എത്യോപ്യയില്‍ പൗരാണിക മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

Web Desk
Posted on August 29, 2019, 1:18 pm

വാഷിങ്ടണ്‍: എത്യോപ്യയില്‍ നിന്ന് 38ലക്ഷം മുമ്പ് ജീവിച്ചിരുന്ന മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. മനുഷ്യന്റെയും കുരങ്ങിന്റെയും സവിശേഷതകളുള്ള തലയോട്ടിയാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിലെ പഠനങ്ങള്‍ ആധുനിക കാലത്തേക്കുള്ള മനുഷ്യന്റെ പരിണാമത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നാണ് നിഗമനം. ആസ്ട്രലോപിത്തിക്കസ് അനമെന്‍സിസ് വിഭാഗത്തില്‍ പെട്ട തലയോട്ടിയാണ് കണ്ടെത്തിയത്. 42ലക്ഷം മുമ്പ് ആവിര്‍ഭവിച്ച വിഭാഗമാണ് ഇത്. ആസ്രടലോപിത്തിക്കസ് അഫറെന്‍സിസ് വിഭാഗത്തിന്റെ പൂര്‍വികരാണ് ഇതെന്നാണ് നിഗമനം. ഇവരുടെ ഭാഗിക അസ്ഥികൂടങ്ങള്‍ 1974ല്‍ കണ്ടെത്തിയിരുന്നു. ലൂസി എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരുന്നത്. എത്യോപ്യയിലെ അഫാര്‍ മേഖലയില്‍ നിന്ന് 35 മൈല്‍ അകലെയായാണ് ഇത് കണ്ടെത്തിയത്. 2016ല്‍ ഇവിടെ നിന്ന് തലയോട്ടികളും കണ്ടെടുത്തിരുന്നു. ലൂസി 32 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നവരുടേതാണെന്ന് കണക്കാക്കുന്നു.
ലൂസിയും എംആര്‍ഡിയും മനുഷ്യരുടെ പൂര്‍വികരുടെ വ്യക്തമായ ഫോസിലുകളാണ്.
തലയോട്ടിയില്‍ നിന്ന് ഇവരുടെ വംശം, ഭക്ഷണം, തലച്ചോറിന്റെ വലുപ്പം, മുഖം തുടങ്ങിവയെക്കുറിച്ച് മനസിലാക്കാനാകും. ഈ ജീവി വര്‍ഗത്തിന്റെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാനും ജര്‍മനിയിലെ എവല്യൂഷണറി ആന്ത്രോപോളജി കേന്ദ്രത്തിലെ ഗവേഷകരായ സ്റ്റെഫാനി മെലില്ലോയും മാക്ല് പ്ലാങ്കും പറഞ്ഞു. ആധുനിക മനുഷ്യന്റെ തലയോട്ടിയെക്കാള്‍ വളരെ ചെറുതാണിവ. മുന്നില്‍ നിന്ന് പിറകിലേക്ക് കേവലം 20 സെന്റിമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 11.5 സെന്റിമീറ്ററാണിതിന്റെ വീതി. ഇവയ്ക്ക് അഞ്ചടി ഉയരമുണ്ടായിരുന്നിരിക്കാം എന്നാണ് ഇതില്‍ നിന്ന അനുമാനിക്കുന്നത്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ഈ വര്‍ഗത്തിലെ ഒരു ആണ്‍ ജീവിക്ക് എന്ത് പൊക്കമുണ്ടാകുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഗവേഷകര്‍ നല്‍കിയിട്ടില്ല.