Monday
18 Feb 2019

ആര്‍ത്തവ അവധിയും സാമൂഹ്യാവസ്ഥയും

By: Web Desk | Thursday 3 August 2017 1:31 AM IST

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലതലങ്ങളിലേയ്ക്ക് പോകുന്ന ഈ ഘട്ടത്തില്‍ ആശ്വാസകരമായ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ആര്‍ത്തവസമയത്ത് ശമ്പളത്തോടുകൂടിയ അവധി ചില സ്ഥാപനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത് അതിലൊന്നാണ്. ശാരീരിക അസ്വസ്ഥതകള്‍ സ്ത്രീകള്‍ക്ക് കൂടുതലുണ്ടാകുന്ന ഈ സമയത്ത് അത്തരമൊരു അവധി അവകാശമായി മാറുന്നത് സ്ത്രീസമൂഹത്തിന് ഏറെ ആശ്വാസം നല്‍കുന്ന നടപടിയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുംബൈ ആസ്ഥാനമായ കള്‍ച്ചര്‍ മെഷീന്‍ എന്ന ഒരു മാധ്യമ കമ്പനിയാണ് ഇന്ത്യയില്‍ ഇതിന് തുടക്കമിട്ടത്. കമ്പനിയില്‍ 75 സ്ത്രീകള്‍ പ്രവര്‍ത്തിയെടുക്കുന്നുണ്ട്. ആര്‍ത്തവകാലത്ത് ഭൂരിപക്ഷം സ്ത്രീകളും അസ്വസ്ഥത അനുഭവിക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു സ്ത്രീപക്ഷ നടപടിക്ക് കമ്പനി മുതിര്‍ന്നത്. ശമ്പളത്തോടുകൂടിയ അവധി എന്ന ഈ ആശയം രാജ്യത്ത് നിയമമാക്കി രാജ്യത്തെമ്പാടും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് അവര്‍ മാനവവിഭവശേഷി മന്ത്രാലയത്തിന് നിവേദനവും നല്‍കിയിരിക്കുന്നു.
മാധ്യമ കമ്പനിയുടെ മാതൃക സ്വീകരിച്ച് കേരളത്തില്‍ മാതൃഭൂമി വാര്‍ത്താചാനലും ആര്‍ത്തവ അവധി ജീവനക്കാര്‍ക്ക് അനുവദിച്ചു. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപികമാര്‍ക്ക് ഈ അവധി ബാധകമാക്കുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞിരിക്കുന്നു.
അന്താരാഷ്ട്രതലത്തില്‍ ആര്‍ത്തവ അവധി പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം ഇറ്റലിയാണ്. 2017 ലാണിത് നടപ്പിലാക്കിയത്. ചൈന, തയ്‌വാന്‍, ഇന്തോനേഷ്യ, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ അടുത്തകാലത്തായി ഈ നിയമം നടപ്പിലാക്കിവരുന്നുണ്ട്. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതുമുതല്‍ ജപ്പാന്‍ ഈ നിയമം നടപ്പിലാക്കിവരികയാണ്. ലോകത്ത് ഈ നിയമം ഏറ്റവുമാദ്യം നടപ്പിലാക്കിയതും ജപ്പാന്‍തന്നെ.
സ്ത്രീകളുടെ ജൈവികമായ ഈ പ്രക്രിയയെ അവരുടെ ശാക്തീകരണശേഷിയുമായി തുലനം ചെയ്യപ്പെടാറുണ്ട്. പല മേഖലകളില്‍ നിന്നും ഇക്കാരണത്താല്‍ സ്ത്രീകള്‍ ഒഴിവാക്കപ്പെടുന്നുമുണ്ട്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് സാമൂഹ്യമായി നിരവധി വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അവയില്‍ ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീകളാകുമ്പോള്‍ ആര്‍ത്തവമെന്ന ജൈവിക പ്രക്രിയ പരിഗണന അര്‍ഹിക്കുന്ന വിഷയംതന്നെയാണ്. പ്രത്യേകിച്ചും രാജ്യത്ത് തൊഴിലെടുക്കുന്ന അസംഘടിത മേഖല അടക്കമുള്ള ഇടങ്ങളില്‍ ഇരട്ടജോലി ഭാരമാണ് സ്ത്രീകള്‍ നേരിടുന്നത്. ഗൃഹജോലികളും തൊഴിലിടങ്ങളിലെ ശാരീരിക മാനിസിക അധ്വാനങ്ങളും ഒരു മനുഷ്യായുസിന് താങ്ങാവുന്നതിലുമധികമാണെന്ന് നിരവധി സര്‍വെകള്‍, അന്താരാഷ്ട്ര പഠനങ്ങള്‍ എന്നിവ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല, അതൊരു സാമൂഹ്യ യാഥാര്‍ത്ഥ്യം തന്നെയാണുതാനും.
ഈ പശ്ചാത്തലത്തില്‍ ആര്‍ത്തവകാല അവധിയെന്നത് സ്ത്രീകളുടെ അവകാശമാകുന്നത് സ്വാഭാവികം. എന്നാല്‍ ഇതുവരെയുണ്ടായ സ്ത്രീപക്ഷ നിയമങ്ങളില്‍ ഒന്നുംതന്നെ ഈ ആവശ്യം ഉള്‍പ്പെട്ടുകണ്ടില്ല. ഒരുപക്ഷേ അതിനേക്കാള്‍ രൂക്ഷമായ അതിക്രമങ്ങള്‍പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടതുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദ്ദമുണ്ടായില്ല എന്നതുമാകാം.
ആര്‍ത്തവകാലം ഏറ്റവും വൃത്തിഹീനമായ ചുറ്റുപാടുകളില്‍ കഴിയേണ്ടിവരുന്ന ഭൂരിപക്ഷം സ്ത്രീകളുള്ള രാജ്യമാണ് നമ്മുടേത്. സാനിറ്ററി നാപ്കിന്‍ എന്നത് കേട്ടുകേള്‍വിപോലും ഇല്ലാത്തവരാണിവര്‍. മണ്ണുപോലും ഉപയോഗിച്ച് ആത്തവകാലത്തെ നേരിടുന്ന സ്ത്രീകളെക്കുറിച്ച് കേരളത്തിലിരുന്ന് നമുക്ക് ചിന്തിക്കാനാവില്ല. ജലമെന്നത് ഇന്നും വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കിട്ടാക്കനിയാണ്. ഒപ്പം സാമൂഹ്യ മാമൂലുകളും യാഥാസ്ഥിതികത്വവും ഈ സ്ത്രീകളുടെ ആര്‍ത്തവകാല ജീവിതം പേടിസ്വപ്നമാകുന്നു.
കേരളത്തില്‍ സ്ഥിതി വ്യത്യസ്തമെന്ന് നമ്മള്‍ അവകാശപ്പെടുമ്പോഴും ഇവിടത്തെ തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്രമാത്രം സ്ത്രീ സൗഹൃദമാണെന്ന് നാം ആലോചിക്കേണ്ടതുണ്ട്. നമ്മുടെ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യത്തിന് വെള്ളവും സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളും ഇന്നുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വലിയ പ്രതീക്ഷയോടെ സ്ഥാപിച്ച നാപ്കിന്‍ മെഷീനുകള്‍ മുടന്തി നടക്കുന്ന കാഴ്ചയാണുള്ളത്. പോരാത്തതിന് നാപ്കിന് ജിഎസ്ടി ഇനത്തില്‍ 12 ശതമാനം നികുതി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ത്രീവിരുദ്ധമായ ഈ തീരുമാനത്തിന് പുറകില്‍ അന്താരാഷ്ട്ര നാപ്കിന്‍ നിര്‍മ്മാണ ഭീമന്മാരുടെ മടിശീലയില്‍ നോട്ടമിടുന്ന രാഷ്ട്രീയ താല്‍പ്പര്യമുണ്ടെന്നത് വസ്തുതയാണ്. കൂടാതെ വിദ്യാലയങ്ങളില്‍ ആവശ്യത്തിനുള്ള സ്ത്രീ സൗഹൃദ സംവിധാനങ്ങള്‍ ഇല്ലാത്തതിന്റെ ഫലമായി കൃത്യമായി പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെവരികയും അത് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരം സാമൂഹ്യചുറ്റുപാടില്‍ ആര്‍ത്തവ അവധി പൊതുവേ സ്ത്രീക്ക് ആശ്വാസമാവുകതന്നെയാണ്. ഇതൊരു സര്‍ക്കാര്‍ നയമാകുമെങ്കില്‍ ഏറ്റവും ഉചിതം.