ബേബി ജോർജ് രാജാക്കാട്

October 25, 2020, 2:51 pm

27ന് വയലാർ രാമവർമ്മ ഓർമ്മയായിട്ട് നാലര പതിറ്റാണ്ട് നിലയ്ക്കാത്ത സർഗ്ഗസംഗീതം

Janayugom Online

യലാർ രാമവർമ്മയുടെ ആത്മാവിന്റെ കൈയ്യൊപ്പു ചാർത്തിയ ഗാനപ്രപഞ്ചത്തിലെ അമൃതവാഹിനികളായ കവിതാ ശകലങ്ങൾ മന്ത്രിക്കാത്ത അധരങ്ങൾ മലയാളക്കരയിലുണ്ടാവില്ല. മലയാള കാവ്യലോകത്തിന് സർഗ്ഗസംഗീതോത്സവത്തിന്റെ കനക വസന്തം സമ്മാനിച്ച പ്രതിഭാധനനായിരുന്നു വയലാർ രാമവർമ്മ. എനിക്കു മരണമില്ലെന്നു പാടി കലാകേരളത്തിന്റെ സാംസ്ക്കാരിക രംഗത്ത് ഒരു വ്യാഴവട്ടക്കാലം കാവ്യസപര്യയിലൂടെ മലയാളികളുടെ ഹൃദയാന്തരാളങ്ങളിൽ വ്യാപരിക്കുകയും കേരളീയ സാംസ്ക്കാരിക പൈതൃകത്തിന്റെ ഭാഗഭാക്കായിത്തീരുകയും ചെയ്ത, ജനമനസുകളിൽ ഇന്നും ജീവിക്കുന്ന അനശ്വര കവി വയലാർ രാമവർമ്മ കാലത്തിന്റെ കാണാ യവനികക്കപ്പുറത്ത് മറഞ്ഞിട്ട് ഒക്ടോബർ 27 ന് 45 വർഷം പൂർത്തിയാവുന്നു.

അങ്ങു കിഴക്ക് മാമലകൾക്കപ്പുറത്ത് ഉദിച്ചുയരുന്ന നവലോകത്തിന്റെ ചുവന്ന സൂര്യനെ സ്വപ്നം കണ്ട വിപ്ളവ കവി. നിറ തോക്കുകൾക്കു നേരെ വിരിമാറുകാട്ടിയ ധീര രക്തസാക്ഷികളുടെ ചുടുനിണം വീണ ചുവന്ന വയലാറിലെ ചൊരിമണലിൽ കൽപ്പവൃക്ഷങ്ങളുടെ തണലിൽ കയറു പിരിച്ച് ജീവിതം നയിക്കുന്ന പട്ടിണിപ്പാവങ്ങളുടെ നാട്ടിൽ പിറന്ന രാമവർമ്മ. ഉന്നത കുലജാതനായിട്ടും ആ മണ്ണിന്റെ മക്കളുടെ ആവേശം സ്വന്തം ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി വാക്കുകളിൽ, വരികളിൽ അഗ്നിനാമ്പുകൾ വിടർത്തിയ കവിജന്മം. സംഗീത സാന്ദ്രമായ, ശ്രുതിമധുരമായ, അർത്ഥസമ്പുഷ്ടമായ ഭാവഗീതങ്ങളുടെ ഗാനാത്മകത മാസ്മരിക ഗാനനിർദ്ധരികളായി.

പുന്നപ്ര വയലാർ സമരകാലഘട്ടത്തിൽ ഇരുപത് വയസു തികയാത്ത ഒരു യുവാവായിരുന്നു രാമവർമ്മ. ആ വിപ്ളവ സമരാഗ്നിയുടെ സ്മരണകളിരമ്പുന്ന മായാത്ത ചിത്രങ്ങൾ ഓർമ്മചെപ്പിൽ സൂക്ഷിച്ചു വച്ചു രാമവർമ്മ. ദിവാൻ സർ. സി പി രാമസാമി അയ്യരുടെ ഏകാധിപത്യ ഭരണത്തിനും, അധികാര ദുർവിനിയോഗത്തിനുമെതിരായി പൊട്ടിപ്പുറപ്പെട്ട വിപ്ളവ സമരാഗ്നിയുടെ ഉറവിടവും, കുരുക്ഷേത്രഭൂമിയുമായി മാറിയ വയലാർ ഗ്രാമത്തിൽ ജനിച്ചു വളർന്ന രാമവർമ്മ അതിനെതിരെ പട നയിച്ച കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയായിരുന്നു. ജന്മി കുടിയാൻ വ്യവസ്ഥക്കെതിരെ, തൊട്ടുകൂടായ്മക്കെതിരെ, വർണ്ണവിവേചനങ്ങൾക്കെതിരെ കേരള സമര ചരിത്രത്തിൽ ഉജ്ജ്വലവും, ഐതിഹാസികവുമായ സമരാദ്ധ്യായങ്ങൾ എഴുതിച്ചേർത്ത, മണൽത്തരികളിൽ പോലും ചരിത്രമുറങ്ങുന്ന വയലാർ ഗ്രാമം. രാമവർമ്മയുടെ സാന്ദ്ര സംവേദനങ്ങളുടെ തുടക്കം ഈ മണ്ണിൽ നിന്ന്. നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതി മൂലം നിന്ദിതരും, പീഡിതരുമായ ബഹുജനങ്ങളുടെ പ്രകടമായ ജീവിത ക്ലേശങ്ങളെ കണ്ടില്ലെന്നു നടിക്കാനായില്ല കവിക്ക്.

എന്നും ഇടതുപക്ഷ രാഷ്ട്രീയ സാംസ്ക്കാരിക ബഹുജന പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലർത്തിയുള്ള രാമവർമ്മയുടെ കാവ്യ സൃഷ്ടികൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും വളർച്ചക്ക് അനുകൂല ഘടകമായി. ആ ഭാവാവിഷ്ക്കാരങ്ങളുടെ ആർദ്രതയും, തരളിത ഭാവങ്ങളും, കാവ്യാംശങ്ങളും ജനസമൂഹത്തെ ഇളക്കിമറിച്ചു. കെപിഎസി നാടകസംഘത്തിനു വേണ്ടി വയലാർ രചിച്ച ഗാനങ്ങൾ ഏറെ ശ്രദ്ധേയങ്ങളായി. ‘വിശറിക്കു കാറ്റു വേണ്ട’ എന്ന നാടകത്തിലെ ”ബലികുടീരങ്ങളേ ബലികുടീരങ്ങളേ സ്മരണകൾ ഇരമ്പും രണസ്മാരകങ്ങളേ… ” എന്ന വരികൾ ഇന്നും തലമുറകൾ ഏറ്റു പാടുന്നു. 139 ഓളം നാടകഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കാവ്യ കൈരളിക്ക് നിത്യവസന്തത്തിന്റെ വാടാമലരുകൾ സമ്മാനിച്ച് തലമുറകളുടെ അകതാരിൽ, കാവ്യ ചേതനകളിൽ എന്നും അനശ്വരതയുടെ താജ്മഹൽ തീർത്ത വയലാർ രാമവർമ്മയുടെ കാവ്യസപര്യക്ക് മരണമില്ല.

ഹ്രസ്വവും, ദീർഘവുമായ 202 ഓളം കവിതകൾ ഈ പ്രതിഭാശാലിയുടെ കനക തൂലികയിൽ നിന്നും ജന്മം കൊണ്ടു. എണ്ണമറ്റ സിനിമാ-നാടകഗാനങ്ങൾ രചിച്ച് വയലാർ സർഗ്ഗാത്മകതയിൽ കരുത്തുകാട്ടി. മലയാള ചലച്ചിത്ര ഗാനരംഗത്ത് 238 ചിത്രങ്ങളിലായി 2300 ഓളം ഗാനങ്ങൾ രചിച്ചു. ആ ഗാനശേഖരങ്ങൾ നിത്യഹരിത വിസ്മയങ്ങളായി മലയാളികൾ നെഞ്ചോടു ചേർത്തു. ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ”മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു… മനുഷ്യരും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണു പങ്കുവച്ചു മനസു പങ്കുവച്ചു… ’ എന്ന ഗാനം കാലം എത്ര കഴിഞ്ഞാലും മലയാളിയുടെ ചുണ്ടിൽ ഉണ്ടാകും. പുരോഗമന പ്രസ്ഥാനങ്ങൾക്ക് എന്നും മുതൽകൂട്ടാണീ ഗാനം. ‘ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല ഇസ്ലാമല്ല, ഇന്ദ്രനും ചന്ദ്രനുമല്ല… എന്നു പാടിയതും വയലാറിലെ യുക്തിചിന്തകനാണ്.

”ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം

ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം

ഈ മനോഹര തീരത്തു തരുമോ… ”

ഇനിയൊരു ജന്മം കൂടി… എനിക്കിനിയൊരു ജന്മം കൂടി… എന്നു പാടി പറന്നുപോയ രാപ്പാടിയുടെ ഗാനങ്ങൾ നമ്മുടെ മനസിന്റെ അറകളിൽ സുരക്ഷിതമായിരിക്കും.