Janayugom Online
mehul choksy- janayugom

മെഹുല്‍ ചോക്‌സിയുടെ തായ്‌ലന്‍ഡിലെ ഫാക്ടറി കണ്ടുകെട്ടുന്നു

Web Desk
Posted on January 04, 2019, 10:43 pm

ന്യൂഡല്‍ഹി: കോടികളുടെ പിഎന്‍ബി തട്ടിപ്പുകേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ തുടരുന്നു. 13 കോടിയിലേറെ മൂല്യം കണക്കാക്കുന്ന മെഹുല്‍ ചോക്‌സിയുടെ തായ്‌ലന്‍ഡിലെ ഫാക്ടറി കണ്ടുകെട്ടാന്‍ നീക്കം തുടങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

രാജ്യംവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനിയുടെ ഫാക്ടറിയാണ് കണ്ടുകെട്ടുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞുവെന്നും നിയമ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

13.14 കോടി മൂല്യം കണക്കാക്കുന്നതാണ് കണ്ടുകെട്ടിയ ഫാക്ടറി. അന്വേഷണ ഏജന്‍സികള്‍ തിരയുന്ന വജ്ര വ്യാപാരി നീരവ് മോഡിയുടെ അമ്മാവനാണ് മെഹുല്‍ ചോക്‌സി. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസിലെ പ്രതികളാണ് നിരവ് മോഡിയും മെഹുല്‍ ചോക്‌സിയും. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇരുവരും രാജ്യംവിട്ടത്. ഫാക്ടറികൂടി കണ്ടുകെട്ടുന്നതോടെ പിഎന്‍ബി തട്ടിപ്പുകേസില്‍ 4,765 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയോ ഏറ്റെടുക്കുകയോ ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.