ആര്‍ത്തവം അശുദ്ധമല്ല

Web Desk
Posted on November 27, 2018, 10:11 pm

ഡോ. ഡി ഷീല

സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിനു വേണ്ടി ലോകത്താകമാനം പുരോഗമനപരമായ മാറ്റങ്ങള്‍ക്കായി കിണഞ്ഞു പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലാണ് ഇന്ത്യയുടെ പരമോന്നത കോടതി വളരെ പുരോഗമനപരമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒരു രാജ്യത്തിലെ വിശ്വാസികള്‍ ആചരിച്ചുപോന്നിരുന്ന ഒരു ആചാരത്തെ ഭരണഘടനാപരമായി വിലയിരുത്തുകയും വിവേചനത്തിന്റെ പ്രകരണങ്ങള്‍ എടുത്ത് മാറ്റുകയുമാണ് സുപ്രിംകോടതി ചെയ്തത്. ആണിനും പെണ്ണിനും ഇടയിലുള്ള തുല്യത ഉറപ്പിക്കുക വഴി സുപ്രിംകോടതിയുടെ ഈ വിധി നിര്‍ണായകമായ ഒരു നാഴികകല്ലാണ് എന്നതില്‍ ഒരു സംശയവുമില്ല. എന്നാല്‍ ഈ വിധിയെ സ്വാഗതം ചെയ്തവര്‍ പോലും വളരെ പെട്ടെന്ന് ഇരുതല മൂര്‍ച്ചയുള്ള വാളുകളുമേന്തി തെരുവിലിറങ്ങി. നാമജപം ചെയ്ത് അലമുറയിടുന്നതിന് പിന്നിലുള്ള രാഷ്ട്രീയ അജണ്ട എന്തു തന്നെയായാലും കാലത്തിന്റെ ഏടുകളില്‍ കരികൊണ്ട് കോറിവച്ച കറുത്ത കോലങ്ങളായി നാളെ ചരിത്രം വായിച്ചെടുക്കുമെന്നതിന് സംശയമില്ല. ഭരണഘടനാപരമായ വിവേചനം സ്ത്രീയുടെ ജൈവപരമായ ശേഷിയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കാണുന്ന അപാകതയാണ് കോടതി പരിഹരിച്ചത്. ശബരിമലയില്‍ രജസ്വലയായിരിക്കുന്നവര്‍ പോകണമെന്ന നിര്‍ദേശമല്ല അതെന്ന് അറിയാത്തവരല്ല സമരപഥങ്ങളിലേയ്ക്ക് സ്ത്രീകളെ നയിച്ചുെകാണ്ടിരിക്കുന്നത്. ആര്‍ത്തവമുള്ള ജീവിതകാലം 10 മുതല്‍ 50 വരെയെന്നതില്‍ പെണ്ണിന്റെ ഏറ്റവും ആരോഗ്യമുള്ള പ്രായമാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. കൗമാരവും യൗവനവും കഴിഞ്ഞ് വരുന്ന വാര്‍ധക്യാവസ്ഥയിലേയ്ക്ക് ഒരു ദീര്‍ഘകാലയളവിലേയ്ക്ക് ആചാരപ്രകാരം ഒരു വിഭാഗത്തിന് മാത്രമായി അവര്‍ ആഗ്രഹിക്കുന്ന ക്ഷേത്രദര്‍ശനം നീട്ടിവയ്ക്കുന്നത് എന്നതിലെ അസാംഗത്വമാണ് നിയമനിര്‍മിതിയിലൂടെ പരിഹരിക്കപ്പെട്ടത്. ഇപ്രകാരമൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും ഒരു ആരോഗ്യപ്രവര്‍ത്തക എന്ന രീതിയില്‍ ഉണരുന്ന ചോദ്യം ആര്‍ത്തവം എങ്ങനെ അശുദ്ധമാകും എന്നതാണ്.
ഓരോ മാസവും അടുത്ത തലമുറയിലെ ജീവന്റെ ഉല്‍പാദനത്തിനുവേണ്ടി ഒരുക്കപ്പെട്ട വളരെ സങ്കീര്‍ണമായ ഒരു സംവിധാനം അതിന്റെ ഫലപ്രാപ്തിയിലെത്താതെ അടര്‍ന്നുമാറുകയും അടുത്തമാസവും കരുതലോടെയുള്ള വളര്‍ച്ചയ്ക്ക് വഴിമാറികൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആര്‍ത്തവം. അത്തരമൊരവസ്ഥയ്ക്ക് അശുദ്ധിയുടെ നിറം ചാര്‍ത്തിയത് രക്തസ്രാവത്തിന്റെ പേരിലാവാം. ആര്‍ത്തവസമയത്തെ ക്ഷീണവും ശാരീരികമായ സമ്മര്‍ദങ്ങളും വേദനയുമൊക്കെ സഹിക്കാനായി ദൈനംദിന ജോലികളില്‍ നിന്നും ഒഴിവായി വിശ്രമം നിര്‍ദേശിക്കുന്ന ആ ദിവസങ്ങളില്‍ ആയുര്‍വേദഗ്രന്ഥങ്ങളിലൊന്നും തന്നെ ആര്‍ത്തവത്തെ കെട്ടിവയ്ക്കുവാന്‍ നിര്‍ദേശിച്ചിട്ടില്ല. ദര്‍ഭപുല്ല് വിരിച്ച് കിടക്കാനും കട്ടി കുറഞ്ഞ ഭക്ഷണം കുറഞ്ഞ അളവില്‍ കഴിക്കാനുമാണ് നിര്‍ദേശം. ശരീരത്തില്‍ നിന്നും ഒഴുകിപോകുന്ന ആര്‍ത്തവത്തിന്റെ സ്വാഭാവിക ഗതിയെ തടയുവാനുള്ള ഉപാധികള്‍ സ്വീകരിച്ചിട്ടില്ല എന്നുവേണം കരുതുവാന്‍. ഗോഷ്ഫണ ബന്ധം എന്ന ബന്ധനവിധി അന്ന് അറിയാത്തതല്ല. ഗര്‍ഭാശയം പുറത്ത് വരുന്ന ‘മഹായോനി’ എന്ന അവസ്ഥയില്‍ ഗോഷ്ഫണ (കോണകം) ബന്ധം ചെയ്യാന്‍ നിര്‍ദേശിക്കുന്നുണ്ട്. അപ്പോള്‍ ആര്‍ത്തവസമയത്തെ രക്തസ്രുതി ബന്ധനംകൊണ്ട് തടുക്കേണ്ടതില്ല എന്ന ആരോഗ്യകരമായ കാഴ്ചപ്പാട് വച്ചുകൊണ്ട് കിടക്കാനുപയോഗിക്കുന്ന ദര്‍ഭപുല്ല് ഡിസ്‌പോസിബിള്‍ ആയ ഒരു കിടക്ക എന്ന രീതിയിലുമാവാം വിഭാവനം ചെയ്തിരിക്കുന്നത്. ശരാവം എന്നത് ചെറിയ ഒരു മണ്‍പാത്രമാണ്. അതില്‍ കൊള്ളുന്ന ഭക്ഷണം കഴിക്കുക എന്നതുകൊണ്ട് അളവ് കുറയുക എന്നതാണ് ഉദ്ദേശിച്ചിട്ടുള്ളത്. അന്ന് സാനിറ്ററി നാപ്കിനുകള്‍ക്കോ മെന്‍സസ് കപ്പുകള്‍ക്കോ പകരമായാണ് ‘ദര്‍ഭസംസ്തരശായി‘യാവാനുള്ള നിര്‍ദേശം. മുയലിന്റെ ചോരയുടെ നിറമുള്ളതും, എല്ലാ ചാന്ദ്രമാസങ്ങളിലും (28 ദിവസം കൂടുമ്പോള്‍) മൂന്നു മുതല്‍ ഏഴു ദിവസം വരെ യോനിയിലൂടെ സ്രവിക്കുന്ന, തുണിയില്‍ കറ ശേഷിപ്പിക്കാത്ത രക്തമാണ് ശുദ്ധമായ ആര്‍ത്തവരക്തം. ഈ ശുദ്ധ ആര്‍ത്തവരക്തം ആരോഗ്യമുള്ള, ഗര്‍ഭാദാനശേഷിയുള്ള സ്ത്രീ ബീജത്തിന്റെ ലക്ഷണം കൂടിയാണ്. ആര്‍ത്തവ സ്രുതി നിന്ന് കഴിഞ്ഞാല്‍ കുളിച്ച് ശരീര ശുദ്ധി വരുത്തി സന്താനോല്‍പാദനത്തിനായി ലൈംഗികബന്ധത്തിലേര്‍പ്പെടാനുള്ള നിര്‍ദേശമാണ് ആയുര്‍വേദം വിധിച്ചിരിക്കുന്നത്. രജസ്വലയായുള്ള കാലം ലൈംഗികബന്ധത്തിന് നിഷേധിച്ചിട്ടുള്ള കാലമാണ്. ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇതിനെ വിശകലനം ചെയ്യുമ്പോള്‍ ഈ നിര്‍ദേശവും ശാസ്ത്രീയമാണെന്ന് പറയാം. യോനീപ്രദേശത്ത് അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കുന്നത് അമ്ലത്തമാണ്. ഈ അമ്ല സ്വഭാവം രക്തസ്രുതിയുണ്ടാവുമ്പോള്‍ ക്ഷാരമായി മാറുകയും അണുബാധയ്ക്കുള്ള സാധ്യതകള്‍ ഏറുകയും ചെയ്യും. മാത്രമല്ല, സ്ത്രീ ശരീരത്തിലെ അസ്വസ്ഥതകള്‍ പൊതുവെ ഇക്കാലത്തെ ലൈംഗികസുഖത്തിന്റെ അനുഭവം സ്വീകരിക്കാനുള്ള പാകമുള്ള സമയവുമല്ല. രജസ്വലയായിരിക്കുന്ന സ്ത്രീക്ക് ശാരീരിക സുഖം നിഷേധിച്ചിരിക്കുന്നതിന് ഇതൊക്കെ കാരണമാവാം.
ആര്‍ത്തവം അശുദ്ധമാകുന്നത് ആര്‍ത്തവത്തിന്റെ സ്വാഭാവികമായ നിറവും അളവും സാന്ദ്രതയുമൊക്കെ വ്യത്യാസപെടുമ്പോഴാണ്. ഇവയെ ആര്‍ത്തവ ദുഷ്ടി എന്നാണ് ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുള്ളത്. ഈ അശുദ്ധ ആര്‍ത്തവം സ്ത്രീ ബീജത്തിന്റെ ദുഷ്ടിയെ സൂചിപ്പിക്കുന്നു. തന്‍മൂലം ഗര്‍ഭാധാന സമര്‍ഥമല്ലാതാവുന്നു. ദുഷിച്ച ആര്‍ത്തവത്തെ ശുദ്ധമായ ആര്‍ത്തവമാക്കി മാറ്റാനുള്ള ഔഷധങ്ങള്‍ വിവരിക്കുന്നതാണ് ആര്‍ത്തവദോഷ ചികിത്സ. അപ്പോള്‍ എല്ലാ മാസവും മൂന്ന് മുതല്‍ ഏഴ് വരെ ദിവസം നീണ്ടുനില്‍ക്കുന്ന, യോനിയിലൂടെയുള്ള രക്തസ്രാവത്തെയാണ് ശുദ്ധമായ ആര്‍ത്തവം എന്ന് വിവരിച്ചിരിക്കുന്നത്, ഈ ശുദ്ധമായ ആര്‍ത്തവത്തെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ കയറ്റിയിരിക്കുന്നത്. ഇന്ന് കാലം ഒരുപാട് മാറി. അന്ന് പ്രവൃത്തി തുടങ്ങുന്ന ദിവസങ്ങളില്‍ നിന്നിരുന്ന മാറ്റിനിര്‍ത്തല്‍ തുടച്ചുമാറ്റപ്പെട്ടു. ആധുനികയുഗത്തിലെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാലത്തുള്ള ശുചിത്വവും ആരോഗ്യരക്ഷയും വേണ്ട നിര്‍ദേശങ്ങളും സാനിറ്ററി നാപ്കിനുകള്‍ ലഭ്യമാക്കാനും ഉപയോഗിച്ചവ നശിപ്പിച്ചുകളയാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്ന കാലമാണ്. മാറ്റിയിരുത്തലല്ല ഇക്കാലം കൂടെയിരുത്തലാണ് വേണ്ടതെന്ന സന്ദേശമാണല്ലോ ഇതൊക്കെ ചെയ്യുമ്പോള്‍ ഉണ്ടാവുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സാമൂഹികനിര്‍മിതിയില്‍ ഉപയോഗിക്കാതിരുന്ന പെണ്‍കരുത്ത് അടുക്കളയില്‍ വേവിക്കുന്നതില്‍ മാത്രമൊതുങ്ങേണ്ടതല്ല എന്ന തിരിച്ചറിവാണ് ലിംഗസമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. ലോകജനസംഖ്യയുടെ പാതിയിലധികം സ്ത്രീകളാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ വിദ്യാഭ്യാസമുണ്ടായിട്ടുപോലും സ്വാതന്ത്ര്യബോധമില്ലാതെ ആണധികാര വ്യവസ്ഥയുടെ കപടമായ സംരക്ഷണ വലയത്തിന്റെ സുഷുപ്തിയിലും വിധേയത്വത്തിന്റെ തടവറകളിലുമാണ് അവരില്‍ കൂടുതല്‍ പേരും. അതുകൊണ്ടാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്ളവരുടെ വീട്ടമ്മവത്കരണം കേരളത്തില്‍ നടക്കുന്നത്. 92 ശതമാനം സാക്ഷരതയുള്ള കേരളസ്ത്രീകളില്‍ തൊഴില്‍ പങ്കാളിത്തം വെറും 24 ശതമാനമായി നില്‍ക്കുന്നത്. സ്വയം സമ്പാദിച്ച് ധനം സമാഹരിക്കുമ്പോഴും അതിന്റെ വിനിയോഗത്തിന് സ്വയം തീരുമാനമെടുക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. സാമൂഹികമായി ഉന്നതിയിലെത്താന്‍ കഴിയാത്ത ഒരു സമൂഹമായി കേരളത്തിലെ സ്ത്രീ ഇന്നും നിലകൊള്ളുന്നത്. ഭരണചക്രം ഏറ്റെടുത്ത് നടത്തുവാനും സ്ത്രീകളുടെ സാമ്രാജ്യങ്ങള്‍ വളരെ വലിയ വിഹായസിലേയ്ക്ക് ഉയര്‍ത്തുവാനുമുള്ള പുരോഗമനപരമായ നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നതാണ് ഈ ആര്‍ത്തവ അശുദ്ധി ആക്രോശങ്ങള്‍. പൊതുധാരയില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള ആസൂത്രിതമായ ഇടപെടലാണ് ഇത്തരം ആണധികാരവ്യവസ്ഥകള്‍. ഹീനമായ എല്ലാ മതാചാരങ്ങളേയും മാറ്റിനിര്‍ത്താനുള്ള ലിംഗസമത്വം കാത്തുസൂക്ഷിക്കാനുമുള്ള അവസരമാണ് സുപ്രിംകോടതിയുടെ കാലികമായ ഇടപെടല്‍ നല്‍കുന്നത്. ഈ വിധിക്കെതിരായുള്ള മുറവിളികളെ ചെറുത്തുതോല്‍പിക്കാന്‍ എല്ലാ സ്ത്രീകളും ഉയര്‍ത്തേണ്ട മുദ്രാവാക്യം ആര്‍ത്തവം അശുദ്ധമല്ല, അടുത്ത തലമുറയെ സൃഷ്ടിക്കാനുള്ള വരമാണ്; ആര്‍ത്തവം പെണ്ണിന്റെ അഭിമാനമാണ് എന്നതാണ്.