Web Desk

വയനാട്

January 24, 2021, 6:20 pm

യുവതിയെ കാട്ടാന ചവിട്ടി കൊന്ന സംഭവം; റിസോര്‍ട്ട് അടച്ചുപൂട്ടാൻ നിര്‍ദേശം

Janayugom Online

വയനാട് മേപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് അടച്ചു പൂട്ടാൻ കളക്ടറുടെ നിര്‍ദേശം. യുവതിയും സംഘവും താമസിച്ചിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം  വയനാട് കലക്ടര്‍ അദീല അബ്ദുല്ലയാണ് നടപടിക്ക് ഉത്തരവിട്ടത്.

അതേസമയം, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹാനയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരുക്ക്.  ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്ന് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് ശനിയാഴ്ച്ച രാത്രി കൊല്ലപ്പെട്ടത്. മേപ്പാടി എലിമ്പിലേരിയില്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ട് കോമ്പൗണ്ടില്‍ ടെന്റടിച്ച്  താമസിക്കുകയായിരുന്നു ചേലേരിയില്‍നിന്നെത്തിയ സംഘം. ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ ഷഹാനയെ കാട്ടാന ചവിട്ടുകയായിരുന്നു. ഉടന്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ENGLISH SUMMARY: MEPPADI RESORT WILL BE CLOSED SOON