ഗുജറാത്തിലെ കോളജ് ഹോസ്റ്റലിൽ നിർബന്ധിത ആര്‍ത്തവ പരിശോധന നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മിഷൻ അന്വേഷണ സമിതിയെ നിയമിച്ചു. അന്വേഷണകമ്മിഷനെ നിയോഗിച്ച ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ കോളജിലെത്തി തെളിവെടുപ്പു നടത്തും. ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ കച്ച് സർവകാലശാലാ ആക്ടിങ് വിസിയിൽ നിന്നും സംസ്ഥാന ഡിജിപിയിൽ നിന്നും ഇതു സംബന്ധിച്ച് എന്തു നടപടിയെടുത്തു എന്നു വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ്മ കച്ച് സർവകലാശാലയുടെ കീഴിലുള്ള ശ്രീ സഹജാനന്ദ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വനിതാ ഇൻസ്റ്റിറ്റ്യൂട്ടിലെ 68 വിദ്യാർഥിനികൾക്കാണ്, ശുചിത്വപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു വാർഡൻ നൽകിയ പരാതിയെത്തുടർന്നു ആർത്തവമില്ലെന്നു തെളിയിക്കേണ്ടതായി വന്നത്. കോളജും ഹോസ്റ്റലും ഒരു ക്ഷേത്രത്തിനു സമീപത്താണ് പ്രവര്‍ത്തിക്കുന്നത്. 68 വിദ്യാര്‍ത്ഥിനികള്‍ താമസിക്കുന്നത് ഹോസ്റ്റലിലാണ്. ഇവർ ആര്‍ത്തവ സമയത്ത് അടുക്കളയില്‍ കയറുന്നു, ക്ഷേത്രത്തിന് സമീപത്തേക്ക് പോകുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് ഹോസ്റ്റല്‍ വാര്ഡന് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു.
അടിവസ്ത്രങ്ങൾ നീക്കംചെയ്യാൻ അധികൃതർ തങ്ങളെ നിർബന്ധിച്ചുവെന്നും കാരണം അന്വേഷിച്ച വിദ്യാർത്ഥികളിൽ ചിലർ ആർത്തവമില്ലെന്ന് കള്ളം പറയുകയാണെന്നും പറഞ്ഞാണ് പരിശോധന നടത്തിയതെന്ന് വിദ്യാർത്ഥികള്‍ അഹമ്മദാബാദ് മിററിനോട് പറഞ്ഞു. ചില കുട്ടികൾ ആർത്തവ സമയത്ത് മതപരമായ ചിട്ടകള്‍ ലംഘിക്കുന്നുണ്ടെന്ന് ഹോസ്റ്റൽ മേധാവി പ്രിൻസിപ്പലിനു നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. എന്നാൽ ഒരു പരാതിപോലും ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.
പ്രിൻസിപ്പൽ ഞങ്ങളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും ആർത്തവമുണ്ടോയെന്നറിയാൻ തങ്ങളെ രണ്ടു വനിത അധ്യാപകർ മാറി മാറി പരിശോധിച്ചെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു. വിദൂര ഗ്രാമങ്ങളിൻ നിന്നെത്തിയവരാണ് ഹോസ്റ്റലിൽ ഏറെയും. ആർത്തവസമയത്ത് പ്രിൻസിപ്പലും ഹോസ്റ്റൽ ജീവനക്കാരും പതിവായി തങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കഴിഞ്ഞ തവണ തങ്ങൾ നേരിട്ട അപമാനം ഭയങ്കരമായിരുന്നുവെന്നും വിദ്യാർത്ഥികള്‍ വ്യക്തമാക്കി. ഇത്തരത്തിൽ ഒരു സംഭവവും നടന്നിട്ടില്ലെന്ന് കാണിച്ചുകൊണ്ടുള്ള കത്തിൽ ഒപ്പിടാൻ കോളജ് അധികൃതർ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു.
ഹോസ്റ്റലിൽ നിന്ന് പുറത്തുപോയാൽ തങ്ങൾക്ക് നിയമനടപടി സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സർവകലാശാല എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രവീൺ പിൻഡോറിയ വിദ്യാർത്ഥിനികളോട് പറഞ്ഞിരുന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർവകലാശാല അധികൃതർ ഉറപ്പ് നൽകിട്ടുണ്ട്.
English Summary; menstrual checking at the college hostel National Commission for Women inquiry
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.