ഓണം — ഒരു മധുര വിചാരം

കെ ജയകുമാർ
Posted on August 30, 2020, 10:12 am

ണത്തെപ്പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ മിക്കവാറും പോയകാലത്തിന്റെ മങ്ങിത്തുടങ്ങിയ ജലച്ചായചിത്രങ്ങളാണ്. എത്ര പ്രതിരോധിച്ചാലും അവസാനം കുറെ സ്ഥിരം വാങ്മയങ്ങളിലും നഷ്ടങ്ങളെക്കുറിച്ചുള്ള നെടുവീർപ്പുകളിലും അവ ചെന്ന് മുട്ടി നിൽക്കും. അങ്ങനെയൊക്കെ എഴുതുന്നത് മോശമാണെന്നോ വ്യാജമാണെന്നോ അല്ല. ആ വിധം നമ്മൾ ഒരുപാടെഴുതിയല്ലോ എന്ന് മാത്രം. ഈ ധാരണ മനസ്സിൽ പതിഞ്ഞു കിടക്കുന്നതിനാൽ കഴിയുമെങ്കിൽ ഓണസ്മൃതികൾ എഴുതാതിരിക്കാനാണ് എനിക്ക് താൽപ്പര്യം. വായനക്കാരുമായി പുതിയതെന്തെങ്കിലും പങ്കിടാനില്ലെങ്കിൽ അവരുടെ സമയം അപഹരിക്കുന്നത് നീതീകരിക്കാവതല്ല. ഈ ആമുഖം കൊണ്ട് ഞാൻ എന്നെത്തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. അസാധാരണമായ ഓണം അനുഭവിക്കാൻ എനിക്കവസരമുണ്ടായില്ല. ഒരു സാധാരണ ഗ്രാമത്തിലെ സാധാരണ വീട്ടിലെ ഒരു സാധാരണനായ ബാലന് വ്യത്യസ്തമായ ഓണാനുഭവങ്ങൾ പങ്കു വയ്ക്കാനുണ്ടാകുന്നതെങ്ങനെ? (അതാണല്ലോ എഴുതാൻ മടി. ) എന്നാൽ ഞാൻ എന്നെത്തന്നെ മാറിനിന്നു കാണാൻ ശ്രമിക്കുകയാണിപ്പോൾ. ബാഹ്യതലത്തിൽ എന്റെ ഓണത്തിന് ഒരു പ്രത്യേകതയുമുണ്ടായിരുന്നില്ല.

ലേശം ബോറടിയുണ്ട് താനും. പന്ത്രണ്ടിനും ഇരുപത്തിയഞ്ചിനുമിടയ്ക്കുള്ള കൗമാര യൗവ്വനാരംഭ വർഷങ്ങൾ ഓർക്കാൻ ശ്രമിക്കുകയാണ്. ശാരീരികമായും വൈകാരികമായും ചിന്താപരമായും കാലം അതിദ്രുത മാറ്റങ്ങൾ നമ്മളിൽ വരുത്തുന്ന ജീവിതദശ. ബന്ധങ്ങളിൽ നമ്മളറിയാതെ വരുന്ന മാറ്റങ്ങൾ, നഷ്ടപ്പെടുന്ന നിഷ്കളങ്കതകൾ, മനസ്സിലുയരുന്ന ‘അരുതാത്ത’ മോഹങ്ങൾ, ആത്മവിശ്വാസമില്ലായ്മ, സ്വാതന്ത്ര്യത്തിനും നിയന്ത്രണങ്ങൾക്കുമിടയിലെ അവ്യക്തത„ ബാലന്റെ ശബ്ദം മാറുകയും പുരുഷന്റെ ശബ്ദം പൂർണമായി നേടാതിരിക്കുകയും ചെയ്യുന്ന അസ്വസ്ഥത, പൊതുസ്ഥലങ്ങളിലും കുടുംബ സദസ്സുകളിലും കുട്ടിയുമല്ല മുതിർന്നവനുമല്ലാത്ത അനാഥാവസ്ഥ എന്നിങ്ങനെ ആന്തരിക സംഘർഷങ്ങൾ നിറഞ്ഞ ഒരു ജീവിത ഘട്ടമാണത്. (പെൺകുട്ടികൾക്കുമുണ്ടു പ്രശ്നങ്ങൾ, പക്ഷെ അവ തികച്ചും വ്യത്യസ്തം). ഈ ശാരീരിക വൈകാരിക പരിണാമങ്ങളും ഓണവുമായി എന്ത് ബന്ധം? ഓരോ വർഷത്തെയും ഓണക്കാലമാണ് നമുക്ക് വന്ന മാറ്റങ്ങളുടെ നേർദർപ്പണം.

കഴിഞ്ഞ വർഷം നമ്മളോട് വലിയ സ്വാതന്ത്ര്യത്തോടെ പെരുമാറിയിരുന്ന യുവതികൾക്ക് ഈ വർഷം ഒരു ചെറിയ അകലം പോലെ. (ഞാൻ ഒരു പുരുഷനായി വരുന്നു എന്നാണല്ലോ അതിൽ നിന്നറിയേണ്ടത്. ) തീരെ ചെറിയ കുട്ടികൾ കളിയിൽ ‘ചേട്ടനെ’ കൂട്ടുന്നില്ല. (മുതിർന്നു കഴിഞ്ഞു എന്നർത്ഥം. ) തിരുവോണം നാളിൽ ഉച്ചതിരിഞ്ഞു നാട്ടിൻപുറത്തെ കുറച്ചു സ്ത്രീകളുണ്ട് എന്റെ അമ്മമ്മയുടെ സ്വാധീന വലയത്തിൽ. അവർ തുമ്പി തുള്ളാനും മാണിക്കച്ചെമ്പഴുക്ക കളിക്കാനുമൊക്കെ ഞങ്ങളുടെ വീടിന്റെ പൂമുഖത്തു ഒത്തു കൂടും. കുട്ടിയായിരിക്കുമ്പോൾ അവർക്കിടയിൽ ‘പൂണ്ടു വിളയാടിയിരുന്ന’ എനിക്ക് അവിടെ വിലക്ക് വരുന്നു. ‘പെണ്ണുങ്ങള്‍ കളിക്കുമ്പോൾ നിനക്കെന്താ ഇവിടെ കാര്യം? ‘എന്ന് അമ്മ ലേശം കർക്കശമായി ചോദിക്കാൻ തുടങ്ങി. അറുപതുകളിലും എഴുപതുകളുടെ പകുതി വരെയും (എൻറെ ഇരുപത്തിമൂന്നു- ഇരുപത്തിയഞ്ചു വയസ്സ് വരെ) അച്ഛൻ (എം കൃഷ്ണൻ നായർ) മലയാളത്തിലെ തിരക്കുള്ള സിനിമാ സംവിധായകനായിരുന്നു. ഓണത്തിന് റിലീസ് ചെയ്യേണ്ട സിനിമകളുള്ളത് കാരണം പല വർഷങ്ങളും അച്ഛൻ ഓണത്തിന് വീട്ടിലെത്തുകയില്ല. അമ്മയുടെ സംവിധാനത്തിലാണ് ഞങ്ങളുടെ ഓണം. അതുകൊണ്ടു തന്നെ എന്റെ ഓണസ്മൃതികളിൽ സ്ത്രീസാന്നിധ്യം കൂടും. ഇപ്പറഞ്ഞ സാഹചര്യങ്ങൾ കൊണ്ട് ഓണക്കാലം എനിക്ക് ഏകാന്തതയുടെ കാലമായിരുന്നു. വായന ഗൗരവമായെടുക്കുന്നതും ഓണം അവധിക്കു തന്നെയാണ്. കവിതകൾ വായിക്കാൻ തുടങ്ങി.

ഓരോ ഓണത്തിനും എന്റെ ഇഷ്ടകവി മാറിക്കൊണ്ടിരിക്കും. ചങ്ങമ്പുഴയും, ഒ എൻ വി യും, വയലാറും, ശങ്കരക്കുറുപ്പും, വൈലോപ്പിള്ളയുമൊക്കെ പ്രിയ കവികളായിരുന്നു ഓരോ സമയത്ത്. പക്ഷെ വളരെക്കാലം എന്റെ കവിഗുരു തിരുനല്ലൂർ കരുണാകരനായിരുന്നു. മേഘസന്ദേശം പരിഭാഷയും റാണിയും എന്നെ എത്രയോ കാലം വിസ്മയിപ്പിച്ചു. (ഇപ്പോഴും വിസ്മയിപ്പിക്കുന്നു. ഇനിയും ഈ കവിയെ മലയാളി വായനക്കാർ വേണ്ടത്ര അറിഞ്ഞിട്ടില്ലെന്നാണ് എൻറെ സുചിന്തിതമായ അഭിപ്രായം) “നാണിച്ചു നാണിച്ചിരിക്കയോ നീയെന്റെ റാണി ചിരിക്കുകയില്ലേ? ” “ചാരത്തിരുന്നൊരാൾ എപ്പൊഴും നോക്കിയാൽ നാണിച്ചു പോവുകയില്ലേ? ഈ വരികളുടെ രചനാസൗഭഗം എന്നെങ്കിലും എനിക്ക് വഴങ്ങുമോ എന്ന് ഞാൻ എത്ര കാലം ആലോചിച്ചിട്ടണ്ട്. കവിതകളിലും നോവലിലുമൊക്കെ വ്യാപരിക്കാൻ തുടങ്ങുന്ന തരുണമനസ്സിൽ പ്രണയാഭിലാഷങ്ങളുടെ ഉഷ്ണപ്രവാഹമുണ്ടാകുന്നത് സ്വാഭാവികം. പക്ഷെ ജീവിത സാഹചര്യവും, അമ്മയുടെ അലംഘനീയമായ നിയന്ത്രണങ്ങളുമെല്ലാം എന്നിലെ പ്രണയിയെ പരാധീനനാക്കി. ഞങ്ങളുടെ ഗ്രാമത്തിലുള്ള ഒരു പെൺകുട്ടിയോടും എനിക്ക് ഒരഭിനിവേശവും ഒരിക്കലും തോന്നിയില്ല. അത് അവർക്ക് ആകർഷണീയതയില്ലാത്തതു കൊണ്ടല്ല; അയൽപക്ക പ്രണയങ്ങളിൽ കുരുങ്ങി ഏടാകൂടങ്ങളിൽ പെടണ്ട എന്ന എന്റെ മുൻകരുതൽ കൊണ്ടാണ്. (പിൽക്കാല ജീവിതത്തിലും ഔദ്യോഗിക വ്യവഹാരങ്ങളിലും ഈ ജാഗ്രതാ ശീലം എനിക്കെന്നും കവചം തീർത്തു. ) അതിനർത്ഥം എന്റെ കൗമാരം പ്രണയരഹിതമായിരുന്നുവെന്നല്ല.

അടുത്ത ഗ്രാമത്തിലെ ഒരു സുന്ദരിയിൽ ഞാൻ ആകൃഷ്ടനായി. പക്ഷെ എന്തെങ്കിലും ആശയവിനിമയം നടത്താനുള്ള ധൈര്യം എനിക്ക് അന്നില്ല. അവളുടെ വീടിനടുത്തു ഒരു ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തിൽ സ്ഥിരമായി പോയി ദർശനം നടത്തുക എന്റെ ശീലമായി. ‘തേവരേം കാണാം പെണ്ണിനേം കാണാം ’ എന്ന എന്റെ ഉദ്ദേശ്യം ദൈവത്തിനു മാത്രമേ മനസ്സിലായുള്ളു. അമ്മ സംശയിച്ചില്ല. എന്റെ ഉള്ളിലിരിപ്പ് അറിയാൻ അവൾക്കു ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല. ഏതായാലും എന്റെ വൈകുന്നേരങ്ങൾക്കു അന്നൊക്കെ പ്രത്യേക ഭംഗിയായിരുന്നു. ഓണക്കാലം അവളെ കൂടുതൽ മോഹിനിയാക്കുന്നത് മൂന്ന് വർഷം ഞാൻ നോക്കി നിന്നു. പിന്നെ ഒരു നാൾ അവൾ വിവാഹം കഴിഞ്ഞങ്ങു പോയി. (ആ അറുപത്തേഴുകാരിയെ ഈയിടെ ഞാൻ കണ്ടല്ലോ! ‘കാണുമ്പൊൾ പറയാമോ കരളിലെ അനുരാഗം’. എന്ന് അശരീരി ഉയർന്നില്ല. ) സാംബശിവന്റെ കഥാപ്രസംഗം എവിടെയുണ്ടെങ്കിലും കേൾക്കാൻ പോവുക എന്നത് എന്റെ നിഷ്ഠയായിരുന്നു. ചതയദിനത്തിൽ ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരിക്കൽ ‘ഒഥല്ലോ’ കേൾക്കാൻ പോയത് വ്യക്തമായി ഓർക്കുന്നു. അതിനു മുൻപ് ഞാൻ ഷേക്സ്പിയറുടെ നാടകം വായിച്ചിരുന്നില്ല. മനസ്സിലാക്കാൻ വേണ്ട ഇംഗ്ലീഷ് പരിജ്ഞാനം നേടിയിരുന്നില്ല. പക്ഷെ ആ കഥപറച്ചിൽ എനിക്ക് മറക്കാൻ കഴിയില്ല.

പിന്നെ ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ കോഴ്സിന്റെ ഭാഗമായി ‘ഒഥല്ലോ’ പഠിച്ചപ്പോഴാണ് സാംബശിവന്റെ ലളിതമായ ഈരടികളുടെ ഉൾക്കാഴ്ച ബോധ്യപ്പെടുന്നത്. ഒഥല്ലോയ്ക്കു സുന്ദരിയായ ഭാര്യയിലുള്ള സംശയമാണ് നാടകത്തിലെ ദുരന്ത ബീജം. ഡെസ്ഡമോണയെ അവതരിപ്പിക്കുമ്പോൾ പാടുന്ന വരികൾ ഇങ്ങനെ (ഓർമയിൽ നിന്ന് എഴുതുന്നത്) അപ്സരസ്സാണെന്റെ ഡെസ്ഡമൺ, ഹൃദ്യമായ് പാടുമാടും സുഹൃദ് സമ്മേളനങ്ങളിൽ സൽസ്വഭാവത്തിൻറെ ദേവതയാണവൾ സംശയിക്കില്ലൊരു കാലവും നിന്നെ ഞാൻ. സംശയം കൊണ്ട് ദുരന്തം ക്ഷണിച്ചു വരുത്തുന്ന നായകൻ പാടുകയാണ്: സംശയിക്കില്ലൊരു കാലവും നിന്നെ ഞാൻ! കഥയുടെ മർമ്മമറിയുന്ന വി. സാംബശിവൻ എന്ന മഹാകലാകാരൻ കേരളത്തെ സാക്ഷരകേരളമാക്കുന്നതിൽ വഹിച്ച പങ്ക് ഗവേഷണം ചെയ്യേണ്ട വിഷയമാണ്. ഓണത്തെക്കുറിച്ചുള്ള എന്റെ ഗ്രാമചിത്രങ്ങളിൽ രണ്ടു മദ്യപാനികളുണ്ട്. ഹൃദയ നൈർമല്യമുള്ള രണ്ടു പേർ! അവരുടെ ഓണം സ്പെഷ്യൽ പ്രകടനം ഗ്രാമത്തിലെ സ്ഥിരം വിനോദങ്ങളിൽ ഒന്നാണ്.

ഒരാൾ തിരുവോണരാത്രിയിൽ വയലിൽക്കിടന്നേ ഉറങ്ങൂ. വീട്ടുകാർ വിളിക്കാൻ വരാറില്ല. മറ്റെയാൾ വീണാലും ഇഴഞ്ഞാലും എങ്ങനെയെങ്കിലും വീട്ടിലെത്തും. കുറച്ചു കഴിഞ്ഞു പിന്നെയും പുറത്തിറങ്ങും റീചാർജ് ചെയ്യാൻ. മറ്റു ചെറുകിട മദ്യപാനികളുടെ പ്രകടനമൊന്നും ഇത്രയും ശോഭിക്കാറില്ല. മിതമായി മദ്യപിക്കുന്നവർ ഉച്ചതിരിഞ്ഞു പറമ്പിൽ ചീട്ട് കളിക്കുകയും ഇടയ്ക്കിടെ പോയൊന്ന് ‘മിനുങ്ങുകയും’ ചെയ്യും. അങ്ങനെയാണ് ചീട്ടുകളി സമം മദ്യപാനം എന്ന വേണ്ടാത്ത ഒരു സമവാക്യം എൻറെ മനസ്സിൽ പതിഞ്ഞു പോയത്. അതുകാരണം മുതിർന്നിട്ടും ചീട്ടുകളി എന്ന വിനോദത്തിൽ എനിക്കൊരിക്കലും എഴുന്നേറ്റമുണ്ടായില്ല. (അങ്ങനെയും ഒരനുഗ്രഹം. ) സർക്കാർവക ഓണാഘോഷവും ടിവിയിലെ അഖണ്ഡകലാപരിപാടികളുമില്ലാതിരുന്ന കാലത്ത് ഓണംനാളുകളിലെ സായാഹ്നങ്ങൾ പൊതുവേ വിരസങ്ങളാണ്. ആളും ആരവവുമൊടുങ്ങിക്കഴിഞ്ഞ് അന്തരീക്ഷം ശാന്തമാകും. അപ്പോഴാണ് ഞാൻ പറമ്പിലെ പുളിമരത്തിലെ ഊഞ്ഞാൽ ആടാൻ പോവുക.

സന്ധ്യക്ക് പുളിമരത്തിനടുത്തെങ്ങും പോകരുതെന്ന ഒരു മൃദുനിരോധനമുണ്ടെങ്കിലും ഞാൻ അത് കാര്യമാക്കാറില്ല. നിരോധനത്തിന്റെ കാരണമാണ് എന്റെ ആകർഷണം. ആ മരത്തിൽ ഗന്ധർവ സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. ചില പൗർണമികളിലെ തീക്ഷ്ണ ചെമ്പക ഗന്ധത്തിലൂടെയാണ് സാന്നിധ്യം അറിയുക. (അയാളെക്കൊണ്ടു ആർക്കും ഇതുവരെ ഉപദ്രവമൊന്നുമുണ്ടായിട്ടില്ല. ) ഗന്ധർവ്വൻ മിന്നാമിനുങ്ങായോ മറ്റോ വിശ്രമിക്കുന്ന ഓണ സന്ധ്യക്ക് പോയി ഊഞ്ഞാലാടിയാൽ, ഏകാകിയും വികാരജീവിയുമായുമായ എന്നിൽ ഗന്ധർവ്വന് ചലപ്പോൾ ഒരു മമത തോന്നിയെങ്കിലോ എന്ന ഭ്രമകൽപ്പനയാണ് എന്നെ നയിച്ചിരുന്നത്. ഈ ഗൂഢമോഹം മറ്റാർക്കും അറിയില്ല (ഇന്ന് വരെ). പക്ഷെ ഗന്ധർവ്വൻ എന്നിൽ പ്രസാദിച്ചില്ല.

കുറച്ചു വർഷങ്ങൾക്കു മുൻപ് ആ പുളിമരം മുറിച്ച് വീഴ്ത്തിയപ്പോൾ ഞാൻ ഗന്ധർവനോട് കൂടെ പോരാൻ ക്ഷണിച്ചതാണ്. (ആ മരം നഷ്ടമായതിലുള്ള സങ്കടം എനിക്കിപ്പോഴും മാറിയിട്ടില്ല. ) ഓണനിലാവ് പരക്കുന്ന ആ സന്ധ്യകളിൽ ഏകാകിയായി ഗന്ധർവ്വസംഗമം മോഹിച്ച് ഊഞ്ഞാലാടുന്ന ആ ബാലനെ എന്നിക്കിപ്പോഴും കാണാം. (അയാൾ ഉള്ളിൽ ഇപ്പോഴുമുണ്ട്) ഓണത്തെ ആഘോഷമെന്ന വിശേഷണപദം ചേർത്ത് പറഞ്ഞാണ് നമുക്ക് ശീലം. എന്നാൽ ഏകാന്തതയിലാണ് എന്റെ ഓണസ്മൃതികൾ അന്വയിക്കുന്നത്. അതിൽ എനിക്ക് പരാതിയില്ല. കൃതാർത്ഥതയുണ്ട് താനും. മനസ്സിലേയ്ക്ക് നോക്കാൻ ശീലിച്ച നാളുകളാണവ. ഭാവനയുടെ ലോകത്തെ സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞ നാളുകൾ. വായനയും ഭാവനയുമായുള്ള ജുഗൽബന്ദി ബാഹ്യമായ പരിമിതികളിലും പാരുഷ്യങ്ങളിലും നിന്ന് പരിരക്ഷിക്കുമെന്ന അറിവ് ജീവിതത്തെ പുനർ നിർവചിക്കുകയായിരുന്നു. മൺവാസനയെ അകറ്റിനിർത്താനുള്ള ഉപരിവർഗ്ഗ പ്രലോഭനങ്ങളിൽ വീഴാതെ പരിരക്ഷിച്ച കവിതയുടെ കണ്ണീർച്ചോല എനിക്ക് പതിച്ചു തന്ന ഏകാന്തതയുടെ ആ മഹാ കാരുണ്യത്തിനോടുള്ള കടപ്പാട് അഗാധം; അവാച്യം; അനിർവചനീയം.