മലബാറിലെ യാത്രാ ദുരിതത്തിന് പരിഹാരം; മെമു വരുന്നു

Web Desk
Posted on October 31, 2019, 9:10 am

കോഴിക്കോട്: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായി ഉടന്‍ തന്നെ മെമു സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മലബാറിലേയ്ക്ക് മെമു സര്‍വീസ് വേണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. അടുത്ത വര്‍ഷം മാര്‍ച്ചോടെ പാലക്കാട് നിന്ന് മലബാറിലേക്ക് മെമു സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.

ജോലിയ്ക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളുമായി ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയില്‍ രാവിലെയും വൈകിട്ടും ട്രെയിനിനെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഈ ട്രെയിനുകളില്‍ മതിയായ ബോഗികള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലുമാണ്. മെമു വരുന്നതോടെ ഇതിന് വലിയൊരു പരിഹാരം തന്നെയാകും.

പതിന്നാലു കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ടിൽ മെമു ഷെഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ മെമു ഓടിക്കാനുളള അടിസ്ഥാന സൗകര്യം പാലക്കാട് നിന്നുണ്ടാകും. ത്രിഫേസ് മെമുവായിരിക്കും മലബാറില്‍ ഓടുക. ആയിരത്തോളം ആളുകള്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും. സംസ്ഥാനത്ത് നിലവില്‍ കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോര്‍കോവില്‍ റൂട്ടുകളിലാണ് മെമു സര്‍വീസ് നടത്തുന്നത്.