍ എച്ച്എസ് സാഹി പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവരാണെങ്കിലും തീവ്രവാദികള്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരില്‍ ഒരാള്‍ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ അംഗമായ റായിസ് കച്രുവിന്റെ ബന്ധുവാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ചവര്‍ സംഭവത്തിന് ഒരു ദിവസം മുൻപ് മാത്രമാണ് വീട് വിട്ടുപോയതെന്നും ഇതില്‍ രണ്ട് പേര്‍ ശ്രീനഗറില്‍ പഠനാവശ്യത്തിനായി എത്തിയ വിദ്യാര്‍ത്ഥികളാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
നേരത്തെ ഷോപ്പിയാനിൽ സൈന്യം വെടിവെച്ചുകൊന്ന മൂന്നുപേർക്ക് തീവ്രവാദ ബന്ധമില്ലെന്ന് തെളിഞ്ഞിരുന്നു. ഈ സംഭവത്തിൽ സൈന്യത്തിനെതിരെ പൊലീസ് അന്വേഷണം നടന്നുവരുകയാണ്. 

Eng­lish Sum­ma­ry : Mehboo­ba Mufti demands probe into Laway­po­ra encouter