നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിവാദ വജ്രവ്യാപാരി മെഹുല്‍ ചോക്സി. കേന്ദ്ര സര്‍ക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോയതായും പീഡീപ്പിച്ച് നാടുകടത്തിയതായും പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിന് പിന്നാലെ രാജ്യം വിട്ട ചോക്സി ആരോപിച്ചു. ചോക്സിയുടെ അഭിഭാഷകനാണ് കോടതിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. വായ്പാ തട്ടിപ്പിന് പിന്നാലെ രാജ്യം വിട്ട ചോക്സിക്കെതിരെ ലണ്ടനിലെ സിവില്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലണ്ടന്‍ ഹൈക്കോടതിയിലാണ് അഭിഭാഷകന്റെ നിര്‍ണായക ആരോപണം. കരീബിയന്‍ ദ്വീപിലെ ആന്റിഗ്വ ആന്റ് ബാര്‍ബഡോസ് പൗരത്വമുള്ള മെഹുല്‍ ചോക്സി തനിക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസില്‍ കേന്ദ്ര സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും നാടുകടത്തിയെന്നും ആരോപിച്ചു. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. 2024 മേയ് 17നാണ് ആന്റിഗ്വയില്‍ നിന്ന് 115 മൈല്‍ അകലെയുള്ള ഡെമിനിക്ക റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയത്. അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇന്ത്യക്കാരായ നാല് പുരുഷന്‍മാരും ഒരു ഹംഗേറിയന്‍ വനിതയും. ഇന്ത്യന്‍ ഏജന്റുമാര്‍ രഹസ്യകേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ മെഹുല്‍ ഭായ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആന്റിഗ്വയില്‍ കഴിയുന്ന അവസരത്തില്‍ 2018ലെ ദീപാവലിയോടനുബന്ധിച്ച്, ബിജെപിയിലെ പ്രമുഖ നേതാവ് ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ നിര്‍ബന്ധിച്ചു. എല്ലാ സുരക്ഷയും നേതാവ് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയിലെത്തുന്ന തന്നെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുമെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രി തടങ്കല്‍ ലഭ്യമാക്കാമെന്ന് നേതാവ് ഉറപ്പ് നല്‍കിയിരുന്നതായും ചോക്സിയുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ബിജെപിക്ക് സംഭാവന നല്‍കുന്ന പക്ഷം എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടക്കാമെന്നും നേതാവ് പറഞ്ഞിരുന്നു. ചോക്സി ആ വാഗ്ദാനം നിരസിച്ചതോടെ ബലപ്രയോഗത്തിലുടെ വോരോടെ പിഴുതുറിയുമെന്നാണ് നേതാവ് ഭീഷണിപ്പെടുത്തിയത്. 2021ല്‍ ഡെമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം നടന്നുവെങ്കിലും വിജയം കണ്ടില്ല. 2023ൽ, ചോക്സി ആന്റിഗ്വയിൽ നിന്ന് ബെൽജിയത്തിലേക്ക് താമസം മാറി. അവിടെ നിന്നും ഇന്ത്യക്ക് കൈമാറാൻ ബെൽജിയം സർക്കാർ ആരംഭിച്ച നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ 13ന് ആന്റ്‌വെർപ്പ് കോടതിയിൽ നടന്ന വാദം കേൾക്കലിന് ശേഷം ചോക്സിക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജാമ്യാപേക്ഷയിൽ ചോക്സിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥർ വിശദമായ തെളിവുകൾ ഹാജരാക്കിയതായി കഴിഞ്ഞയാഴ്ച ഇന്ത്യയിൽ വന്ന വാർത്തകൾ വ്യാജമാണെന്ന് ബെൽജിയത്തിലെ ചോക്സിയുടെ അഭിഭാഷകർ പറഞ്ഞു. ബെല്‍ജിയത്തില്‍ ചോക്സിയെ സിബിഐ കണ്ടെത്തിയെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അഭിഭാകന്‍ ചൂണ്ടിക്കാട്ടി. നിയമപരമായ എല്ലാ രേഖകളും സമര്‍പ്പിച്ചാണ് ബെല്‍ജിയത്തിലേക്ക് താമസം മാറ്റിയത്. ഇതിന്റെ വിവരങ്ങള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.