Janayugom Online
പ്രാണേഷിന്റെ ചിത്രത്തിനരികെ പിതാവ് ഗോപിനാഥപിള്ള (ഫയല്‍ ചിത്രം)

മോഡിയേയും വിറപ്പിച്ച നിയമപോരാട്ടം; ഗോപിനാഥപിള്ളയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല

Web Desk
Posted on April 13, 2019, 10:55 pm

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നിയമപോരാട്ടങ്ങളിലൂടെ വിറപ്പിച്ച മലയാളിയായ ഗോപിനാഥപിള്ളയുടെ വേര്‍പാടിന് ഇന്ന് ഒരു വയസ്സ്. 2004 ജൂണ്‍ 15ന് ഗുജറാത്തില്‍വച്ച് തീവ്രവാദിയാണെന്ന് ആരോപിച്ച് പൊലീസ് വെടിവച്ചുകൊന്ന മലയാളി പ്രാണേഷ്‌കുമാറിന്റെ (ജാവേദ്) പിതാവ് ഗോപിനാഥപിള്ള 2018 ഏപ്രില്‍ 14 നാണ് വാഹനാപകടത്തില്‍ മരിച്ചത്. പ്രാണേഷും മുംബൈ സ്വദേശിനി ഇസ്രത്ത് ജഹാനും രണ്ട് പാകിസ്ഥാനികളും അടങ്ങുന്ന സംഘം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌ക്കര്‍ തീവ്രവാദികളാണെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ ഇതിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയ ഗോപിനാഥപിള്ള ഗുജറാത്ത് സര്‍ക്കാരിന്റേയും ആര്‍എസ്എസിന്റേയും ഭീഷണികള്‍ക്ക് മുന്നില്‍ പതറിയില്ല. ഗുജറാത്ത് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി കമാല്‍ നടത്തിയ അന്വേഷണത്തിലും സിബിഐ നടത്തിയ അന്വേഷണത്തിലും ഇത് വ്യാജ ഏറ്റുമുട്ടല്‍ ആണെന്ന് തെളിഞ്ഞിരുന്നു. മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഉള്‍പ്പെടെ സിബിഐ നല്‍കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ കേസ് കോടതി പരിഗണിക്കാന്‍ ഇരിക്കവേ ആയിരുന്നു കഴിഞ്ഞ വര്‍ഷം തുറവൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഗോപിനാഥപിള്ള മരിച്ചത്.
ഗോപിനാഥപിള്ളയുടെ മകന്‍ പ്രാണേഷ് ഇസ്‌ലാം മതം സ്വീകരിച്ച് ജാവേദ് ഗുലാം ഷേയ്ക്ക് എന്ന പേര് സ്വീകരിച്ചിരുന്നു. കൊലപാതകത്തിന് രണ്ടാഴ്ച മുന്‍പ് പ്രാണേഷും ഭാര്യ സാജിതയും കുട്ടികളും ഗോപിനാഥപിള്ളയുടെ ചാരുംമൂട് താമരക്കുളം മണലാടിക്കൈതി വീട്ടിലുണ്ടായിരുന്നു. പ്രാണേഷും കുടുംബവും നാട്ടില്‍ വന്ന അതേ കാര്‍ തന്നെയായിരുന്നു സംഭവ സ്ഥലത്തും ഉണ്ടായിരുന്നത്. പത്രങ്ങളില്‍ വന്ന ചിത്രത്തില്‍ നിന്നാണ് കാറിന്റെ നമ്പര്‍ കണ്ട് കൊല്ലപ്പെട്ട മലയാളി തന്റെ മകനാണെന്ന് ഗോപിനാഥപിള്ള തിരിച്ചറിഞ്ഞത്. തീവ്രവാദിയുടെ പിതാവ് എന്ന ലേബല്‍ പിള്ളയെ ഒറ്റപ്പെടുത്തലിന്റെ അവസ്ഥയിലാക്കി. അടുത്ത ബന്ധുക്കള്‍ പോലും അകലം പാലിച്ചു. സഹായത്തിന് പോലും ആരുമില്ലാത്ത അവസ്ഥ. തന്റെ മകന് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ല എന്ന ഉറച്ച വിശ്വാസമാണ് പൂനയില്‍ ജോലി ചെയ്തിരുന്ന പിള്ളയെ നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിക്കാന്‍ പ്രേരിപ്പിച്ചത്. മകന്റെ നിരപരാധിത്വം തെളിയിച്ച് തീവ്രവാദിയുടെ പിതാവ് എന്ന ദുഷ്‌പേര് തുടച്ചുനീക്കുക എന്നത് ജീവിത വ്രതമായി കരുതി. മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും നല്ലവരായ ഉദ്യോഗസ്ഥരുടേയും പിന്തുണയോടെ 2004 ല്‍ നിയമ പോരാട്ടം ആരംഭിച്ചു. ഗുജറാത്തില്‍ എത്തിയപ്പോള്‍ തന്നെ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സൂചന ലഭിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മനസ്സിലായി. ഇതിനിടെ ഇസ്രത്ത് ജഹാന്റെ ബന്ധുക്കളും നിയമപോരാട്ടത്തിനിറങ്ങി. ഏറ്റുമുട്ടല്‍ വ്യാജമെന്ന അന്വേഷണ റിപ്പോര്‍ട്ടുകള്‍ പിള്ളക്ക് ഏറെ ആശ്വാസം പകര്‍ന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായുമായിരുന്നു വ്യാജ ഏറ്റുമുട്ടലിന്റെ മുഖ്യ സൂത്രധാരകരെന്ന് ഗോപിനാഥപിള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
14 വര്‍ഷത്തെ നിയമപോരാട്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടോടെ അവസാനിച്ചത്.