കാനം രാജേന്ദ്രൻ

August 10, 2020, 2:15 am

കെ സി ജോർജ്: സുസമ്മതനായ ജനനേതാവ്

Janayugom Online

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മികച്ച സംഘാടകനുമായിരുന്ന കെ സി ജോർജ് ഓർമ്മയായിട്ട് ഇന്ന് 34 വർഷമാകുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രമെഴുതുന്നവർക്ക് കെ സി ജോർജ് എന്ന ഇതിഹാസ പുരുഷന്റെ കാല്പാടുകൾ കാണാതെ മുന്നോട്ടു പോകാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സുധീരം പടപൊരുതിയ ഒരു മുന്നണിപ്പോരാളിയായിരുന്നു കെ സി.

തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച കെ സി കോൺഗ്രസുകാരനായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1939ൽ സിപിഐ കേരളഘടകം രൂപംകൊണ്ട അതേവർഷം തന്നെ അദ്ദേഹം പാർട്ടി അംഗമായി.

രാജഭരണത്തിന്റെ ദുഷ്ചെയ്തികൾക്കെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച ദേശാഭിമാനിയാണ് കെ സി ജോർജ്. മർദ്ദിതരും ചൂഷിതരുമായ ഒരു ജനതയെ സ്വാതന്ത്ര്യസമരാവേശത്തിലേക്ക് ആകർഷിച്ച സുസമ്മതനായ ഒരു ജനനേതാവാണ് അദ്ദേഹം. കറകളഞ്ഞ അതുല്യമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു കെ സി.

‘ഞാൻ എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റായി എന്നു പറഞ്ഞുകൊണ്ടു തന്നെ എന്റെ ജീവിതയാത്രയിൽ പിന്നിട്ട കാല്പാടുകൾ തേടിപിടിക്കാനാണ് ഞാനിവിടെ തുനിയുന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് കെ സി ജോർജ് ‘എന്റെ ജീവിതയാത്ര’ എന്ന തന്റെ ആത്മകഥാഗ്രന്ഥം തുടങ്ങുന്നത്. കെ സി എഴുതി: ‘ഞാൻ എന്തുകൊണ്ട്, എങ്ങനെ ഒരു കമ്മ്യൂണിസ്റ്റായി എന്ന ചോദ്യം പലരിൽ നിന്നും പല സന്ദർഭങ്ങളിലും എന്റെ മുമ്പിൽ ഉയർന്നു വന്നിട്ടുണ്ട്. ചരിത്രത്തിന്റെ മുന്നോട്ടുള്ള ഗതി പ്രവാഹത്തിൽ എന്റേതു പോലെയുള്ള ജീവിതപശ്ചാത്തലത്തിൽ വളർന്ന ഒരാൾക്ക് ശേഷിച്ച ഏകപാത കമ്മ്യൂണിസ്റ്റ് പാത മാത്രമായിരുന്നു എന്നാണ് അതിന് ഒറ്റവാചകത്തിൽ പറയാനുള്ള മറുപടി. ’

പുന്നപ്ര — വയലാർ സമരത്തിന്റെ നായകനായിരുന്ന കെ സി, ഒളിവിലും തെളിവിലും ആ സമരത്തെ നയിച്ചു. ആ സമരത്തിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ, വിമർശനങ്ങളെ തീക്ഷ്ണമായ ഭാഷയിൽ നേരിട്ടു.

ചെങ്ങന്നൂരിനടുത്ത് പുന്നൻകാവ് എന്ന ചെറുഗ്രാമത്തിലാണ് കെ സി ജോർജിന്റെ ജനനം. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവുമായാണ് കെ സി തിരുവനന്തപുരത്ത് എത്തുന്നത്. നിരവധി ചെറുപ്പക്കാരെ അദ്ദേഹം കണ്ടെത്തി. എം എൻ, ഉള്ളൂർ ഗോപി, കാട്ടായിക്കോണം ശ്രീധർ, കാട്ടായിക്കോണം സദാനന്ദൻ, കെ വി സുരേന്ദ്രനാഥ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. തിരുവനന്തപുരം ജില്ലയിലെ ആദ്യ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപംകൊള്ളുന്നത് കെ സിയുടെ നേതൃത്വത്തിലായിരുന്നു. ഈ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് ‘തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി‘യായി മാറിയപ്പോൾ കെ സി ജോർജ് അതിന്റെ സെക്രട്ടറിയായി. തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരു അജയ്യ ശക്തിയാക്കി മാറ്റുന്നതിൽ കെ സി ത്യാഗപൂർണമായ പ്രവർത്തനമാണ് നടത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട നാളുകളിൽ ഏറെക്കാലം അദ്ദേഹം ഒളിവുജീവിതം നയിച്ചു. ദീർഘനാൾ ജയിലിലും കഴിയേണ്ടിവന്നു.

കേരള രൂപീകരണത്തിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ, കേരളത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്ന തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചാണ് കെ സി നിയമസഭാംഗമായത്. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഭക്ഷ്യ‑വനം വകുപ്പ് മന്ത്രിയായും കെ സി പ്രവർത്തിച്ചു. 1952–54 കാലയളവിൽ രാജ്യസഭാംഗവുമായിരുന്നു അദ്ദേഹം.

സംഘർഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കർമ്മപഥം. ഒരു പുരുഷായുസിന്റെ പകുതിയോളം നാടിനുവേണ്ടി സമർപ്പിച്ചതാണ് കെ സിയുടെ ജീവിതം. തോക്കും ലാത്തിയുമായി പിന്തുടരുന്ന പൊലീസിന്റെ പിടിയിൽ നിന്ന് പതിനെട്ടുതവണ അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്.

1970ൽ, ഇരുപതാമത്തെ വയസിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായി പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തേക്ക് മാറ്റിയ അവസരത്തിലാണ് കെ സിയുമായി അടുത്തിടപഴകാൻ എനിക്കവസരം ലഭിച്ചത്. ഞങ്ങളെപ്പോലെയുള്ള യുവ പ്രവർത്തകർക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും നല്കാൻ കെ സി എപ്പോഴും തയ്യാറായിരുന്നു. സംഘർഷാത്മകങ്ങളായ അദ്ദേഹത്തിന്റെ ജീവിതകഥ ഇന്നത്തെ തലമുറയ്ക്ക് ഒരു അനുഭവപാഠമാണ്. കെ സിയെപോലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതശെെലിയും പ്രവർത്തനരീതികളും കമ്മ്യൂണിസ്റ്റുകാർക്കാകെ മാതൃകയാണ്. ആ പാത പിന്തുടർന്ന് നമുക്ക് മുന്നോട്ടുപോകാം.