Saturday
23 Feb 2019

രണ്ടു പ്രതിഭകളുടെ വിയോഗങ്ങള്‍

By: Web Desk | Tuesday 2 October 2018 10:07 PM IST


മലയാള സാംസ്‌കാരിക ലോകത്തിന് രണ്ടു വിയോഗങ്ങളാണ് ഇന്നലെയുണ്ടായത്. വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെയും സംവിധായകന്‍, എഴുത്തുകാരന്‍, നിര്‍മാതാവ്, നടന്‍ എന്നീ നിലകളില്‍ മലയാള സിനിമയില്‍ അടയാളപ്പെട്ട തമ്പി കണ്ണന്താനത്തിന്റെയും മരണങ്ങള്‍.
യൗവനം തീരും മുമ്പ് കത്തിത്തീരുകയായിരുന്നു ബാലഭാസ്‌കര്‍. ഉപകരണ സംഗീതത്തില്‍ മായാജാലം തീര്‍ത്ത് 12 -ാം വയസില്‍ തുടങ്ങിയ ജീവിതയാത്ര നാല്‍പതാമത്തെ വയസില്‍ അപകടമായെത്തിയ മരണത്തില്‍ അവസാനിച്ചു. 17-ാം വയസില്‍ സംഗീതസംവിധായകനായി എന്ന അപൂര്‍വതയും അദ്ദേഹത്തിന്റെ പല തിലകക്കുറികളില്‍ ഒന്നാണ്. വയലിനെ നാദവിസ്മയം തീര്‍ക്കാവുന്ന, ആസ്വാദകനെ അനുപമമായ അനുഭവസന്നിധിയിലേയ്ക്ക് നയിക്കുന്ന സംഗീതോപകരണമാക്കിയ അതുല്യ പ്രതിഭയാണ് കടന്നുപോയത്. കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഒപ്പം മലയാളി പിന്നെയും പിന്നെയും കേള്‍ക്കാനിഷ്ടപ്പെട്ട നിരവധി മലയാള ഗാനങ്ങളും ആ നാദ വിസ്മയത്തില്‍ പിറന്ന് അനുവാചക ഹൃദയങ്ങളിലേയ്ക്ക് സഞ്ചരിച്ചു. വേദിയില്‍ നിന്ന് സദസിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടിയിലേയ്ക്ക് ഇറങ്ങി വയലിനിലൂടെ തന്നെ അവരോട് സംവദിച്ചുകൊണ്ടുള്ള നാദവിസ്മയം ലോകത്താകെ അദ്ദേഹത്തിന് ആസ്വാദകരെ നല്‍കി.

ജീവിതത്തെ പോരാട്ടമാക്കിയ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തില്‍ പ്രണയസാഫല്യത്തിനായി കുടുംബജീവിതം സ്വീകരിച്ച അദ്ദേഹത്തിന് പ്രാരാബ്ധത്തിന്റെ നാളുകളുമുണ്ടായിരുന്നു. വയലിനിലെ വിസ്മയങ്ങളിലൂടെ നേടിയ സൗഭാഗ്യങ്ങള്‍ അനുഭവിച്ചു തീരുന്നതിന് മുമ്പാണ് അകാലത്തില്‍ ബാലഭാസ്‌കര്‍ യാത്രയായിരിക്കുന്നത്. ആ മരണം കൂടുതല്‍ വേദനാജനകമാവുന്നത് വ്യക്തിജീവിതത്തിലെ ദൗര്‍ഭാഗ്യത്തിന്റെ കൂടി ഫലമായാണ്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായ കണ്‍മണിക്കുവേണ്ടി 16 വര്‍ഷമാണ് ബാലഭാസ്‌കറും ഭാര്യയും കാത്തത്. രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് കൈവന്ന ആ പെണ്‍കുഞ്ഞിനെ താലോലിച്ച് തുടങ്ങുമ്പോഴേയ്ക്കും വാഹനാപകടമായെത്തിയ മരണം ആദ്യം കുഞ്ഞിനെയും ഇന്നലെ ബാലഭാസ്‌കറെയും കൊണ്ടുപോയിരിക്കുന്നു. മകള്‍ മരിച്ചതറിയാതെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്നുവെങ്കിലും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് നല്ല വാര്‍ത്തകളെത്തിയിരുന്നു, സ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന്. എന്നാല്‍ ഇന്നലെ രാവിലെയോടെ ആ നാദബ്രഹ്മം നിലച്ചുവെന്ന കണ്ണീരണിയിക്കുന്ന വാര്‍ത്തയാണ് ആസ്വാദകരെ തേടിയെത്തിയത്.
ആയുസിന്റെ ചെറിയ കാലംകൊണ്ട് പുകഴ്‌പെറ്റ വ്യക്തിത്വങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട്. ഒരു സംഗീതോപകരണം കയ്യില്‍ വച്ച് അതിലൂടെ നാദവിസ്മയം തീര്‍ത്ത് ആസ്വാദകരെ മുഴുവന്‍ അനുഭൂതിദായകമായ മറ്റൊരവസ്ഥയിലേയ്ക്ക് നയിച്ച്, ഒടുവില്‍ മരണംകൊണ്ടുമാത്രമല്ല വ്യക്തിജീവിതത്തിലെ തീക്ഷ്ണമായ അനുഭവങ്ങള്‍ കൊണ്ടുകൂടി കണ്ണീര് സമ്മാനിച്ചാണ് ബാലഭാസ്‌കര്‍ കടന്നുപോയിരിക്കുന്നത്.

മലയാള സിനിമാലോകത്ത് കുടുംബ – ആക്ഷന്‍ ചിത്രങ്ങളുടെ വേറിട്ട പാത വെട്ടിത്തെളിച്ച സംവിധായകനായിരുന്നു തമ്പികണ്ണന്താനം. 80 കളില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ നിരവധി സിനിമകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആ പ്രതിഭയായിരുന്നു. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന ആക്ഷന്‍ ചിത്രങ്ങളും കുടുംബചിത്രങ്ങളും ആ സംവിധായകന്റേതായി പിറവിയെടുത്തു. പിന്നീട് സൂപ്പര്‍സ്റ്റാറുകളെന്ന പദവിക്ക് ചില നടന്മാരെ അര്‍ഹമാക്കിയത് തമ്പി കണ്ണന്താനത്തിന്റെ ആക്ഷന്‍ – കുടുംബ ചിത്രങ്ങളിലെ അഭിനയം കൂടിയായിരുന്നു.

മറ്റു പലരെയുമെന്നതുപോലെ പല റോളുകള്‍ അദ്ദേഹം സിനിമയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 26 -ാമത്തെ വയസില്‍ ചെറിയൊരു റോളില്‍ അഭിനയിച്ചാണ് തുടങ്ങിയത്. പിന്നീട് സഹസംവിധായകനായി. അവിടെനിന്നാരംഭിച്ച യാത്രയാണ് മികച്ച സംവിധായകനെ മലയാള ചലച്ചിത്രമേഖലയ്ക്ക് സമ്മാനിക്കുന്നത്. ജനപ്രീതി നേടിയ 16 സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാന പ്രതിഭയില്‍ നിന്ന് രൂപം കൊണ്ടത്. നാലു ചിത്രങ്ങളുടെ നിര്‍മാതാവായി. തിരക്കഥാകൃത്തായി. കഥയെഴുതി. ചെറിയ ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു. മൂന്ന് ദശാബ്ദത്തോളം മലയാള സിനിമാ ലോകത്ത് നിറഞ്ഞഭിനയിച്ചാണ് കഴിഞ്ഞ ദിവസം തമ്പികണ്ണന്താനം വിടവാങ്ങിയത്. മലയാളസിനിമാ മേഖലയിലെ രാജാക്കന്മാരില്‍ ഒരാളായി അദ്ദേഹത്തെ കാലം രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല.

പരസ്പരബന്ധിതമായ രണ്ടു മേഖലകളിലാണ് ബാലഭാസ്‌കറും തമ്പി കണ്ണന്താനവും വ്യക്തിമുദ്ര പതിപ്പിച്ചത്. സിനിമയും സംഗീതവും വേറിട്ടുനില്‍ക്കുമ്പോഴും പരസ്പരം ഇഴുകിച്ചേര്‍ന്നതാണ്. ആദ്യത്തെയാള്‍ സംഗീതം കൊണ്ടാണ് ലോകത്തെ വിസ്മയിപ്പിച്ചത്. സംഗീതസംവിധാനത്തിലൂടെ സിനിമയുമായി അദ്ദേഹം ചേര്‍ന്നുനിന്നു. രണ്ടാമത്തെയാള്‍ സിനിമയിലെ സംവിധാനപ്രതിഭ, എഴുത്ത്, അഭിനയം എന്നിവകൊണ്ടാണ് ആരാധകരുടെ മനസില്‍ ഇടം നേടിയത്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും നഷ്ടം അപരിഹാര്യമായി തുടരുമെന്നത് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഇനിയുള്ളവര്‍ക്കെല്ലാം ഓര്‍മിക്കാന്‍ മതിയായതിലധികം സര്‍ഗാത്മകത അവശേഷിപ്പിച്ചാണ് കടന്നുപോയതെന്നതിനാല്‍ ഇനിയുള്ള കാലവും അവര്‍ പ്രേക്ഷകരിലും ആരാധകരിലും ജീവിച്ചുകൊണ്ടേയിരിക്കും.

Related News