Monday
24 Jun 2019

വോട്ട് കുറഞ്ഞാല്‍ വികസനവും കുറയും: മനേക ഗാന്ധിയുടെ വെല്ലുവിളി

By: Web Desk | Monday 15 April 2019 6:04 PM IST


ലഖ്നൗ: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണ്ടും വിവാദ പരാമര്‍ശവുമായി കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. വോട്ടു കുറഞ്ഞാല്‍ വികസനം കുറയുമെന്നും വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസനം നടത്തുകയെന്നും മനേക ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍പുരിലെ ബിജെപി തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേന്ദ്രമന്ത്രി മനേക ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.

ബിജെപിക്കു 80 ശതമാനം വോട്ടു കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയിലും, 60 ശതമാനം വോട്ടു കിട്ടുന്ന ഗ്രാമങ്ങളെ ബി കാറ്റഗറിയിലും, 50 ശതമാനം വോട്ടു ലഭിക്കുന്ന ഗ്രാമങ്ങളെ സി കാറ്റഗറിയിലും, 30 ശതമാനവും അതിനു താഴെ വോട്ടു കിട്ടുന്ന ഗ്രാമങ്ങളെ ഡി കാറ്റഗറി  എന്നിങ്ങനെ തരംതിരിച്ച് വികസനം നടത്തുമെന്ന് മനേക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളോടു പറഞ്ഞു.താന്‍ മുമ്പ് മത്സരിച്ച പിലിഭിത്തില്‍ ഈ സംവിധാനം മികച്ച രീതിയില്‍ നടത്തിയിരുന്നെന്നും ഇവിടെ ഏതു കാറ്റഗറിയില്‍ ഉള്‍പ്പെടണം എന്നത് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ഥിയായ മേനക പറഞ്ഞു.