June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

വിജ്ഞാനോപാസകനായ വിപ്ലവകാരി

By Janayugom Webdesk
January 28, 2020

കേരളത്തിലെ സാമൂഹ്യ‑സാംസ്കാരിക‑രാഷ്ട്രീയ മേഖലകളിലെ സമരോജ്ജ്വല വ്യക്തിത്വമായിരുന്ന സി ഉണ്ണിരാജ ഓർമ്മയായിട്ട് ഇരുപത്തിയഞ്ച് വർഷമാകുന്നു. 1995 ജനുവരി 28നാണ് സി ഉണ്ണിരാജ അന്തരിച്ചത്. നിർവ്വചനങ്ങൾക്ക് അതീതമായൊരു ചരിത്രവ്യക്തിത്വമാണ് സി ഉണ്ണിരാജയുടേത്. പുരോഗമന പ്രസ്ഥാനത്തിനും സാഹിത്യത്തിനും അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയമായൊരു അധ്യായം കൂടിയാണ്. വിജ്ഞാനോപാസകനായ വിപ്ലവകാരിയെന്ന് ഉണ്ണിരാജയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.

‘എന്റെ രാഷ്ട്രീയ വിദ്യാരംഭം’ എന്ന ലേഖനത്തിൽ ഉണ്ണിരാജ എഴുതി: “സ്കൂൾ വിദ്യാഭ്യാസ കാലമാണ് എന്റെ മനസിൽ തെളിഞ്ഞുവരുന്നത്. ‍ഞാൻ പഠിച്ചതും സ്കൂൾ ഫൈനൽ പരീക്ഷ പാസായതും ഗുരുവായൂരിനടുത്തുള്ള ചാവക്കാട് ഹൈസ്കൂളിലായിരുന്നു. 1927 മുതൽ 1934 വരെ ഏഴു കൊല്ലം ഞാൻ അവിടെ പഠിച്ചു. ആ കാലം ഇന്ത്യയുടേയും കേരളത്തിന്റെയും ചരിത്രത്തിൽ സംഭവബഹുലമായിരുന്നുവല്ലോ നമ്പൂതിരിമാർക്കിടയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനം കൊടുംപിരികൊണ്ട കാലം. എന്റെ അച്ഛന്റെ അനുജന്മാരായ എം ടി ഭട്ടതിരിപ്പാടും (പ്രേംജി) എംആർബിയും ആ പ്രസ്ഥാനത്തിലെ ഉൽപതിഷ്ണു വിഭാഗത്തിന്റെ നേതാക്കളായിരുന്നു. നമ്മുടെ രാജ്യത്തിനു പൂർണസ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ രണ്ട് സിവിൽ നിയമലംഘന പ്രസ്ഥാനങ്ങൾ നടന്നത് അക്കാലത്താണ്. നമ്മുടെ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ അലകൾ അടിച്ചു. പതിനായിരക്കണക്കിനു യുവതീയുവാക്കളിൽ അത് ദേശസ്നേഹത്തിന്റെയും രാജ്യാഭിമാനത്തിന്റെയും വിളക്ക് കത്തിച്ചു. പലരും വിദ്യാഭ്യാസം ഉപേക്ഷിച്ചു സത്യഗ്രഹ പരിപാടികളിൽ പങ്കെടുത്തു. അക്കൂട്ടത്തിൽ എന്റെ ക്ലാസിൽ പഠിച്ചിരുന്ന ഒരു സ്നേഹിതനുമുണ്ടായിരുന്നു. ഞാൻ ഖദർ ഉടുക്കാനും തക്ലിയിൽ നൂൽനൂറ്റുകൊണ്ട് സ്കൂളിൽ പോകാനും തുടങ്ങി. ഞാൻ കുടുമ മുറിച്ചു തലമുടി ക്രോപ്പ് ചെയ്തു പഴമയെ വെല്ലുവിളിച്ചു.

പണ്ഡിതന്മാർ, രാഷ്ട്രീയ പ്രവർത്തകർ, സാഹിത്യകാരന്മാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിച്ച് തഴക്കം വന്ന തറവാട്ടിലെ കുരുന്നെന്ന നിലയ്ക്ക് അത്തരം രംഗങ്ങളിൽ കടന്നുപോകാനും തന്റേതായ രീതിയിൽ പുതിയ വഴിത്താര വെട്ടിത്തെളിക്കാനും സഹായകമായ ഒരു ചുറ്റുപാട് കുടുംബ പശ്ചാത്തലം കൊണ്ട് കൈവന്ന ഉണ്ണിരാജയ്ക്ക് പുസ്തക വായനയുടെയും പത്രവായനയുടെയും ഒരു പുതിയ വാതായനം തുറന്നു കിട്ടുന്നതിന് കുടുംബാംഗമായ ഒരാൾ നടത്തിവന്ന ബുക്ക് സ്റ്റാൾ വളരെയേറെ സഹായകമാവുകയുണ്ടായി. പുസ്തകലോകവുമായി അടുത്തിടപഴകാൻ കിട്ടിയ സുവർണാവസരം അദ്ദേഹം ശരിക്കും മുതലാക്കി. ഒരർത്ഥത്തിൽ ആ പുസ്തകശാല പോലും നമ്പൂതിരിമാർക്കിടയിൽ സ്വതന്ത്ര ചിന്ത ആവേശിച്ച ഉൽപതിഷ്ണു വിഭാഗത്തിന്റെ പ്രവർത്തനഫലമായിരുന്നു. ഉണ്ണിരാജയുടെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ പാട്ടം, പാരം എന്നിവകളിൽ നിന്നുള്ള വരവ് പ്രതീക്ഷിക്കാതെ സ്വയം അധ്വാനിച്ച് വരുമാനമുണ്ടാക്കണമെന്ന് പുത്തൻ നമ്പൂതിരി ചിന്തയ്ക്കടിപ്പെട്ട ഒരാളായിരുന്നു. അദ്ദേഹം ഗുരുവായൂരിൽ ‘കേരള സന്താനം ബുക്ക് ഡിപ്പോ’ എന്ന ഒരു പുസ്തകശാല തുടങ്ങി. സ്കൂൾ വിട്ടാൽ ഉണ്ണിരാജ ബുക്ക് ഡിപ്പോയിൽ എത്തുക പതിവായി. പത്രവായനയ്ക്ക് പുറമെ വിൽപ്പനയ്ക്കുവച്ച പുസ്തകങ്ങളും അവിടെവച്ച് വായിക്കാൻ അവസരം ലഭിച്ചു. വായനക്കാരനായ ഉണ്ണി എഴുത്തുകാരനായ ഉണ്ണിയായതും ഗുരുവായൂർ വച്ചുതന്നെ.

കോൺഗ്രസ് സോഷ്യലിസ്റ്റുകാർ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന പിണറായി സമ്മേളനം കഴിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം കേ­ര­ളത്തിൽ പുതിയൊരു ദിശയിലേയ്ക്ക് കടന്നപ്പോ­ൾ ഉണ്ണിരാജയെ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് സഖാവ് പി കൃഷ്ണപിള്ള തട്ടിയെടുത്തു. 1939 ഡിസംബറിൽ നടന്ന പിണറായിയിലെ പാറപ്പുറം സമ്മേളനത്തി­ൽ ഉണ്ണിരാജ പങ്കെടുത്തിരുന്നില്ല. എന്നാൽ സമ്മേ­­ളനത്തിൽ വെെകിയെത്തിയ ഉണ്ണിരാജ പാർട്ടി രൂപീകരണത്തിൽത്തന്നെ പാർട്ടി അംഗമായി. ആരായിരുന്നു ഉണ്ണിരാജ? നമ്മൾ കേട്ടുശീലിച്ച ഉത്തരങ്ങളുടെ ചുറ്റളവിൽ ഒതുങ്ങുന്ന ഒരാളായിരുന്നില്ല ഉണ്ണിരാജ. വിപ്ലവത്തിന് മാറ്റുകൂട്ടാൻ അറിവിന്റെ മൂശയിൽ തപസനുഷ്ഠിച്ച ആ പൊന്നാനിക്കാരന് എന്തെങ്കിലുമൊക്കെയായിത്തീരാൻ ഒരു താല്പര്യവുമില്ലായിരുന്നു. തന്നെ തേടിയെത്തിയ സ്ഥാനമാനങ്ങളെ വിനയപൂർവം നിരസിക്കുമ്പോൾ അദ്ദേഹം മറ്റു പലതും നേടുകയായിരുന്നു. മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ, ഉണ്ണിരാജയ്ക്ക് എന്നും രണ്ട് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളു- അറിവും സ്നേഹവും. ഈ രണ്ട് കാര്യങ്ങളും ദാനം ചെയ്യുന്നതിൽ ഉണ്ണിരാജ തികച്ചും ‘മഹാരാജ’നായിരുന്നു. മരണം ഉണ്ണിരാജയുടെ ശരീരത്തെ 1995 ജനുവരി 28ന് രാത്രി കീഴ്പ്പെടുത്തുമ്പോൾ അറിവിന്റെ ഒരു വിളക്കുകൂടി അണഞ്ഞുപോയി. ആറ് ദശകങ്ങളുടെ അഭംഗുരവും നിസ്വാർത്ഥവുമായ ജനസേവനമെന്ന ഉപാസനയിൽ നിന്ന് ലഭിച്ച വെളിച്ചം നമ്മെ നയിക്കട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.