Web Desk

മുംബൈ

September 19, 2020, 10:00 pm

ഐഎന്‍എസ് വിരാട് ഇനി ഓർമ്മ

Janayugom Online

ഇന്ത്യയുടെ സമുദ്രാതിര്‍ത്തികള്‍ മൂന്ന് ദശാബ്ദക്കാലം കാത്ത ഐഎന്‍എസ് വിരാട് മുംബൈയിലെ നാവികസേന ഡോക് യാര്‍ഡില്‍ നിന്ന് ഗുജറാത്തിലെ പൊളിക്കല്‍ കേന്ദ്രത്തിലേക്ക് യാത്രയായി. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം സേവനനിരതമായിരുന്ന യുദ്ധക്കപ്പലെന്ന ഗിന്നസ് റെക്കോഡോടെയാണ് 2017 ല്‍ ഇന്ത്യന്‍ നാവികസേന വിരാടിനെ ഡീകമ്മിഷന്‍ ചെയ്തത്.

മ്യൂസിയമാക്കി മാറ്റി വിരാടിനെ സംരക്ഷിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പരിപാലനച്ചെലവ് ഏറിയതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ലേലം നടത്തി പാെളിക്കാന്‍ തീരുമാനിച്ചത്.

ഐഎന്‍എസ് വിരാടായി മാറുന്നതിന് മുന്‍പ് 1959 മുതല്‍ എച്ച്‌എംഎസ് ഹെര്‍മിസ് എന്ന പേരില്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ ഭാഗമായിരുന്നു കപ്പല്‍. 1959 നും 70 നും ഇടയില്‍ ബ്രിട്ടീഷ് നാവിക സേനയുടെ പ്രധാന നാല് പടക്കപ്പലുകളില്‍ ഒന്നായിരുന്നു. റോയല്‍ നേവിയില്‍ ഹെലികോപ്റ്റര്‍ പെെലറ്റായിരുന്ന ചാള്‍സ് രാജകുമാരന്‍ സേവനമനുഷ്ഠിച്ച കപ്പല്‍ കൂടിയാണിത്. 1984‑ല്‍ ഡീകമ്മിഷന്‍ ചെയ്തതോടെയാണ് ഇന്ത്യ വാങ്ങിയത്.

1987 മെയ് 12 നാണ് ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി കമ്മിഷന്‍ ചെയ്തത്. 2017 മാര്‍ച്ച്‌ 8 ന് ഡീ കമ്മിഷന്‍ ചെയ്തു. 28,500 ടണ്‍ ഭാരവും 227.3 മീറ്റര്‍ നീളവുമുള്ള കപ്പല്‍ 2258 ദിവസം കടലില്‍ ചെലവഴിച്ചിട്ടുണ്ട്. 5,88,287 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ചു. 30 വര്‍ഷത്തെ സേവനത്തിനിടെ ഐഎന്‍എസ് വിരാടിന്റെ ഡക്കില്‍ നിന്നും പറന്നുയര്‍ന്നത് നിരവധി സെെനിക വിമാനങ്ങളാണ്.

ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായ ശേഷം ആദ്യ ദൗത്യം ശ്രീലങ്കയിലായിരുന്നു. 1988 ലെ ശ്രീലങ്കന്‍ സമാധാന ദൗത്യത്തില്‍ സമാധാന സേനയുടെ ഭാഗമായി വിരാട് പ്രവര്‍ത്തിച്ചു. 1999ല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷമുളള ഓപ്പറേഷന്‍ വിജയ്, 2001ല്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍ സമുദ്രത്തിലൂടെയുള്ള ആക്രമണത്തെ പ്രതിരോധിക്കാന്‍ (ഓപ്പറേഷന്‍ പരാക്രം) മുംബൈയ്ക്കു സമീപം നങ്കൂരമിടാന്‍ നിയോഗിക്കപ്പെട്ടതും വിരാടാണ്.

Eng­lish sum­ma­ry;  mem­o­ries in INS virad

You may also like this video;