July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

പ്രകാശം നിലച്ചപ്പോൾ

By Janayugom Webdesk
February 2, 2020

പകാശം നിലച്ചപ്പോള്‍ ഡോ. അലക്സ് വള്ളികുന്നം നിന്ന നിൽപ്പിൽ ഒന്നും പറയാതെ പോയത് പോലെ ആയിപ്പോയി പ്രിയപ്പെട്ട പ്രകാശ് ചേട്ടൻ എന്ന എൻ എസ് പ്രകാശിന്റെ ആകസ്മികമായ വിടവാങ്ങൽ. വള്ളികുന്നത്ത് കൂടിയ ഒരു സാംസ്കാരിക സായാഹ്നത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തതാണ് ഈ വിടവാങ്ങലിനും രണ്ടുമൂന്നു ദിവസം മുമ്പ് നടന്ന വിസ്മരിക്കാനാവാത്ത അനുഭവം. സാമൂഹികമായ ദുരാചാരങ്ങൾക്ക് നേരെയുള്ള അർത്ഥവത്തും ഉള്ളിൽ തട്ടുന്നതുമായ വാക്കുകളുടെ ഗാംഭീര്യമുള്ള മുഴങ്ങുന്ന ശബ്ദം ആയിരുന്നു അന്നും അവിടെ കേട്ടത്. നാടകകൃത്ത്, നാടക സംവിധായകൻ, അഭിനേതാവ് എന്നതിലെല്ലാം മേലേ സാമൂഹ്യമായ അനാചാരങ്ങളോടും അധർമ്മങ്ങളോടും വിട്ടുവീഴ്ചയില്ലാതെ കലഹിക്കുന്ന പ്രക്ഷുബ്ധമായ മനസ്സിന്റെ ഉടമ കൂടിയായിരുന്നു അദ്ദേഹം. വ്യക്തമായ സാമൂഹിക കാഴ്ചപ്പാട്, രാഷ്ട്രീയമായ ബോധം, രാഷ്ട്രീയമായ നിലപാടും ഉണ്ടായിരുന്നു എങ്കിലും അതിന്റെ പക്ഷം ചേർന്നുള്ള കടുംപിടുത്തം ബാധിക്കാത്ത സ്വതന്ത്രവും ധാർമികവുമായ സമീപനവും, കക്ഷി-രാഷ്ട്രീയ‑ജാതി-മത ഭേദമെന്യേയുള്ള ഇടപെടലുമായിരുന്നു ആ മഹദ് വ്യക്തിത്വത്തിന്റെ സവിശേഷത. ഒരു പ്രക്ഷോഭകാരിയിൽ നിന്ന് നാടിന് ലഭ്യമായിരുന്ന ഏറ്റവും വലിയ തുണ, പിന്തുണ, സഹായം, സഹാനുഭൂതി, ആശ്വാസമാണ് 2019 ഫെബുവരി 5ന് അണഞ്ഞുപോയ ‘പ്രകാശം’ എന്ന സങ്കടം.

എൻ എസ് പ്രകാശ് എന്ന ജ്യേഷ്ഠ സുഹൃത്തിനെ മനസ്സിലാക്കുന്നത് ഒരു നാടക സമിതിയുടെ പവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്.  നാട്ടിലെ അന്നത്തെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ ഉപാസനയുടെ പ്രവർത്തനത്തിലൂടെയാണ് എൻ എസ് പ്രകാശിന്റെ ആദ്യമുഖം ഓർമ്മയിൽ തെളിയുന്നത്. നാണംകുണുങ്ങിയും ശാന്തനും സൗമ്യനും സുസ്മേരവദനനുമായ ഒരു ചേട്ടൻ. അടുത്ത രണ്ടു സുഹൃത്തുക്കളായ എൻ എസ് ശ്രീകുമാറിന്റെയും സലിംകുമാറിന്റെയും മാമൻ. അങ്ങനെയങ്ങനെ. . പ്രത്യേകമായ അടുപ്പം സുദൃഢവും ദീർഘവുമായ കാലഘട്ടത്തിലെ മായാത്ത മുദ്രകൾ. വള്ളികുന്നത്തെ നാടക മേഖലയുമായി ബന്ധപ്പെട്ട് തോപ്പിൽഭാസി വലിയ പേരെടുത്ത് കേരളക്കരയാകെ തിളങ്ങി നിൽക്കുന്ന കാലം. സിനിമയിലും നാടകത്തിലും ഒന്നു പോലെ അറിയപ്പെടുന്ന തോപ്പിൽഭാസി ഒരു വശത്ത്. എന്നാൽ നാട്ടിൻപുറത്ത് തന്നെ പേരെടുത്ത മറ്റുചില പ്രഗൽഭരും ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. വേലിയാത്ത് ഗോപാലപിള്ള എന്ന വി ആർ ജിയും കുട്ടൻ വള്ളികുന്നവും തുടങ്ങി നാടകകൃത്തുക്കളും നടന്മാരുമായി അഞ്ചുമനയ്ക്കൽ ശശി, രവീന്ദൻ എന്ന ഇട്ടൂപ്പ്, യശോധരൻ, വിശ്വനാഥൻ എന്ന വിശ്വംസാർ, സതീഷ് ചന്ദ്, സദാനന്ദൻ, സുകുമാരൻ നമ്പൂതിരി മിക്ക നാടകങ്ങളിലും നായകനായിരുന്ന ഗൗതമൻ, ശീധരൻ പിള്ള സാറ്, ശങ്കരപ്പിള്ള, ചെറുവള്ളിൽ വിജയൻ പിള്ള, എം. കുഞ്ഞ്, അടുത്തകാലത്ത് മരിച്ചുപോയ സുകുമാരൻ… അങ്ങനെ പേരെടുത്തു പറയാവുന്ന ഒട്ടനവധി നാടക നടന്മാരും സംഘാടകരും നാടക സമിതി പവർത്തകരും ആയ ഒരുപാട് പേരുടെ വലിയ കൂട്ടായ്മയും സാന്നിദ്ധ്യവും ഈ നാട്ടിലെ കൗതുകകരമായ കാഴ്ചയും അനുഭവവുമായിരുന്നു ഞങ്ങൾക്ക്. അവിടെ തൊട്ടടുത്ത് ഓച്ചിറയിലുള്ള ഗീഥാ സലാം എന്ന നടനെ കുറിച്ച് വലിയ മതിപ്പും പ്രശസ്തിയും ഉള്ള കാലവും. ചങ്ങനാശ്ശേരി ഗീഥയിലെ പമുഖ നടനും മലയാളത്തിലെ അറിയപ്പെടുന്ന ഹാസ്യ അഭിനേതാവും ആയിരുന്നു അന്നുതന്നെ ഗീഥാ സലാം എന്നറിയപ്പെടുന്ന സലാമിക്ക. ഇവരുടെയൊക്കെ സമകാലീനനും സഹപ്രവർത്തകനുമായിരുന്ന ഇളയ തലമുറയുടെ പതിനിധികൂടി ആയിരുന്ന പ്രകാശ്.

അദ്ദേഹം അഭിനയിച്ച ആദ്യത്തെ ശ്രദ്ധേയമായ നാടകമായിരുന്നു ‘ചംക്രമണം.’ വി ആർ ജിയുടെയും ശ്രീധരൻപിള്ള സാറിന്റെയും സംവിധാനത്തിൽ വിജയൻ പിള്ളയും മറ്റും ചേർന്ന് എഴുതിയ സംയുക്ത സംരംഭമായി രചനാപൂർത്തീകരണം നിർവഹിക്കാനുള്ള നിയോഗം ലഭിച്ച ഭാഗ്യവാനായിരുന്നു എൻ എസ് പ്രകാശ്. അതാണ് ആ നാടക ജീവിതത്തിലെ ആദ്യത്തെ ശ്രദ്ധേയമായ അടയാളമായി എടുത്തു കാണിക്കാവുന്നത്. തുടർന്നിങ്ങോട്ട് ഉപാസനയുടെ പ്രവർത്തനം മന്ദീഭവിച്ചു. എങ്കിലും എൻ എസ് പകാശ് എന്ന എഴുത്തുകാരനുമായ കലാകാരന്റെ മനസ്സ് ചെറിയ ചെറിയ ഏകാങ്കങ്ങൾ എഴുതുന്നതിനും സംവിധാനം ചെയ്യുന്നതിനും മത്സരവേദികളിൽ അവതരിപ്പിക്കുന്നതിനും താൽപര്യം പ്രകടിപ്പിച്ചു. തോപ്പിൽഭാസിയും കെപിഎസിയുമായും അതുപോലെതന്നെ കൊല്ലം ഓച്ചിറ കേന്ദീകരിച്ചുള്ള പ്രൊഫഷണൽ നാടക സംഘങ്ങളുമായും അദ്ദേഹത്തിന്റെ ബന്ധങ്ങൾ മറ്റൊരു കാലഘട്ടത്തിലെ അടയാളങ്ങളാണ്. ‘ഓച്ചിറ നാടകരംഗം’ എന്ന പേരിൽ ഗീഥാ സലാം ആരംഭിച്ച നാടക സംഘത്തിലെ പധാനപ്പെട്ട നാടകകൃത്തായി, അഭിനേതാവായി അദ്ദേഹം മാറി. ‘ചംക്രമണം’, ‘ഭരണം’, ‘കാവ്യം’, ‘ദൗത്യം’, ‘അടിമ’, ‘പൊന്നുതമ്പുരാൻ തിരുമനസുകൊണ്ട്,’ ‘തലമുറ’, ‘അഞ്ചാംപെണ്ണ്’, ‘സെക്യൂരിറ്റി ഗാർഡ്’, ‘അശ്വതിക്കുട്ടി പാവമായിരുന്നു’, ‘കഥ കേരളീയം’, ‘ഭാരതം86′, ‘ബ്യൂറോക്രസി’ തുടങ്ങി ഒരു ഡസനിലധികം വരുന്ന ചെറുതും വലുതുമായ മികച്ച നാടകങ്ങൾ എൻ എസിന്റെ തൂലികയിൽന്നിന്നുയിർകൊണ്ടവയും ഓച്ചിറ നാടകരംഗം, ചങ്ങനാശേരി ഗീഥ, ഓച്ചിറ സരിഗ, ഓച്ചിറ പണവം, കൊല്ലം അരീന, കായംകുളം തോപ്പിൽഭാസി തീയറ്റേഴ്സ്, തിരുവനന്തപുരം അനിഴം, വള്ളികുന്നം ഉപാസന, വള്ളികുന്നം വിവേകാനന്ദ, വയനകം സാംസ്കാരികവേദി തുടങ്ങിയ പ്രൊഫഷണലും അമേച്വറുമായ സമിതികൾ അവതരിപ്പിച്ച് സാമൂഹിക അംഗീകാരം നേടിയവയും ആണ്. നാടകകൃത്തെന്ന നിലയിലും നാടകനടൻ എന്ന നിലയിലും ദ്വന്ദ്വവ്യക്തിത്വമായിരുന്ന എൻ എസ്, രചന നിർവ്വഹിച്ച മിക്കനാടകങ്ങളിലും മുഖ്യഅഭിനേതാവ് ആയിരുന്നു എന്നപോലെ തന്നെ തേടിവന്ന ഇതര കഥാപാതങ്ങളെയും അദ്ദേഹം ഇരുകൈയും നീട്ടി സ്വീകരിച്ചു. ഓച്ചിറ നാടകരംഗം, കൊല്ലം രംഗശ്രീ, കൊല്ലം തൂലിക തുടങ്ങിയ സമിതികളിലെയും നായകനടനായി തിളങ്ങി. ക്രമേണ മലയാള നാടകവേദിയിൽ ചർച്ചചെയ്യപ്പെടുന്ന ഒരു നടനായി അദ്ദേഹം ഉയർന്നു വരികയും, കൊല്ലം തൂലികയിലേക്ക് വലിയ പ്രാധാന്യത്തോടെ ക്ഷണം വന്നു. കൊല്ലം തൂലികയിലെ എണ്ണപ്പെട്ട നാടകങ്ങളായ പ്രമാണി, ഏണിപ്പടികൾ, ചെമ്മീൻ തുടങ്ങിയ നാടകങ്ങളിൽ നായക കഥാപാത്രമായി ശദ്ധിക്കപ്പെടുകയും സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് വരെ അർഹനാവുകയും ചെയ്തു. ജയപകാശ് മേനോൻ എഴുതി കെ എം ധർമ്മൻ സംവിധാനം ചെയ്ത ഒരു പമുഖ രാഷ്ട്രീയ നേതാവിന്റെ ജീവിതകഥയായ കൊല്ലം രംഗശ്രീയുടെ ‘അന്നുമുതൽ ഇന്ന് വരെ’യിലെ നായകസ്ഥാനവും; ചൂനാട് വൈ എം എ സി യുടെ (വിശ്വരൂപം), വള്ളികുന്നം ഉപാസന യുടെ (ഉഷ: സന്ധ്യ, ഒരു വിളിക്കാതം അകലെ) തുടങ്ങി സ്വന്തവും മറ്റുള്ളവരുടേതുമായ എണ്ണപ്പെട്ട കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയതുമായ അഭിനയ ജീവിതത്തിൽ അടുത്തകാലത്ത് എൻ എസ് നേതൃത്വം കൊടുത്ത് ആലപ്പുഴ കൊല്ലം ജില്ലകളിലെ വിവിധകേന്ദങ്ങളിൽ അവതരിപ്പിച്ച തോപ്പിൽഭാസിയുടെ ‘മുന്നേറ്റം’, ‘അളിയൻ വന്നത് നന്നായി’, ‘പൂനാകേശവനും കൂനന്തറ പരമുവും’ എന്നീ മൂന്ന് ഏകാങ്കങ്ങളിലെ അഭിനയവും, ഈ ലേഖകൻ സംവിധാനം ചെയ്ത ‘ക്രൈം 27’ എന്ന സിജെ നാടകത്തിൽ ഗുരുവായി വേഷമിട്ടതുമെല്ലാം സവിശേഷ നടൻ എന്ന അംഗീകാരം നേടിക്കൊടുക്കാനുപകരിച്ചു. തോപ്പിൽ സോമനും റാഫി കാമ്പിശേരിയും സതീഷ്ചന്ദും ഒപ്പം ചേർന്ന് അവതരിപ്പിച്ച തോപ്പിൽഭാസിയുടെ ഏകാങ്കങ്ങൾ നാട്ടിൽ പലേടത്തും അരങ്ങേറാൻ കഴിഞ്ഞു. ഇതിനിടെ ടെലിവിഷൻ രംഗത്തും മികച്ച അഭിനേതാവായി അറിയപ്പെട്ടെങ്കിലും അവിടെ പല കാരണങ്ങൾ കൊണ്ടും അദ്ദേഹം നിലയുറപ്പിച്ചില്ല.

ഒഎൻവിയുടെ ‘ഉജ്ജയിനി’ എന്ന ഖണ്ഡകാവ്യത്തിന് നൽകിയ നാടകാവിഷ്കാരം സ്വയം സമർപ്പിതമായ ഹൃദയവേദനയുടെ അവസാനകഥകൂടിയാണ്. ഒഎൻവിയുടെ കുടുംബാംഗങ്ങളെയും സഹധർമ്മിണിയെയും മക്കളെയും കണ്ട് ആ കാവ്യ നാടകത്തിന് രൂപം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചയും പഠനവും വിശകലനം നടത്തുമ്പോഴും ആ സൃഷ്ടി പൂർത്തിയാക്കനെടുത്ത സാധനയുടെ രാപ്പകലുകളിൽ അനുഭവിച്ച മനോവ്യഥയുടെ ആഴം അടുത്ത പല മിത്രങ്ങളോടും പങ്കുവച്ചിരുന്നു.

ഇന്നിപ്പോൾ എന്‍ എസ് പകാശ് ഇല്ല. പക്ഷേ അദ്ദേഹം ഓർമിപ്പിക്കുന്ന, ഓർമ്മിപ്പിച്ച, പങ്കു വച്ച, സഹകരിച്ച, അനുഭവങ്ങളുടെ പുകയും നീറലും ചൂടും വെളിച്ചവും നമ്മോടൊപ്പമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.